
ചിലരുടെ വിയോഗം ഒരു വ്യക്തിയുടെ നഷ്ടമല്ല. കാലത്തിന്റെ, സൗഹൃദത്തിന്റെ, സാംസ്‌കാരിക സ്മരണയുടെ വിടപറച്ചിലാണ്. സൂര്യകൃഷ്ണമൂര്‍ത്തിയുടെ വിയോഗവും അങ്ങനെയാണ്.
എനിക്ക് സൂര്യകൃഷ്ണമൂര്‍ത്തി കലാകാരന്‍ മാത്രമായിരുന്നില്ല; വര്‍ഷങ്ങളായി ഹൃദയത്തോട് ചേര്‍ന്നുനിന്ന സുഹൃത്തായിരുന്നു. കലയുടെ ലോകത്തേക്ക് പല വാതിലുകളും തുറന്നുതന്ന മനുഷ്യന്‍. പരിചയമില്ലാത്തവരെ പരിചയക്കാരാക്കാനും പരിചയക്കാരെ സുഹൃത്തുക്കളാക്കാനും അദ്ദേഹത്തിന് അസാധാരണ കഴിവുണ്ടായിരുന്നു.
തൈക്കാട് ഗണേശത്തില്‍ കൃഷ്ണമൂര്‍ത്തിയെ കാണാന്‍ എത്രയോ തവണ പോയിട്ടുണ്ട്. ഓരോ സന്ദര്‍ശനവും സാധാരണ കൂടിക്കാഴ്ചയില്‍ ഒതുങ്ങിയില്ല. മടങ്ങുമ്പോള്‍ പുതിയൊരു മനുഷ്യനെ പരിചയപ്പെട്ടിട്ടുണ്ടാകും; പുതിയൊരു കഥ കേട്ടിട്ടുണ്ടാകും; പുതിയൊരു സാംസ്‌കാരിക അനുഭവം മനസ്സില്‍ ബാക്കിയായിട്ടുണ്ടാകും.
”ഇയാളെ അറിയാമോ?” എന്നു ചോദിച്ച് എത്രയോ പേരെ അദ്ദേഹം പരിചയപ്പെടുത്തിത്തന്നു. കലാകാരന്മാരെയും എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള പ്രമുഖരെയും. സൗഹൃദത്തിന്റെ വലയം എത്ര വിശാലമായിരുന്നുവെന്ന് അത്തരം ഓരോ പരിചയപ്പെടുത്തലുകളും ഓര്‍മ്മിപ്പിക്കുന്നു.
ഒരിക്കല്‍ അമേരിക്കയില്‍ ഒരുമിച്ചു യാത്ര ചെയ്ത അനുഭവം മനസ്സിലുണ്ട്. ഭൂമിശാസ്ത്രപരമായി ഏറെ അകലെയുള്ള ദേശത്തും കലയും മനുഷ്യബന്ധങ്ങളും എത്ര സ്വാഭാവികമായി സൂര്യകൃഷ്ണമൂര്‍ത്തിയെ ചുറ്റിപ്പറ്റിയിരുന്നുവെന്ന് ആ യാത്രയിലൂടെ അടുത്തറിയാനായി.
കലാകാരന്‍ എന്നതിലുപരി കലയുടെ സംഘാടകനായിരുന്നു അദ്ദേഹം. കലാകാരന്മാര്‍ക്ക് വേദി വേണമെന്നു തിരിച്ചറിഞ്ഞു; ആ വേദി ഒരുക്കി. കലാസ്‌നേഹികള്‍ക്ക് നല്ല കല കാണണമെന്നു മനസ്സിലാക്കി; അവരെ ഒന്നിപ്പിച്ചു. കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ സൂര്യ ഫെസ്റ്റിവലിന് ഇത്രയും വലിയ സ്ഥാനം ലഭിച്ചതിനു പിന്നില്‍ ഈ ദര്‍ശനമുണ്ടായിരുന്നു.
