തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്‍ മലപ്പുറത്തേക്ക് പോയ ചാര്‍ട്ടേര്‍ഡ് വിമാനത്തിന് പണം നല്‍കിയ അജ്ഞാതനെക്കുറിച്ച് ദുരൂഹത തുടരുന്നു. ഇതുസംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറി. അജ്ഞാതനെക്കുറിച്ച് ചോദിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഞാന്‍ നിങ്ങളെ കാണുന്നില്ലെന്നും മാറിനില്‍ക്കണമെന്നും രോഷത്തോടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹെലികോപ്ടര്‍ നല്‍കുന്നതിന് കരാറില്‍ ഏര്‍പ്പെട്ടിരുന്ന ചിപ്‌സണ്‍ ഏവിയേഷനാണ് വിമാനം ഏര്‍പ്പാട് ചെയ്തത്. ഇതോടെ അജ്ഞാതന്‍ ചിപ്‌സനാണെന്ന വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ തങ്ങള്‍ വിമാനം മാത്രമാണ് ഏര്‍പ്പാട് ചെയ്തതെന്നും പണം നല്‍കാനുള്ള അജ്ഞാതനെക്കുറിച്ച് അറിയില്ലെന്നുമാണ് ചിപ്‌സണ്‍ വ്യക്തമാക്കുന്നത്. വിമാനം പറത്തിയതിന് 19.88 ലക്ഷം രൂപയുടെ ഇന്‍വോയ്‌സ് ചിപ്‌സണ്‍ ഏവിയേഷന് കേളചന്ദ്ര ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. ഇനി കേളചന്ദ്രക്ക് നല്‍കാന്‍ ചിപ്‌സണ്‍ ഏവിയേഷന് ആര് പണം നല്‍കിയെന്നത് കണ്ടെത്തിയാലെ അജ്ഞാതനെക്കുറിച്ച് പൂര്‍ണമായ വിവരം ലഭിക്കൂ.
മലയാളിയായ പരിചയക്കാരനാണ് തനിക്ക് വിമാനം ഏര്‍പ്പെടുത്തിയത് എന്നായിരുന്നു നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. അതിനാല്‍ മുഖ്യമന്ത്രി തന്നെ അജ്ഞാതനെക്കുറിച്ച് പറയട്ടെയെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇത് സംബന്ധിച്ച് എന്തിന് വിവാദം ഉണ്ടാക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുമ്പോള്‍ പേരു പറഞ്ഞാല്‍ തീരുന്നതല്ലേ പ്രശ്‌നമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും ചോദിക്കുന്നു. തന്റെ നാട്ടിലുള്ളയാളുടെ വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷന്‍ പറഞ്ഞു. എന്നാല്‍ അതിനുള്ള തുക ആര് നല്‍കിയെന്ന് സ്പീക്കറും പറയുന്നില്ല. മുഖ്യമന്ത്രിയുടെ അജ്ഞാത സുഹൃത്ത് ആരാണെന്നത് വലിയ ദുരൂഹതയാണ് ഉയര്‍ത്തുന്നത്.














