
ആലപ്പുഴ: മാസപ്പടി കേസില്‍ ആരോപണവിധേയനായ പിണറായി വിജയന്‍ ഇടതുമുന്നണിയെ ചാരി പ്രതിരോധത്തിന് ശ്രമിക്കുന്നു. തെറ്റുതിരുത്തല്‍ ലക്ഷ്യമിട്ട് സിപിഎം നടത്തിയ ആദ്യ വിശാല ജില്ലാ നേതൃയോഗത്തില്‍ തന്നെ പിബി അംഗം പിണറായി തനിക്കും കുടുംബത്തിനും എതിരായ അഴിമതി, ഹവാല കേസുകള്‍ ചര്‍ച്ചയാക്കി മാറ്റിയതില്‍ സിപിഎമ്മിലും ഭിന്നത. ആലപ്പുഴ ജില്ലാ വിശാല നേതൃയോഗത്തില്‍ ആദ്യന്തം പങ്കെടുക്കുന്ന പിണറായി വിജയന്‍ ഉദ്ഘാടന സമ്മേളനം തന്നെ ഇ ഡിക്കെതിരായ നീക്കമാക്കി മാറ്റി.
‘എല്‍ഡിഎഫിനെതിരായ നീക്കമാണിത്, സിപിഎമ്മിനെയും ലക്ഷ്യമിട്ടുള്ള നീക്കത്തിന് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമാണ്. യുഡിഎഫും ഈ നീക്കത്തിനൊപ്പം ചേരുന്നു. രാഷ്‌ട്രീയലക്ഷ്യത്തോടെയുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കും. എക്‌സാലോജിക് എന്നത് ഒരു കമ്പനി. സിഎംആര്‍എല്‍ എന്ന് പറയുന്നത് വേറൊരു കമ്പനി. ആ കമ്പനികള്‍ തമ്മില്‍ പരസ്പരം ഒരു കരാര്‍ ഉണ്ടാക്കുന്നു. ഒരു സ്ഥാപനം മറ്റൊരു സ്ഥാപനത്തിന് നിയമപ്രകാരം നല്‍കുന്ന സേവനം. അതിന് നിയമപ്രകാരം ലഭിച്ച പ്രതിഫലം. അതെല്ലാം കണക്കിലുണ്ട്. അതിനാവശ്യമായ എല്ലാ നികുതികളും അടച്ചിരിക്കുന്നു. അതിനെന്താണ് കുറ്റം? അപ്പോള്‍ ആ എക്‌സാലോജിക്കിന്റെ ഉടമ, അത് നടത്തുന്നയാള്‍, സ്വാഭാവികമായി മകനോ മകളോ ആയിരിക്കുമല്ലോ. അപ്പോള്‍ നിന്നെയല്ല, നിന്റെ അച്ഛനെ നോക്കുന്നു എന്ന മട്ടിലാണ് തുടക്കം തന്നെ. അച്ഛന്‍ എന്തെല്ലാം കണ്ടതാണടോ. ആദ്യമായിട്ട് കാണുന്നതാണോ ഇതൊക്കെ. ആദ്യമായിട്ടല്ലല്ലോ ഇതൊന്നും. രാഷ്‌ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാരായാലും സംസ്ഥാന സര്‍ക്കാരായാലും നടത്തുന്ന നീക്കങ്ങളെ ശക്തമായി തുറന്നുകാട്ടി പ്രതിരോധിക്കുക എന്നത് തന്നെയാണ് നമ്മുടെ കേരളം സ്വീകരിക്കാന്‍ പോകുന്നത്. സിപിഎമ്മും ആ വഴി തന്നെ നീങ്ങും.’ ഉദ്ഘാടന പ്രസംഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.
സിപിഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികള്‍ അഴിമതി അന്വേഷണത്തില്‍ പിണറായി വിജയനെ പ്രതിരോധിക്കാന്‍ രംഗത്തില്ലാത്ത സാഹചര്യത്തിലാണ്, ഇ ഡി അന്വേഷണം ഇതുമുന്നണിക്കെതിരായ രാഷ്‌ട്രീയനീക്കമെന്ന് പ്രഖ്യാപിച്ച് താനാണ് ഇടതുമുന്നണിയെന്ന് സ്ഥാപിക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സിപിഐ നേതൃത്വം പിണറായിക്ക് തുറന്ന പിന്തുണ കൊടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. തെറ്റുതിരുത്തല്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന വിശാല ജില്ലാ സമിതിയുടെ ആദ്യ യോഗം തന്നെ മാസപ്പടി കേസിലെ പ്രതിരോധത്തിനുളള വേദിയാക്കി പിണറായി മാറ്റി. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ നിന്ന് കരകയറാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന യോഗങ്ങള്‍, പിണറായി വിജയന്‍ തനിക്കും കുടുംബത്തിനും നേരെയുള്ള അന്വേഷണങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിനുള്ള വേദിയാക്കി മാറ്റിയതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്.
സിപിഎമ്മിനെ മാത്രമല്ല, ഇടതുമുന്നണിയെ ഒന്നാകെ കേസിലേക്ക് വലിച്ചിഴക്കുക എന്ന തന്ത്രമാണ് ഇതിന് പിന്നില്‍. വിശാല സംസ്ഥാന നേതൃയോഗത്തില്‍ കേന്ദ്രനേതൃത്വം പിടിമുറുക്കിയെങ്കില്‍, ജില്ലകളിലേക്ക് എത്തുമ്പോള്‍ വ്യക്തമായ ആധിപത്യമുള്ള പിണറായിപക്ഷം അജണ്ട നിശ്ചയിക്കുന്ന അവസ്ഥയാണുള്ളത്. തെറ്റുതിരുത്തല്‍ യോഗങ്ങള്‍ പിണറായി വിജയന് വാഴ്‌ത്തുപാടല്‍ യോഗങ്ങളായി മാറാനാണ് സാദ്ധ്യതയെന്ന് ആലപ്പുഴ നേതൃയോഗം സാക്ഷ്യപ്പെടുത്തുന്നു.