
കണ്ണൂർ: കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങളിൽ നിന്ന് വളരെ അകന്നുപോയെന്ന് മുതിർന്ന നേതാവ് ഇ.പി. ജയരാജൻ. വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടനയാണ് സിപിഎം എന്ന തരത്തിലുള്ള ആക്ഷേപങ്ങൾ ഉയർന്നു വരുന്നുണ്ടെന്നും, ഇത്തരം തെറ്റായ നിലപാടുകൾ തിരുത്തി മുന്നോട്ടുപോയാൽ മാത്രമേ പാർട്ടിക്ക് അതിജീവനം സാധ്യമാകൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിശാല ജില്ലാ കമ്മിറ്റിക്കുള്ള സ്വാഗതസംഘ രൂപവത്കരണ യോഗത്തിലാണ് പരാമർശം. പലസ്തീൻ വിഷയത്തിലെ നിലപാട് മുസ്‌ലിം പ്രീണനമായി പ്രചരിപ്പിച്ചെന്നും ശബരിമല പോലുള്ള വിഷയങ്ങളിൽ എതിരാളികൾ ധ്രുവീകരണമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന‍്യൂനപക്ഷ സംരക്ഷകരെന്ന സിപിഎം പ്രതിച്ഛായ ഇല്ലാതാക്കാൻ പ്രചാരണം നടന്നെന്നും ബിജെപി-യുഡിഎഫ് പ്രചാരവേലകൾ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണം നഷ്ടപ്പെട്ടതല്ല മറിച്ച് വോട്ട് കുറഞ്ഞതാണ് പ്രധാന പ്രശ്നമെന്നാണ് ജയരാജൻ പറയുന്നത്. സ്വന്തം വോട്ടർമാർ എതിരേ വോട്ടുചെയ്യുന്ന സ്ഥിതിയുണ്ടായെന്നും നേതൃതലത്തിൽ പ്രവൃത്തിച്ചവർ മറുകണ്ടം ചാടിയെന്നും ഇപി പറഞ്ഞു.
പാർട്ടിയുടെ മുഖമായ നേതാക്കളുടെ മുഖം വികൃതമാകരുതെന്നും ചില വ്യക്തികൾ കാണിക്കുന്ന തെറ്റായ പ്രവണതകൾ പ്രസ്ഥാനത്തെയാകെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. പാർട്ടി അംഗങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ‘ഇതാണോ സിപിഎം’ എന്ന് സാധാരണക്കാർ ചോദിക്കാൻ ഇടവരുത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നേതാക്കളാണ് സമൂഹത്തിന് മുന്നിൽ പാർട്ടിയുടെ മുഖമെന്നും ആ മുഖം വളരെ വ്യക്തതയുള്ളതും യാതൊരു കളങ്കവുമില്ലാത്തതുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു തരത്തിലുള്ള പാളിച്ചകളും പ്രവർത്തനങ്ങളിൽ ഉണ്ടാകാൻ പാടില്ല. ജനങ്ങളുടെ ദാസന്മാരായി, അവരുടെ പ്രിയപ്പെട്ട സഖാക്കളായി ഓരോരുത്തരും മാറണം. പാർട്ടി സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതിയും കൊടുകാര്യസ്ഥതയും പാർട്ടിക്കെതിരെയുള്ള രാഷ്‌ട്രീയ എതിരാളികളുടെ ആക്രമണങ്ങൾക്ക് ആയുധമാകുന്നുണ്ടെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.