ശങ്കരനാരായണൻ, തൃച്ചാറ്റുകുളം, ചേർത്തല രചിച്ച മൂന്ന് ചെറുഗ്രന്ഥങ്ങളും, ‘മധ്യവേനലവധി, മഹാലക്ഷ്മി ടെക്‌സ്‌റ്റൈൽസ്, കുരുവിത്തോട്ടം കഥകൾ,’ വായിച്ചപ്പോൾ, എഴുത്തുകാരന്റെകൂടെ കേരളത്തിന്റെ നന്മയും നൈർമല്യവും ഇന്നും നിലനിൽക്കുന്ന ഒരു ഗ്രാമത്തിലൂടെ സഞ്ചരിച്ച അനുഭവമായിരുന്നു എനിക്ക്. ഒരു യാത്രാവിവരണം, സാംസ്‌കാരിക പഠനം, ആത്മകഥ, ചരിത്രരേഖ-ഇതെല്ലാം കൂടിച്ചേർന്ന അപൂർവാനുഭവമാണ് ഈ മൂന്ന് കൃതികളും സമ്മാനിക്കുന്നത്. ഗ്രാമീണ കേരളത്തിന്റെ സംസ്‌കാരവും, ക്ഷേത്രകേന്ദ്രിതമായ ജീവിതവും, മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയും, കാലം കവർന്നെടുത്ത നന്മകളുമെല്ലാം അതീവ ലാളിത്യത്തോടെയും ആത്മാർഥതയോടെയും എഴുത്തുകാരൻ രേഖപ്പെടുത്തിയിരിക്കുന്നു.
ഈ പുസ്തകങ്ങൾ എനിക്കു സമ്മാനിച്ച പ്രത്യേക അനുഭവം, അവ എന്നെ എന്റെ ജന്മനാടായ തൊടുപുഴയിലേക്ക്, വർഷങ്ങൾ പിന്നിലേക്ക്, കൂട്ടിക്കൊണ്ടുപോയി. ഇന്ന് നഗരവൽക്കരണത്തിന്റെ തിക്ത ഫലങ്ങൾ അനുഭവിക്കുന്ന തൊടുപുഴ, എന്റെ ബാല്യത്തിൽ ഒരു ചെറിയ മലയോര ഗ്രാമമായിരുന്നു. അവിടുത്തെ ശ്രീകൃഷ്ണക്ഷേത്രവും, ക്ഷേത്രത്തിനെ പ്രദക്ഷിണം വച്ച് ഒഴുകുന്ന പുഴയും, ക്ഷേത്രത്തെ ചുറ്റിപ്പറ്റിനിന്നിരുന്ന അനേകം നമ്പൂതിരി, ബ്രാഹ്മണഗൃഹങ്ങളും, ക്ഷേത്ര വാർഷിക ഉത്സവത്തിന്റെ ഭക്തിസാന്ദ്രമായ അന്തരീക്ഷവും, ഇന്നും എന്റെ മനസ്സിൽ മായാത്ത ചിത്രങ്ങളാണ്. ക്ഷേത്രത്തിലെ ഉച്ചപൂജയ്‌ക്കുശേഷം നൽകിയിരുന്ന സ്വാദിഷ്ട മായ ഊണും, ക്ഷേത്രമുറ്റത്തെ ആത്മീയ അന്തരീക്ഷവും വേനലവധിക്കാലത്ത് ഞങ്ങൾ കുട്ടികൾ അവിടെ ചിലവഴിച്ചിരുന്ന ദിനങ്ങളും, മാമ്പഴത്തിന്റെയും ചക്കപ്പഴത്തിന്റെയും ഗന്ധവും ഈ പുസ്തകങ്ങൾ വായിക്കുമ്പോൾ എന്റെ മനസ്സിൽ പലപ്രാവശ്യം കടന്നുവന്നു. ആ വിശുദ്ധ ബാല്യകാല ഓർമ്മകൾക്ക് ഈ കൃതികൾ വീണ്ടും ജീവൻ നൽകി. ഒരു നല്ല സാഹിത്യസൃഷ്ടിയുടെ ഏറ്റവും വലിയ വിജയവും അതുതന്നെയാണല്ലോ- വായനക്കാരന്റെ സ്വന്തം ജീവിതത്തെ അവനിൽ വീണ്ടും ഉണർത്തുക.
ഗ്രന്ഥകാരന്റെ ഏറ്റവും വലിയ പ്രത്യേകത, ഒരു പ്രദേശത്തെ വിവരിക്കുന്നതോടൊപ്പം വായനക്കാരനെ അവിടേക്ക് കൈപിടിച്ചുകൊണ്ടുപോകുകയാണ്. ഓരോ ഇടവഴിയും, വീടും, ക്ഷേത്രവും കാവുo, കുളവും, വ്യക്തികളും വായനക്കാരന്റെ മുന്നിൽ ജീവിക്കുന്നു. ഗ്രാമത്തിന്റെ ഭൂമിശാസ്ത്രവും ആത്മാവും അദ്ദേഹം കാണിച്ചുതരുന്നു. ഒരു സഞ്ചാരിയുടെ കണ്ണില്ലൂടെയല്ല, ആ നാട്ടിന്റെ പുത്രന്റെ ഹൃദയത്തിലൂടെയാണ് ഈ പുസ്തകങ്ങൾ സംവദിക്കുന്നു.
