Kerala

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം കരതൊട്ടതിന് പിന്നാലെ സംസ്ഥാനത്ത് മഴ കനക്കുന്നു. വടക്കൻ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരത്താണ് ന്യൂനമർദം കരയിൽ പ്രവേശിച്ചത്. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളിൽ കേരളത്തിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്ത അതിതീവ്ര ന്യൂനമർദം ബുധനാഴ്ച രാത്രിയോടെയാണ് കരതൊട്ടത്. വിശാഖപട്ടണത്തിനും ഗോപാൽപുരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപത്തുകൂടിയാണ് ഇത് കടന്നുപോയത്. ന്യൂനമർദത്തിന്റെ സഞ്ചാരപാതയ്‌ക്ക് അനുസരിച്ചാകും കേരളത്തിൽ മഴ ലഭിക്കുക. കരയിലേക്ക് പ്രവേശിച്ച സമയം മുതൽ വടക്കൻ കേരളത്തിൽ മഴ ലഭിച്ചു തുടങ്ങിയിരുന്നു. ഇന്നും നാളെയും മധ്യ വടക്കൻ കേരളത്തിൽ മഴയ്‌ക്ക് സാധ്യതയുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ടുള്ളത്.

25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.