
കൊച്ചി: മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയിരുന്നെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. 2017 ജൂണ്‍ 26 ന് ന്യൂനപക്ഷ മോര്‍ച്ചയുടെ പരിപാടിയില്‍ ജിജി തോംസണ്‍ പങ്കെടുത്ത ഫോട്ടോകളും പുറത്തുവിട്ടു.
പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാറിനെയും ജിജി തോംസണ്‍ വാനോളം പുകഴ്‌ത്തി.പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ ജിജി തോംസണെ കൊച്ചിന്‍ ഷിപ്പായാര്‍ഡിന്റെ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറാക്കിയതും ജിജി ജോസഫ് ചൂണ്ടിക്കാട്ടി.
സ്ഥാനമാനം കുറഞ്ഞ് പോയത് കൊണ്ടാണ് അദ്ദേഹം പാര്‍ട്ടിയില്‍ പിന്നീട് വരാതിരുന്നതെന്നും ജിജി ജോസഫ് ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി. ഇതിലും വലിയ സ്ഥാനമായിരുന്നു അദ്ദേഹം പ്രതീക്ഷിച്ചിരുന്നത് എന്ന് സംശയമുണ്ടെന്ന് ബി ജെ പി നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു. ഗ്യാനേഷ് കുമാര്‍ ബിജെപിയില്‍ ചേരാന്‍ ക്ഷണിച്ചെന്ന ജിജി തോംസണിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജിജി ജോസഫ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ജിജി ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ്
ജിജി തോംസണ്‍ ‘വെളിപ്പെടുത്തി’ യല്ലോ. ഇനി ഞാനും വെളിപ്പെടുത്താം.രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ രഹസ്യമായി നടത്തുന്ന ചര്‍ച്ചകളുടെയും കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ പുറത്തു പറയരുതെന്നാണ് പറയാറ്. മുന്‍ ചീഫ് സെക്രട്ടറി കന്നംതിരിവ് കാണിച്ചതിനാല്‍, ഈ അവസരത്തില്‍ ഞാന്‍ അത് മാറ്റിവയ്‌ക്കുകയാണ്. ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാകാന്‍ ജിജി തോംസണെ ഗ്യാനേഷ് കുമാര്‍ ക്ഷണിച്ചു എന്നും ജയിച്ചാല്‍ മന്ത്രിയാക്കാം എന്ന് വാഗ്ദാനം ചെയ്തു എന്നാണല്ലോ അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.കൊച്ചിയില്‍ 2017 ജൂണ്‍ 26 ന് മാര്‍ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന ഒരു ചടങ്ങ് ന്യൂനപക്ഷ മോര്‍ച്ച സംഘടിപ്പിച്ചു. ഞാനായിരുന്നു അന്ന് ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റ്.കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അങ്ങേയറ്റം ബഹുമാനിക്കുന്ന മുതിര്‍ന്ന നേതാവ് എന്നെ വിളിച്ചു.
ജിജി തോംസനെ ഈ പരിപാടിക്ക് വിളിക്കണം.അദ്ദേഹം നമ്മോടൊപ്പം വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചു നില്‍ക്കുകയാണ് എന്നും എന്നോട് പറഞ്ഞു. അതനുസരിച്ച് ഞാന്‍ ക്ഷണിക്കുകയും ചെയ്തു.അദ്ദേഹം വരുകയും ശ്രീ നരേന്ദ്രമോദിയെക്കു റിച്ചും കേന്ദ്രസര്‍ക്കാരിന്റെയും നടപടികളെ കുറിച്ചും വാനോളം പുകഴ്‌ത്തുകയും ചെയ്ത ആളാണ് ഇദ്ദേഹം .ബിജെപി യോഗത്തില്‍ പങ്കെടുത്തതിന് പിന്നാലെ അദ്ദേഹത്തിന്
കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുള്ള കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ 2017 മുതല്‍ 2020 വരെ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറായി സ്ഥാനം ലഭിക്കുകയും ചെയ്തു
ഇതിലും വലിയ സ്ഥാനമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത് എന്ന് എനിക്ക് സംശയമുണ്ട്. ഏതായാലും കിട്ടാത്ത മുന്തിരി പുളിക്കും എന്ന് വീണ്ടും ഓര്‍മിപ്പിച്ച മുന്‍ ചീഫ് സെക്രട്ടറിക്ക് നല്ല നമസ്‌കാരം.