തിരുവനന്തപുരം: എംസി റോഡിലൂടെ യാത്ര ചെയ്യവേ ഉയരമുള്ള തെങ്ങിൽ നിന്ന് റോഡിലേക്ക് വീണ് തെറിച്ച തേങ്ങ നെഞ്ചിൽ ശക്തമായി വന്നിടിച്ച് ബൈക്ക് ബൈക്ക് യാത്രികനായ പ്ലംബിങ് തൊഴിലാളി മരിച്ചു. പുളിമാത്ത് വാലുപച്ച കൃഷ്ണകൃപയിൽ താമസിക്കുന്ന എസ്. സൈജു (47) ആണ് അപ്രതീക്ഷിത അപകടത്തിൽ മരിച്ചത്.
വ്യാഴാഴ്ച രാവിലെ 8.15-ഓടെ എംസി റോഡിൽ പൊരുന്തമൺ എംജിഎം സ്കൂളിന് സമീപമായിരുന്നു നാടിനെ നടുക്കിയ സംഭവം.ആറ്റിങ്ങലിലെ പണിസ്ഥലത്തേക്ക് സ്വന്തം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു സൈജു. സ്കൂളിന് എതിർവശത്തെ സ്വകാര്യ പുരയിടത്തിലെ തെങ്ങിൽ നിന്നു വീണ തേങ്ങ റോഡിൽ പതിക്കുകയായിരുന്നു. തറയിൽ തട്ടി അതിശക്തമായി ഉയർന്നുപൊങ്ങിയ തേങ്ങ സൈജുവിന്റെ നെഞ്ചിലേക്ക് വന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി സൈജു റോഡിൽ കുഴഞ്ഞു വീണു. ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും ചേർന്ന് ഉടനടി ആംബുലൻസ് വിളിച്ച് കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചിറയിൻകീഴ് കാർത്തിക ലാബ് ജീവനക്കാരിയായ ആതിരയാണ് സൈജുവിന്റെ ഭാര്യ.
ഐശ്വര്യ ഏക മകളാണ്.
ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.
















