മാസപ്പടി കേസില്‍ പിണറായി വിജയനെയും കുടുംബത്തെയും രക്ഷിക്കാനുള്ള സിപിഎം- കോണ്‍ഗ്രസ് ഒത്തുകളി, മാസപ്പടി കേസിലെ ഹൈക്കോടതി ഇടപെടലില്‍ പൊളിയുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
പിണറായിക്കും മകള്‍ വീണക്കും മരുമകന്‍ മുഹമ്മദ് റിയാസിനും എതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നല്‍കിയിട്ടും അങ്ങനെ ചെയ്യാതിരിക്കുന്നതിനെതിരെ പൊതുപ്രവര്‍ത്തകന്‍ കെ.എം. ഷാജഹാന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് ഇതിനിടയാക്കിയത്. ഇ ഡി കത്ത് നല്‍കിയിട്ടും പ്രാഥമിക അന്വേഷണം നടത്തി മാത്രമേ കേസെടുക്കാനാവൂ എന്ന സര്‍ക്കാരിന്റെയും പോലീസിന്റെയും തീരുമാനമാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നത്. തങ്ങള്‍ നല്‍കിയ കത്തിനൊപ്പം പിണറായിക്കും മറ്റുമെതിരെ മതിയായ തെളിവുണ്ടെന്നും, ഇനി പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ലെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി. കണ്ടെത്തിയ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ഇ ഡി പറയുന്നു. ഇത് കോടതി പരിശോധിക്കുന്നതോടെ മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും മുഖംമൂടി അഴിഞ്ഞു വീഴും.
അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കേസെടുക്കാവുന്ന തരത്തിലുള്ള വിവരങ്ങള്‍ ഇ ഡി കൈമാറിയിട്ടും സര്‍ക്കാര്‍ പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തുന്നതെന്നും, എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാതെയുള്ള ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും നല്‍കിയ പരാതികളില്‍ സമയബന്ധിതമായി നടപടി ഉണ്ടായില്ല. രാഷ്‌ട്രീയ ധാരണയുടെ ഭാഗമായാണ് അന്വേഷണം വഴിതിരിച്ചുവിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഉത്തരവ് റദ്ദാക്കി അന്വേഷണം വിജിലന്‍സിന് കൈമാറണമെന്നും, ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍.
പ്രാഥമിക പരിശോധന നടക്കുന്നുണ്ടെന്നും, ആദ്യം തന്നെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. അഴിമതിക്കാരുടെ പക്ഷത്തുനിന്നു കൊണ്ടാണ് ഇങ്ങനെ ഒരു വാദം സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്ന് വ്യക്തം.
അഴിമതി കേസില്‍ ജയിലില്‍ പോകാതിരിക്കാന്‍ സിപിഎം പിണറായിക്ക് പ്രതിരോധം തീര്‍ക്കുന്നതു പോലെയാണ് സര്‍ക്കാരും പെരുമാറുന്നത്. ഈ കേസില്‍ പിണറായി സര്‍ക്കാര്‍ എന്താണോ ചെയ്തത് അതിന്റെ തുടര്‍ച്ചയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. എന്തൊക്കെ സംഭവിച്ചാലും അഴിമതിക്കാരനായ പിണറായിയേയും കൂട്ടുപ്രതികളായ കുടുംബാംഗങ്ങളെയും രക്ഷിക്കാനാണ് സിപിഎമ്മും കോണ്‍ഗ്രസും ഒറ്റക്കെട്ടായി ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവുമായി സിപിഎം ധാരണ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനാല്‍ സതീശന്റെയും ചെന്നിത്തലയുടെയും പണി എളുപ്പമായിരിക്കുകയും ചെയ്യുന്നു. കോടതിയുടെ ഇടപെടലുകള്‍ ഇവര്‍ക്ക് തടസ്സമായിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ ഇനി എന്താണ് ചെയ്യേണ്ടതെന്നാവും പോലീസിന്റെ സഹായത്തോടെ സിപിഎമ്മും യുഡിഎഫ് സര്‍ക്കാരും ആലോചിക്കുക.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ആവശ്യമായ എല്ലാ വിവരവും കൈമാറിയിട്ടുണ്ടെന്ന് ഇ ഡി കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇ ഡിയുടെ റിപ്പോര്‍ട്ട് പ്രാഥമികാന്വേഷണത്തിന് പകരമായി കണക്കാക്കാമെന്നും, റിപ്പോര്‍ട്ടില്‍ വസ്തുതയുണ്ടെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവുള്ളതും ഇ ഡി ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതിനെതിരെ ഇ ഡി അന്വേഷണ ഏജന്‍സിയല്ലെന്നും മറ്റുമുള്ള സര്‍ക്കാരിന്റെ വാദം പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്. അതേസമയം, ഇ ഡി ഹര്‍ജി ഫയല്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചത് നിര്‍ണായകമാണ്. ഇ ഡിയുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ ഉണ്ടായാല്‍ മാത്രമേ ഈ കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയുള്ളൂ എന്നുറപ്പാണ്.














