
പുനലൂര്‍: കേരളത്തിലെ ആദ്യ പ്രകൃതിദത്ത ടൂറിസം പദ്ധതിയാണ് തെന്മലയിലേത്. ജില്ലയിലെ വനമേഖലയും ശെന്തരുണി വന്യജീവി സങ്കേതവും നല്‍കുന്ന അത്യപൂര്‍വ്വമായ പ്രകൃതിദൃശ്യങ്ങളുമുള്ള ഇവിടം നല്ല രീതിയില്‍ നടന്നുപോകുന്നില്ല എന്നതാണ് വാസ്തവം.
1999ല്‍ ആരംഭിച്ച പദ്ധതി ആദ്യനാളുകളില്‍ കാണിച്ച ശുഷ്‌കാന്തിയില്ലായ്‌മ ഇതിന്റെ പല സോണുകളയും തകര്‍ച്ചയിലേയ്‌ക്ക് നയിച്ചു. ഒരാഴ്ച മുമ്പ് ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ്, എഎല്‍എ സി.അജയപ്രസാദ് ഇക്കോ ടൂറിസം ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് മുന്നില്‍ പ്രദേശവാസികള്‍ ഇക്കോ ടൂറിസം നടത്തിപ്പിലെ പോരായ്‌മകള്‍ അക്കമിട്ട് നിരത്തി. അതില്‍ പ്രധാനമായിരുന്നു തെന്മലയില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോ ടൂറിസത്തിന്റെ പ്രധാന ഓഫീസ് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നു എന്നത്. കൂടാതെ നവീകരണം നടന്ന സോണുകളിലെ പോരായ്‌മ, ബോട്ടുകളുടെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി നടപ്പാക്കുന്നില്ല തുടങ്ങി നിരവധി പോരായ്‌മകള്‍ അവിടെ ചൂണ്ടികാണിക്കപ്പെട്ടു. എന്നാല്‍ കാര്യക്ഷമമായി നോക്കിയാല്‍ കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന സ്ഥലമാണ് തെന്മലയിലേത്.
കല്ലടയാറിന്റെ ഉത്ഭവഭാഗത്തായി മനുഷ്യനെ പ്രകൃതിയുമായി സംവദിപ്പിക്കുന്ന ശില്പങ്ങള്‍ – ഇത് തെന്മല ഇക്കോടൂറിസം കേന്ദ്രത്തിന്റെ ഭാഗമായുള്ള ലക്ഷ്വര്‍ സോണില്‍ നിര്‍മ്മിച്ചിട്ടുള്ള ശില്‍പോദ്യാനത്തിലെ കാഴ്ചകളാണ്. ഇവിടെ വനനടുവില്‍ നൂറോളം വ്യത്യസ്ത രൂപങ്ങളിലുളള ശില്പങ്ങള്‍, കല്ലടയാറിന് കുറുകെ നിര്‍മ്മിച്ച തൂക്കുപാലം, കാനന നടുവിലായി നിര്‍മ്മിച്ച എലിവേറ്റഡ് വാക്ക്‌വെ, ടൂറിസം കേന്ദ്ര-ത്തിന് സമീപമുള്ള നൃത്ത ജലധാര, ബോട്ടിംഗ്, കുട്ടവഞ്ചി സവാരി, ഒറ്റക്കല്‍ മാന്‍ പാര്‍ക്ക്, ലുക്ക്ഔട്ട്, സമീപത്തായി കല്ലട ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് എന്നിവയും കാണാം. ഉടന്‍ ടൂറിസം കേന്ദ്രത്തിന്റെ നവീകരണം നടപ്പാക്കുമെന്ന വകുപ്പ് മന്ത്രിയുടെ വാഗ്ദാനത്തില്‍ പ്രതീക്ഷയോടെ ഇരിക്കുകയാണ് വിനോദ സഞ്ചാരികള്‍.