കേരളത്തിലെ പല ഗ്രാമങ്ങളിലേയും തമിഴ് ബ്രാഹ്മണരുടെ ജീവിതം, ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന സാമൂഹികഘടന, ആചാരാനുഷ്ഠാനങ്ങൾ, കുടുംബബന്ധങ്ങൾ, കൃഷി, നാട്ടുവഴക്കങ്ങൾ, ഉത്സവങ്ങൾ, വിശ്വാസങ്ങൾ, മനുഷ്യ നന്മ-ഇവയെല്ലാം ഈ കൃതികളിൽ അതീവ സ്വാഭാവികമായി ഇഴചേർത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇവ വെറും ഓർമ്മക്കുറിപ്പുകളല്ല; വരുംതലമുറകൾക്ക് നിശ്ചയമായും കൈമാറേണ്ട സാംസ്‌കാരികരേഖകളാണ്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ പരശുരാമക്ഷേത്രത്തിൽ ഇത്തരത്തിലുള്ള ഗ്രാമങ്ങൾ, പഴയകാല ജീവിതരീതികൾ എന്നിവയൊക്കെ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. മണ്മറഞ്ഞ, അല്ലെങ്കിൽ അതിവേഗം മറഞ്ഞുകൊണ്ടിരിക്കുന്ന, ഒരു കാലഘട്ടത്തെ സത്യസന്ധതയോടെ രേഖപ്പെടുത്തുന്ന ഈ ഗ്രന്ഥങ്ങൾക്ക് ചരിത്രപരമായ പ്രാധാന്യവുമുണ്ട്. ഒരു പക്ഷെ നാളത്തെ ഗവേഷകർക്കും സാമൂഹ്യശാസ്ത്രജ്ഞർക്കും സംസ്‌കാരപഠിതാക്കൾക്കും ഇവ വിലപ്പെട്ട രേഖകളായിമാറിയേക്കാം.
എഴുത്തുകാരന്റെ ലളിത ഭാഷയും പ്രത്യേകം പരാമർശിക്കപ്പെടനം, കഠിന പടങ്ങളുടെ അതിപ്രസരം ഇല്ലാത്ത, ലളിതവും ഒഴുക്കുള്ളതുമായ മലയാളo. വായനക്കാരനെ ആകർഷിക്കാൻ കൃത്രിമത്വം തീരെ ആവശ്യമില്ലെന്ന് തെളിയിക്കുന്ന രചനയായതിനാൽ വായന മുഴുമിപ്പിക്കുന്നതുവരെ പുസ്തകങ്ങൾ താഴെവക്കാൻ എനിക്കായില്ല.
ഈ മൂന്ന് കൃതികളും വായിച്ചപ്പോൾ എന്റെ മനസ്സിൽ ഉയർന്ന ഏറ്റവും വലിയ വികാരം ഗൃഹാതുരത്വത്തിന്റെതായിരുന്നു. എന്റെ ബാല്യവും, ഞാൻ ജനിച്ച നാടും ക്ഷേത്രവും, ബന്ധുക്കളേയും അവിടത്തെ പലരെയും വീണ്ടും സന്ദർശിച്ചതുപോലെ തോന്നി. ഈ അനുഭവം സമ്മാനിച്ചതിന് ശ്രീ ശങ്കരനാരായണനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
ഒരു വ്യക്തിക്ക് തന്റെ ഗ്രാമത്തോടുള്ള സ്‌നേഹവും, പരിഗണനയും, അതേഅളവിൽ വായനക്കാരന്റെയും മനസ്സിൽ പകരാൻ കഴിയുന്ന ഒരു അപൂർവ രചനാ രീതിയാണ് ഗ്രന്ഥകാരന്റെത്. ഈ മൂന്ന് പുസ്തകങ്ങളും വായിച്ചുകഴിഞ്ഞപ്പോൾ, പുസ്തകങ്ങൾ വായിച്ചുവെന്ന തോന്നലിനേക്കാൾ, എഴുത്തുകാരനോടൊപ്പം അദ്ദേഹത്തിന്റെ ഗ്രാമത്തിലെ കഥാപാത്രങ്ങളോടൊപ്പo സഞ്ചരിച്ച് സംഭവങ്ങൾക്കു ദൃക്‌സാക്ഷിയായ ഒരാളുടെ വികാര വിചാരങ്ങലാണ് എന്റെ മനസ്സിൽ അവശേഷിച്ചത്. അതാണല്ലോ സാഹിത്യത്തിന്റെ യഥാർത്ഥ ശക്തി. ഒരു നല്ല പുസ്തകം പുതിയ ലോകങ്ങൾ കാണിച്ചുതരുന്നതോടൊപ്പം, നമ്മുടെ സ്വന്തം ലോകത്തെയും പുതിയ കണ്ണുകളോടെ വീണ്ടും കാണാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഈ കൃതികൾ അത്തരമൊരു അപൂർവ സമ്മാനമാണ്.
