കുന്നത്തൂര്‍: കുഞ്ഞ് കൈകളില്‍ മയില്‍പ്പീലികള്‍… മനസില്‍ നിറയെ സ്‌നേഹവും അതിലേറെ ആദരവും…. ബാലഗോകുലത്തിന്റെ സ്ഥാപകനും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ എംഎ സാറിന്റെ ഭൗതികദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ കുരുന്നുകളുടെ കാഴ്ച ഹൃദയസ്പര്‍ശിയായി.
ശ്രീകൃഷ്ണനെയും ഭാരതീയ സംസ്‌കാരത്തെയും കുട്ടികളിലേക്ക് പരിചയപ്പെടുത്താനായി ബാലഗോകുലം എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കിയ എം.എ. സാറിനെ അവസാനമായി ഒരുനോക്ക് കാണാനാണ് ബാലഗോകുലങ്ങളില്‍ നിന്നും പുത്തൂര്‍ ശ്രീഹരി വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്നും ഉള്‍പ്പെടെ നിരവധി കുരുന്നുകള്‍ മയില്‍പ്പീലികളുമായി എത്തിയത്. ഉണ്ണിക്കണ്ണന്റെ മയില്‍പ്പീലി കുട്ടികള്‍ തങ്ങളുടെ പ്രിയപ്പെട്ട ‘എം.എ. സാറിന്’ സമ്മാനിച്ചപ്പോള്‍ കണ്ടുനിന്നവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുമായി എന്നും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എം.എ. കൃഷ്ണന് യാത്രാമൊഴിയേകാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി കുട്ടികളും രക്ഷിതാക്കളും പ്രവര്‍ത്തകരും എത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭൗതികദേഹം ജന്മനാടായ ഐവര്‍കാലയിലെ വീട്ടില്‍ എത്തിച്ചപ്പോഴാണ് ഈ ഹൃദയസ്പര്‍ശിയായ കാഴ്ച. കുട്ടികളുടെ കൈകളിലെ മയില്‍പീലികള്‍ക്ക് അന്ന് മറ്റൊരു അര്‍ത്ഥം കൂടിയുണ്ടായിരുന്നു. ബാലഗോകുലത്തിലൂടെ അവര്‍ പരിചയപ്പെട്ട കൃഷ്ണസ്മരണകളുടെയും, എം.എ. സാര്‍ അവരില്‍ പകര്‍ന്നുനല്‍കിയ മൂല്യങ്ങളുടെയും ഓര്‍മകളായിരുന്നു ഓരോ മയില്‍പ്പീലികള്‍ക്കും പറയാനുണ്ടായിരുന്നത്. കുട്ടികളെ ഏറെ സ്‌നേഹിച്ച, കുട്ടികള്‍ക്കായി ഏറ്റവും വലിയ സാംസ്‌ക്കാരിക പ്രസ്ഥാനം പടുത്തുയര്‍ത്തിയ എം.എ സാറിന് ലഭിച്ച എതൊരു ആദരവിനേക്കാളും വലുതായിരിക്കും കുരുന്നുകള്‍ അര്‍പ്പിച്ച ഈ മയില്‍പ്പീലി തണ്ടുകള്‍.
















