
തിരുവനന്തപുരം: രാഷ്‌ട്രീയ എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതില്‍ തനിക്ക് പൊതുവെ താല്‍പര്യമില്ലെന്നും, എന്നാല്‍ നുണകള്‍ മാത്രം പറയുന്ന രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ അതല്ല നിലപാടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.2014-ല്‍ ജനരോഷത്തെ തുടര്‍ന്ന് അധികാരത്തില്‍ നിന്ന് പുറത്തായതിന് ശേഷം രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളിലും അധിക്ഷേപങ്ങളിലും വിഭജനത്തിലും അധിഷ്ഠിതമാണ്.
രാജ്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങള്‍, സര്‍ക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ എന്നിവയാണ് രാഹുലിന്റെ രാഷ്‌ട്രീയ രീതിയെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയത്തിന്റെ അടിസ്ഥാനം തന്നെ വഞ്ചനയും വ്യാജപ്രചാരണവുമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. അതുകൊണ്ടാണ് രാഹുലിനെ ‘ഫ്രോഡ്’ എന്ന് വിശേഷിപ്പിക്കാന്‍ തനിക്ക് മടിയില്ലാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഭരണഘടനാപരമായ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെയും ‘ദേശദ്രോഹികള്‍’ എന്ന് വിളിച്ച രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അതിരുകടന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ നല്‍കിയ വിശദീകരണം പരിശോധിച്ചാല്‍ എസ്ഐആറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉയര്‍ത്തുന്ന പല ആരോപണങ്ങളുടെയും യാഥാര്‍ഥ്യം ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
എല്ലാ കാര്യങ്ങളും ഐക്യകണ്‌ഠേനയാണ് തീരുമാനിച്ചത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ മൂന്നുപേരും സംയുക്തമായി പുറത്തിറങ്ങിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാദം മുന്നോട്ടു കൊണ്ടുപോകുന്ന രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ലക്ഷ്യം രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുക എന്നതാണ്.
എസ്ഐആറിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധത്തിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കണം. വ്യാജവും ഡമ്മിയും നിയമവിരുദ്ധവുമായ വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നടപടിയാണ്. അതിനെ എതിര്‍ക്കുന്നതിലൂടെ ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്ഐആര്‍ സംബന്ധിച്ച വി.ഡി. സതീശന്റെ നിലപാട് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ നിലപാടുകളുമായി പോലും പൊരുത്തപ്പെടുന്നില്ല. രാഷ്‌ട്രീയ താല്‍പര്യത്തിനായി തെരഞ്ഞെടുപ്പ് സംവിധാനത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
രാഷ്‌ട്രീയത്തില്‍ ബഹുമാനം ആവശ്യപ്പെട്ട് വാങ്ങേണ്ടതല്ല. രാജ്യത്തിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചും ജനങ്ങളെ സേവിച്ചും നേടിയെടുക്കേണ്ടതാണ്. രാജവംശ രാഷ്‌ട്രീയത്തിന്റെ പരിരക്ഷയില്‍ വളര്‍ന്ന രാഷ്‌ട്രീയ ജീവിതത്തിന് പകരം ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സാധാരണയായി വി ഡി സതീശന്റെ വിമര്‍ശനങ്ങള്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായതിനാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയേണ്ട ഉത്തരവാദിത്തമുണ്ട്.
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ദേശദ്രോഹി’ എന്ന് വിളിച്ചതിന് മാപ്പ് പറയണം. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ നുണപ്രചാരണങ്ങള്‍ക്കും മാപ്പ് പറയണം. അങ്ങനെ ചെയ്താല്‍ രാഹുല്‍ ഗാന്ധിയെ ‘ഫ്രോഡ്’ എന്ന് വിളിക്കുന്നത് ബിജെപി നിര്‍ത്തും.
പക്ഷേ നുണകളും പാലിക്കാത്ത വാഗ്ദാനങ്ങളും അഴിമതിയും പ്രീണന രാഷ്‌ട്രീയവും തന്നെയാണ് രാഷ്‌ട്രീയ തന്ത്രമായി തുടരുന്നതെങ്കില്‍, അതിന് ശക്തമായ മറുപടി തുടരുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു