തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ഭക്തര്‍ക്ക് മുറി ബുക്ക് ചെയ്യാനുള്ള സൗകര്യം പൂര്‍ണമായും ഓണ്‍ലൈനാക്കി. തുലാമാസ പൂജ മുതല്‍ ദിവസവും 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തു ഉപയോഗിക്കാം. ഓണ്‍ലൈന്‍ റൂം ബുക്കിങ് ഇന്ന് രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ചു.
നിലവില്‍ 190 മുറികളായിരുന്നു ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത്. ബാക്കി മുറികള്‍ സന്നിധാനത്തെ അക്കോമഡേഷന്‍ ഓഫീസ് വഴിയാണ് ഭക്തര്‍ക്ക് അനുവദിച്ചിരുന്നത്. എല്ലാ മേഖലകളിലും ഓണ്‍ലൈന്‍ സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തെ തുടര്‍ന്നാണ് ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്ന മുറികളുടെ എണ്ണം 400 ആക്കി ഉയര്‍ത്തിയത്.
നിലവില്‍ പ്രോട്ടോക്കോള്‍ ഗസ്റ്റ് ഹൗസ് ആയി ഉപയോഗിക്കുന്ന ശബരി ഗസ്റ്റ് ഹൗസിലും ഇനിമുതല്‍ ഓണ്‍ലൈനായി പത്ത് മുറികള്‍ ബുക്ക് ചെയ്യാം.
www.onlinetdb.com എന്ന വെബ്‌സൈറ്റ് വഴിയാണ് മുറികള്‍ ബുക്ക് ചെയ്യേണ്ടത്. ബുക്കിങ്ങിനിടയില്‍ വെബ്‌സൈറ്റിലെ തിരക്ക് മൂലം ബുക്കിങ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയും പണം അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ആവുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ രേഖകള്‍ സഹിതം [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ പരാതി അറിയിക്കാവുന്നതാണ്.
















