
ആലുവ : ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. കിഴക്കമ്പലം പഴങ്ങനാട് വാടകവീട്ടിൽ താമസിക്കുന്ന വട്ടേക്കുന്നം, മുട്ടാർ കൊല്ലംപറമ്പിൽ മുഹമ്മദ് ആസാദ്, (45) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
മെയ് മാസം 19 ന് 25 കിലോ കഞ്ചാവുമായി മൂന്ന് പശ്ചിമബംഗാൾ സ്വദേശികളെയും നൊച്ചിമ സ്വദേശിയെയും ആലുവ പോലീസ് തോട്ടയ്‌ക്കാട്ടുകരയിൽ വെച്ച് പിടികൂടിയിരുന്നു. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് അങ്കമാലിയിൽ എത്തിച്ച് അങ്കമാലിയിൽ നിന്നും ഓട്ടോറിക്ഷയിൽ പെരുമ്പാവൂർ, എറണാകുളം ഭാഗത്ത് വിവിധ സ്ഥലങ്ങളിൽ വിൽക്കാനായി കൊണ്ടുപോയ കഞ്ചാവായിരുന്നു ആലുവ പോലീസ് പിടികൂടിയത്.
നാലുപേരെ സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തിരുന്നു. പോലീസ് പരിശോധന ഉണ്ടോ എന്ന് അറിയിക്കാൻ പ്രതികൾ സഞ്ചരിച്ചു വന്നിരുന്ന ഓട്ടോറിക്ഷയ്‌ക്ക് പൈലറ്റ് പോയിരുന്നതും കഞ്ചാവ് കൊണ്ട് വരാൻ പണം അയച്ചു കൊടുത്തിരുന്നതുമായ ഈ പ്രതിയും അന്നേ ദിവസം പിടികൂടിയ മലയാളിയും നൊച്ചിമ സ്വദേശിയായ മറ്റൊരു പ്രതിയും കൂടി അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ഒഡീഷയിൽ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് പെരുമ്പാവൂർ, എറണാകുളം ഭാഗങ്ങളിൽ വൻതോതിൽ വിപണനം ചെയ്യുന്നവരായിരുന്നു.
ഇതിനുമുമ്പ് പല പ്രാവശ്യം അവർ ഇത്തരത്തിൽ ചെയ്തു വന്നിട്ടുള്ളതുമാണ്. പ്രതിയെ പിടികൂടിയ സംഘത്തിൽ ആലുവ സിഐ പി.എം ഷമീർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ മാഹിൻഷാ അബൂബക്കർ, കെഎം മനോജ്, മുഹമ്മദ് ഷാഹിൻ, എഎസ്ഐ നിയാസ് എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.