കേരളത്തിലെ ഇത്തരത്തിലുള്ള ഗ്രാമങ്ങളുടെ അനുഭവം എഴുത്തുകാരന്റെ ഗ്രാമത്തിന്റെ മാത്രം പ്രത്യേകതയല്ല. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിലേക്ക് കുടിയേറിയ തമിഴ് ബ്രാഹ്മണർ അധിവസിച്ചിരുന്ന അനേകം ഗ്രാമങ്ങൾക്കും അഗ്രഹാരങ്ങൾക്കും സമാനമായ ഒരു ജീവിതസംസ്‌കാരവും ആത്മീയ പാരമ്പര്യവും ഉണ്ടായിരുന്നു. ക്ഷേത്രകേന്ദ്രിതമായ ജീവിതം, വേദപഠനം, ആചാരാനുഷ്ഠാനങ്ങൾ, ഉത്സവങ്ങൾ, മനുഷ്യബന്ധങ്ങളുടെ ഊഷ്മളത, പ്രകൃതിയോടിണങ്ങിയ ജീവിതരീതി എന്നിവ ആ ഗ്രാമങ്ങളുടെ പൊതുസ്വഭാവമായിരുന്നു. അതുകൊണ്ടുതന്നെ രചയിതാവിന്റെ ഈ ഓർമ്മകൾ ഒരു വ്യക്തിയുടെയോ ഒരു ഗ്രാമത്തിന്റെയോ കഥ മാത്രമല്ല; കേരളത്തിലുടനീളമുള്ള അത്തരം അനേകം അഗ്രഹാരങ്ങളുടെയും ഗ്രാമങ്ങളുടെയും കൂട്ടായ സാംസ്‌കാരികസ്മരണകളുടെ പ്രതിധ്വനിയാണെന്ന് പറയാം.
ഇത്തരം പുസ്തകങ്ങൾ വായിച്ചു മനസ്സിലാക്കേണ്ടത് നമ്മുടെ സംസ്‌കാരിക പാരമ്പര്യത്തെ സംരക്ഷിക്കുന്ന ഉത്തരവാദിത്തം നിറവേറ്റുക കൂടിയാണ്. അതിനാൽ കേരളത്തിന്റെ ഗ്രാമീണ സംസ്‌കാരത്തെയും ക്ഷേത്രകേന്ദ്രിതമായ ജീവിതരീതിയെയും സ്‌നേഹിക്കുന്ന എല്ലാ വായനക്കാരും ഈ മൂന്ന് പുസ്തകങ്ങളും വാങ്ങി വായിക്കണമെന്ന് ഞാൻ ആത്മാർത്ഥമായി അഭ്യർഥിക്കുന്നു. ശ്രീ ശങ്കരനാരായണനെപ്പോലുള്ള എഴുത്തുകാർ ഇനിയും ഇത്തരം അമൂല്യ അനുഭവങ്ങളും ഓർമ്മകളും വരുംതലമുറയ്‌ക്കായി രേഖപ്പെടുത്താൻ നമ്മുടെ സ്‌നേഹവും പ്രോത്സാഹനവും അനിവാര്യമാണ്. ഈ ഗ്രന്ഥങ്ങൾ നമ്മുടെ പുസ്തകശേഖരത്തിലെ വിലപ്പെട്ട സാംസ്‌കാരിക രേഖകളായിരിക്കുമെന്ന് ണെന്ന് എനിക്ക് പൂർണവിശ്വാസമുണ്ട്.
********
ശ്രീ ശങ്കരനാരായണന്റെ പുസ്തകങ്ങൾക്ക്: തോട്ടിൽ പുബ്ലിക്കേഷൻസ്, പുതിയ മഠം, തൃച്ചാറ്റുകുളം പി.ഒ, ചേർത്തല. പിൻ: 688526. മൊബൈൽ: 9446380393.
———————–
പ്രദീപ് കൃഷ്ണൻ: കോമേഴ്സ്, നിയമ ബിരുദവും പത്രപ്രവർത്തനത്തിലും ക്രീയേറ്റീവ് റൈറ്റിംഗിലും പി.ജി. ഡിപ്ലോമകളും നേടിയ അദ്ദേഹം 36 വർഷത്തോളം ഒരു കേന്ദ്ര സർക്കാർ വകുപ്പിൽ സേവനമനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലെ നിരവധി പ്രശസ്ത ആനുകാലികങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും ലേഖനങ്ങൾ എഴുതിവരുന്നു. മൂന്ന് അഭിമുഖ സമാഹാരങ്ങൾ രചിച്ചിട്ടുണ്ട്: Leaving Churchianity: Conversations with Ex-Christians Seeking Redemption in Sanatan Dharma, ‘അറിവിന്റെ അഭിമുഖങ്ങൾ’, ക്രിസ്തുവിൽ നിന്നും കൃഷ്ണനിലേക്ക്. മൊബൈൽ: 9349881530.
















