Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: 2021 മുതല്‍ അഖിലേന്ത്യാ ബാര്‍ പരീക്ഷയില്‍ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി കേരള ബാര്‍ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കി. എട്ട് ആഴ്ചയ്‌ക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം.
ആഗസ്റ്റ് 19 ലെ കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരം സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് കൗണ്‍സില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിച്ച ശേഷമാണ് ബെഞ്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത് . ആ ഉത്തരവില്‍, 2010 നും 2021 നും ഇടയില്‍ എന്റോള്‍ ചെയ്തതും എന്നാല്‍ അഖിലേന്ത്യാ ബാര്‍ പരീക്ഷ പാസാകാത്തതുമായ 1,157 അഭിഭാഷകരുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ കോടതി കൗണ്‍സിലിനോട് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു.
ഈ അഭിഭാഷകരില്‍ ആരെങ്കിലും വക്കാലത്തുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും പട്ടിക കേരളത്തിലെ ജില്ലാ കോടതികള്‍ക്ക് അയയ്‌ക്കണമെന്നും ഉത്തരവിട്ടിരുന്നു.
അതേസമയം, പരീക്ഷ പാസായ അഭിഭാഷകര്‍ക്ക് പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാമെന്ന് കോടതി വ്യക്തമാക്കി.

 

Recent Posts