തിരുവനന്തപുരം: എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയ തില്‍ പ്രതിഷേധിച്ച് പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം. ഗതാഗത തടസമുണ്ടായി.പ്രതിഷേധ പ്രകടനത്തിനിടെ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകന്റെ കൈ വിരല്‍ ബാരിക്കേഡില്‍ കുടുങ്ങി അറ്റു.
പത്താം തീയതി വരെ സര്‍ക്കാരിന് സമയം നല്‍കുമെന്നും അതിനുള്ളില്‍ കന്റോണ്‍മെന്റ് സിഐ സതീഷ് കുമാറിനെ സ്റ്റേഷനില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ അനിശ്ചിത കാലസമരവുമായി എസ്എഫ്‌ഐ കന്റോണ്‍മെന്റ് സ്റ്റേഷന് മുന്നിലെത്തുമെന്നാണ് മുന്നറിയിപ്പ്.പാളയത്തെ യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതാണ് പ്രകോപന കാരണം.
കന്റോണ്‍മെന്റ് സി ഐ സതീഷ്‌കുമാറിന്റെ കാട്ടാക്കടയിലെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ പ്രകടനം നടത്തിയതിന് പിന്നാലെ എസ്എഫ്‌ഐയും മാര്‍ച്ച് നടത്തി. എസ്എച്ച്ഒക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു.കഴിഞ്ഞ ദിവസം എസ് ഐ ജി ഗോകുലിന്റെ വീട്ടിലേക്കും മാര്‍ച്ച് നടത്തി.
എസ്എച്ച്ഒ സതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടില്‍ പരിശോധന.ആ സമയത്ത് നന്ദന്‍ വീട്ടിലുണ്ടായിരുന്നില്ല. സിപിഎം പ്രവര്‍ത്തകര്‍ പരിശോധന തടസപ്പെടുത്തി.
പിന്നാലെ തീയില്‍ കുരുത്തതാണെന്നും പേടിച്ച് പോയെന്ന് പറഞ്ഞേക്കെന്നും കാണിച്ച് എസ്എച്ച്ഒ സതീഷ് കുമാര്‍ ഫേസ് ബുക്ക് പോസ്റ്റിട്ടു. മറുപടിയുണ്ടാകുമെന്ന് എസ്എഫ്‌ഐയും പോസ്റ്റിട്ടതിന് പിന്നാലെ സതീഷ് കുമാര്‍ പോസ്റ്റ് പിന്‍വലിച്ചു. വീട്ടിലേക്ക് പ്രകടനം നടത്തിയാല്‍ ഓഫീസില്‍ കയറി പിടിക്കുമെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ ഫോണില്‍ വിളിച്ച് എസ് ഐ ഗോകുല്‍ പറഞ്ഞിരുന്നു.ഇതിലും ഹോസ്റ്റലിലെ ലാത്തിച്ചാര്‍ജ്ജിലും ഗോകുലിനെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി.
















