തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക് സമ്മാനിക്കും. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന പുരസ്‌കാരം ആത്രേയകം എന്ന നോവലിനാണ്. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം ആന്‍ഡ് ഗവേഷണ കേന്ദ്രത്തില്‍ അധ്യാപികയാണ് രാജശ്രീ. നേരത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഒ.വി. ഉഷ, സുഭാഷ് ചന്ദ്രന്‍, വി.വി. വിജയകുമാര്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. വയലാര്‍ രാമവര്‍മയുടെ ചരമവാര്‍ഷിക ദിനമായ ഒക്ടോബര്‍ 27ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പുരസ്‌കാരം സമ്മാനിക്കും.
വലിയൊരു കവിയുടെ പേരിലുള്ള ഈ പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും വളരെ വിലപിടിച്ചൊരു അംഗീകാരമാണിതെന്നും രാജശ്രീ പ്രതികരിച്ചു. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് താന്‍ എഴുത്തിലേക്ക് തിരിച്ചു വന്നത്. തന്നേപ്പോലെയുള്ള ആളുകള്‍ക്ക് ഒരു ‘രണ്ടാമൂഴം’ ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ പുരസ്‌കാരമെന്നും അവര്‍ പറഞ്ഞു.