സംഗീതം, നൃത്തം, നാടകം, ദൃശ്യകലകലയുടെ വിവിധ രൂപങ്ങളെ ഒരേ വേദിയില്‍ കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ ശ്രമം ഒരു ഉത്സവത്തിനപ്പുറം വലിയൊരു സാംസ്‌കാരിക ദൗത്യമായി. കേരളത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്കും ആ കലാസന്ദേശം അദ്ദേഹം എത്തിച്ചു.
കൃഷ്ണമൂര്‍ത്തിയുടെ ഏറ്റവും വലിയ പ്രത്യേകത വേദി ഒരുക്കിയതില്‍ മാത്രമായിരുന്നില്ല; കലാകാരന്മാരെ മനുഷ്യരായി സ്‌നേഹിച്ചതിലായിരുന്നു. കലാകാരനു പിന്നില്‍ ഒരു ജീവിതമുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ആ ജീവിതത്തിലെ സന്തോഷങ്ങളും വേദനകളും അദ്ദേഹത്തെ സ്പര്‍ശിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സൗഹൃദങ്ങള്‍ക്ക് പ്രത്യേക ആഴമുണ്ടായിരുന്നു.
പറയാതെ പോയ വാക്ക്
സൂര്യകൃഷ്ണമൂര്‍ത്തിയെ ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ഏറ്റവും ശക്തമായി നില്‍ക്കുന്നത് ഒരു ചെറിയ കാര്യമാണ്. ഗവര്‍ണറെ തന്റെ വീട്ടില്‍ കൊണ്ടുവരണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു.
ഞാന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറോട് ഈ കാര്യം സംസാരിച്ചു. ഗവര്‍ണര്‍ സമ്മതിച്ചു. കഴിഞ്ഞ വര്‍ഷത്തെ സൂര്യ ഫെസ്റ്റിവലില്‍ ഒരു ഹിന്ദുസ്ഥാനി സംഗീത പരിപാടി കേള്‍ക്കാന്‍ ഗവര്‍ണര്‍ എത്താമെന്നായിരുന്നു ധാരണ. പക്ഷേ ആ കൂടിക്കാഴ്ച നടന്നില്ല.
കൃഷ്ണമൂര്‍ത്തി വീണ്ടും പറഞ്ഞു: ”ഇത്തവണ എന്തായാലും കൊണ്ടുവരണം.”
തൈക്കാട് ഗണേശത്തിലെ തന്റെ വീട്ടില്‍ ഗവര്‍ണറെ സ്വീകരിക്കണമെന്നത് അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍വമായ ആഗ്രഹമായിരുന്നു.
അവസാനമായി സൂര്യകൃഷ്ണമൂര്‍ത്തി ലോക്ഭവനില്‍ എത്തിയപ്പോഴും ഈ കാര്യം പറഞ്ഞു.
”ഇത്തവണ ഗവര്‍ണറെ കൊണ്ടുവരാം.” എന്ന് അദ്ദേഹത്തോട് പറയണമെന്ന് കരുതി. പക്ഷേ കഴിഞ്ഞില്ല.
പറയാന്‍ ബാക്കിവച്ച ആ വാക്കുകള്‍ മനസ്സില്‍ കടമായി നില്‍ക്കുന്നു.
സൂര്യകൃഷ്ണമൂര്‍ത്തി ഒരുക്കിയ എത്രയോ വേദികള്‍ ഇനിയും വ ഉയരും. കലാകാരന്മാര്‍ വരും. സംഗീതം ഒഴുകും. നൃത്തം അരങ്ങേറും. കൈയടികള്‍ ഉയരും.
പക്ഷേ ആ വേദിയുടെ പിന്നില്‍ നിന്ന് എല്ലാം ശ്രദ്ധിച്ചിരുന്ന ആ മനുഷ്യന്റെ സാന്നിധ്യം ഇനി ഉണ്ടാകില്ല. അതായിരിക്കും ഏറ്റവും വലിയ ശൂന്യത.