ഇൻഡോർ : മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റപ്പുലി കുഞ്ഞുങ്ങൾ ജനിച്ചതോടെ ഇന്ത്യയിലെ ചീറ്റപ്പുലികളുടെ എണ്ണം വീണ്ടും വർദ്ധിച്ചു. ഇതോടെ രാജ്യത്തെ മൊത്തം ചീറ്റപ്പുലികളുടെ എണ്ണം 60 ആയി ഉയർന്നു, ഇതിൽ ഇന്ത്യൻ മണ്ണിൽ ജനിച്ച 41 ചീറ്റകളും ഉൾപ്പെടുന്നു.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ആണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്. മൃഗഡോക്ടർമാർ, വനം ഉദ്യോഗസ്ഥർ, ഫീൽഡ് സ്റ്റാഫ്, പ്രോജക്ട് ചീറ്റയുമായി ബന്ധപ്പെട്ട മാനേജ്മെന്റ് ടീം എന്നിവരുടെ സംരക്ഷണ പരിപാടിയെ അഭിനന്ദിച്ചു.
ഇന്ത്യയിൽ ജനിച്ച കെജെപി21 എന്ന പെൺ ചീറ്റയ്‌ക്കാണ് അഞ്ച് കുഞ്ഞുങ്ങളും ജനിച്ചത്. സർക്കാർ പ്രസ്താവന പ്രകാരം ബോട്സ്വാനയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഒരു ചീറ്റയാണ് ഇവയുടെ ഇണ എന്നാണ്. ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ചീറ്റകളുടെ എണ്ണത്തിൽ ഒരു പ്രധാന നാഴികക്കല്ലായിട്ടാണ് ഈ ജനനത്തെ വിശേഷിപ്പിക്കുന്നത്. രാജ്യത്തെ വർദ്ധിച്ചുവരുന്ന ചീറ്റകളുടെ എണ്ണത്തിന് ഇത് ഒരു പുതിയ ജനിതക വംശം ചേർക്കുന്നുവെന്നും ഇന്ത്യൻ മണ്ണിൽ ജനിക്കുന്ന ചീറ്റകളുടെ മറ്റൊരു തലമുറയെ ഇത് അടയാളപ്പെടുത്തുന്നുവെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
കുനോ നാഷണൽ പാർക്കിൽ ശാസ്ത്രീയ മാനേജ്മെന്റ്, നിരീക്ഷണം, സംരക്ഷണം എന്നിവയിലൂടെ രാജ്യത്ത് ചീറ്റകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള പ്രോജക്ട് ചീറ്റയുടെ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഈ കുഞ്ഞുങ്ങൾ പിറന്നത്.















