
ന്യൂദല്‍ഹി : പ്രഹാര്‍ -ദേശീയ ഭീകരവിരുദ്ധ നയവും തന്ത്രവും’ (PRAHAAR – National CT Policy and Strategy) എന്ന വിഷയത്തിലുള്ള സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. പ്രതിരോധം, പ്രതികരണം, ആഭ്യന്തര ശേഷി ഏകീകരണം, മനുഷ്യാവകാശം, ഭീകരവാദത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ ലഘൂകരിക്കല്‍, അന്താരാഷ്‌ട്ര ശ്രമങ്ങള്‍ ഏകോപിപ്പിക്കല്‍, സമൂഹത്തെയാകെ അണിനിരത്തിയുള്ള വീണ്ടെടുക്കലും അതിജീവനവും എന്നിങ്ങനെ ‘പ്രഹാറി’ന്റെ ഏഴ് പ്രധാന ഘടകങ്ങളെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്തു.ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് അമിത് ഷാ പറഞ്ഞു.
ചടങ്ങില്‍ സംസാരിക്കവെ, എല്ലാത്തരം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. 2019 മുതല്‍ 2026 വരെയുള്ള കാലയളവില്‍, 36 രാജ്യങ്ങളില്‍ നിന്നായി 288 ഒളിവിലുള്ള കുറ്റവാളികളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് സാധിച്ചുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വിവിധ ഏജന്‍സികള്‍ തമ്മിലുള്ള മികച്ച ഏകോപനത്തിന്റെ ഫലമായി, ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍, മയക്കുമരുന്ന് എന്നിവയുടെ അതിര്‍ത്തി കടന്നുള്ള കടത്തില്‍ ഏര്‍പ്പെട്ടിരുന്ന ഷഹ്‌സാദ് ഭട്ടി ശൃംഖലയുടെ 40-ലധികം മൊഡ്യൂളുകള്‍ തകര്‍ക്കാനും, 100-ലധികം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യാനും, 15 സംസ്ഥാനങ്ങളിലായി 350 പേരെ അറസ്റ്റ് ചെയ്യാനും സാധിച്ചുവെന്ന് അമിത് ഷാ വ്യക്തമാക്കി.
ഇതോടൊപ്പം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ (UAPA) പ്രകാരം ഷഹ്‌സാദ് ഭട്ടി ശൃംഖലയെ ഭീകര സംഘടനയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതായും അദ്ദേഹം അറിയിച്ചു.ഭീകരാക്രമണ സംഭവങ്ങളുടെ നിരന്തരമായ വിശകലനത്തിലൂടെ ‘പ്രഹാര്‍’ (PRAHAAR) തന്ത്രം ശക്തിപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെയും, അടുത്ത 10 വര്‍ഷത്തേക്ക് ശക്തവും സുദൃഢവുമായ ഒരു ‘പ്രഹാര്‍’ സംവിധാനം കെട്ടിപ്പടുക്കേണ്ടതിന്റെയും ആവശ്യകത ആഭ്യന്തരമന്ത്രി ഊന്നി പറഞ്ഞു.
വിദേശത്തുള്ള ഒളിവിലുള്ള കുറ്റവാളികളെ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാനും വേഗത്തിലാക്കാനും സഹായിക്കുന്ന പുതിയൊരു ‘എക്‌സ്ട്രാഡിഷന്‍ പോര്‍ട്ടലും’ (കുറ്റവാളികളെ കൈമാറുന്നതിനുള്ള പോര്‍ട്ടല്‍) അമിത് ഷാ ഉദ്ഘാടനം ചെയ്തു.
വിദേശത്തുള്ള പിടികിട്ടാപ്പുള്ളികളെ തിരികെ എത്തിക്കുന്നതിനായി കേന്ദ്ര ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രത്യേക സംഘങ്ങളെ രൂപീകരിക്കണമെന്ന് അദ്ദേഹം സംസ്ഥാന പൊലീസ് സേനകളോട് ആവശ്യപ്പെട്ടു.