
കേരളത്തിന്റെ തീരദേശ കാര്‍ഷിക സംസ്‌കാരത്തിന്റെയും പരിസ്ഥിതി സൗഹൃദ കൃഷിരീതികളുടെയും മകുടോദാഹരണമായ പൊക്കാളി കൃഷി ഇന്ന് വീണ്ടും അനിശ്ചിതത്വത്തിന്റെ കയങ്ങളിലേക്ക് കൂപ്പുകുത്തുകയാണ്. പരമ്പരാഗത കൃഷിരീതികളെ സംരക്ഷിക്കാനും കര്‍ഷകര്‍ക്ക് താങ്ങാവാനും 1996 ഡിസംബറില്‍ രൂപീകരിച്ച ‘പൊക്കാളി നില വികസന ഏജന്‍സി’ അതിന്റെ ലക്ഷ്യങ്ങളില്‍ നിന്ന് എത്രത്തോളം അകലെയാണെന്ന കര്‍ഷകരുടെ ആക്ഷേപം തികച്ചും ന്യായമാണ്. വടക്കന്‍ പറവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ കേവലം യോഗങ്ങള്‍ ചേരുന്നതിലും ഔദ്യോഗിക ഉത്തരവുകള്‍ ഇറക്കുന്നതിലും മാത്രമായി ഒതുങ്ങുന്നുവെന്നതാണ് യാഥാര്‍ഥ്യം.
വടക്കന്‍ പറവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുടെ പരിധി എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതാണ്. വേമ്പനാട്ടു കായലിനും അറബിക്കടലിനും ഇടയിലുള്ള താഴ്ന്ന പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണ് പൊക്കാളി മേഖല. കേന്ദ്ര സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 33 പഞ്ചായത്തുകളും രണ്ട് നഗരസഭകളും ഒരു കോര്‍പറേഷന്‍ പ്രദേശവും ഉള്‍പ്പെടുന്ന വിശാലമായ കാര്‍ഷിക മേഖലയാണിത്. എന്നാല്‍, ഏജന്‍സി രൂപീകരിക്കുന്ന സമയത്ത് ഏകദേശം 24,400 ഹെക്ടറോളമുണ്ടായിരുന്ന പൊക്കാളി പാടങ്ങള്‍ ഇന്ന് വെറും 8,000 ഹെക്ടറിലേക്ക് ചുരുങ്ങിയിരിക്കുന്നുവെന്ന് പൊക്കാളി നില വികസന ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കിയിരുന്നു.
അടിസ്ഥാന സൗകര്യ വികസനം, സമയബന്ധിതമായ വിത്ത് വിതരണം, യന്ത്രവത്കരണം, കര്‍ഷകര്‍ക്ക് ആവശ്യമായ സാമ്പത്തിക-സാങ്കേതിക സഹായങ്ങള്‍ എന്നിവയൊക്കെ ഉറപ്പാക്കേണ്ട ബാധ്യത ഈ ഏജന്‍സിക്കുണ്ട്. 2025-ല്‍ പൊക്കാളി കൃഷിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 10 കോടി രൂപ അനുവദിക്കുമെന്ന് അന്നത്തെ കൃഷിമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും, അതിന്റെ കൃത്യമായ പ്രയോജനം കൃഷിയിടങ്ങളിലേക്ക് എത്തിയിട്ടുണ്ടോ എന്നതൊരു ചോദ്യമാണ്.
ചെല്ലാനം മരുവരക്കാട് പാടശേഖരത്തിലെ ഉപ്പുവെള്ളം വറ്റിക്കുന്നതിന് ഫണ്ട് അനുവദിച്ചതും, 2026-ല്‍ കാര്‍ഷിക കലണ്ടര്‍ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതും പോലെയുള്ള ചില ഒറ്റപ്പെട്ട ഇടപെടലുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, ഏജന്‍സിയുടെ രൂപീകരണ ലക്ഷ്യവും പ്രായോഗിക തലത്തിലെ പ്രവര്‍ത്തനവും തമ്മില്‍ വലിയ വിടവുണ്ട്.
നെല്‍കൃഷിയും മത്സ്യകൃഷിയും (മീന്‍/ചെമ്മീന്‍) മാറിമാറി ചെയ്യുന്ന ‘വണ്‍ റൈസ്, വണ്‍ ഫിഷ്’ രീതിയാണ് പൊക്കാളിയുടെ സവിശേഷത. എന്നാല്‍, നെല്‍കൃഷിയും മത്സ്യകൃഷിയും തമ്മിലുള്ള സമയക്രമം പാലിക്കപ്പെടാതിരിക്കല്‍, ബണ്ടുകളുടെ തകര്‍ച്ച, കൃഷിയിടങ്ങളില്‍ വെള്ളം വറ്റിക്കുന്നതിലുണ്ടാകുന്ന തടസ്സങ്ങള്‍, കൃഷിയിടം ഒരുക്കുന്നതിലെ ഭീമമായ ചെലവ് എന്നിവ കര്‍ഷകരെ ഈ മേഖലയില്‍ നിന്ന് അകറ്റുകയാണ്. തളര്‍ന്നുനില്‍ക്കുന്ന കര്‍ഷക സമൂഹത്തിന് യഥാസമയം സഹായമെത്തിക്കാനും കൃഷി ലാഭകരമാക്കാനും പദ്ധതിയൊന്നുമില്ലെങ്കില്‍ പൊക്കാളി നില വികസന ഏജന്‍സികൊണ്ട് കര്‍ഷകര്‍ക്ക് എന്ത് പ്രയോജനം എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം.
ഒരു കാലത്ത് വന്‍തോതില്‍ അരി ഉത്പാദിപ്പിക്കുകയും തീരദേശത്തെ ആവാസവ്യവസ്ഥയെ സംരക്ഷിച്ചു നിര്‍ത്തുകയും ചെയ്ത പൊക്കാളി കൃഷി വംശനാശഭീഷണിയിലാണ്.
സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന കോടികളുടെ ഫണ്ടുകള്‍ എവിടെപ്പോകുന്നു എന്നതിനെക്കുറിച്ച് കൃത്യമായ ഓഡിറ്റിംഗും പരിശോധനയും ആവശ്യമാണ്. പദ്ധതികള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങാതെ, ഫണ്ടുകള്‍ യഥാര്‍ഥ കര്‍ഷകരിലേക്കും പാടശേഖരങ്ങളുടെ ബണ്ട് സംരക്ഷണത്തിലേക്കും എത്തുമ്പോള്‍ മാത്രമേ പൊക്കാളിയുടെ പൈതൃകം നിലനില്‍ക്കൂ.