ഹിന്ദു ധാർമ്മിക ജീവിതത്തിൽ പരിക്രമങ്ങൾ വെറും ശാരീരിക യാത്രമാത്രമല്ല, ആത്മാവിനെ ആഴത്തിൽ തൊടുന്ന ഒരു ആന്തരിക ശുദ്ധീകരണ പ്രക്രിയയാണ്. പുരാണങ്ങളിൽ നിന്നും പാരമ്പര്യങ്ങളിൽ നിന്നും രൂപംകൊണ്ട പരിക്രമങ്ങൾ- തീർഥാടനങ്ങൾ- ഭക്തനിൽ ഭക്തിയും, തന്റെ ഉള്ളിൽ അന്തർലീനമായിരിക്കുന്ന ദിവ്യശക്തിയെ പുറത്തേക്കു കൊണ്ടുവരുന്ന മഹാപ്രയാണങ്ങളുമാണ്.
ഭാരതീയ സംസ്്കാരത്തിൽ, ഹിന്ദു ജീവിതത്തിൽ, പരിക്രമങ്ങൾ പലതരമാണ്: ക്ഷേത്രങ്ങളെ, ഗിരിശൃംഗങ്ങളെ, ജലസ്രോതസ്സുകളെ, ചുറ്റന്ന അനേകം ദിവ്യ പ്രദക്ഷിണങ്ങൾ. കൈലാസ പർവതo, ഗിർനാർ മലനിരകൾ, ഇങ്ങു തെക്ക് അരുണാചലംമല, അനേകം ക്ഷേത്രങ്ങളുടെ പരിക്രമണങ്ങൾ ഇവയൊക്കെ നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗങ്ങളാണ്.
എന്നാൽ, എല്ലാ പരിക്രമങ്ങളെയും മറികടക്കുന്ന അത്ഭുതകരമായൊരു അനുഭവമാണ്-പൂർണമായും കാൽനടയാൽ 3500 കിലോമീറ്ററോളം താണ്ടുന്ന നർമ്മദാപരിക്രമം മൂന്ന് മാസത്തിൽ കൂടുതൽ എടുക്കുന്ന ഈ വിശിഷ്ട പരിക്രമo ഒരു ശാരീരിക പരീക്ഷ എന്നതിനപ്പുറം ഒരു അതുല്യ ദൈവദർശനവുമാണ്.
ശിവകുമാർ മേനോൻ ”നർമ്മദേ ഹർ’ എന്ന പുസ്തകത്തിലൂടെ 2023 ൽ അദ്ദേഹം നടത്തിയ നർമ്മദ പരിക്രമ യാത്രയുടെ അതുല്യ അനുഭവങ്ങളെ വായനക്കാർക്കായി പകർന്നു നൽകുന്നു. ഈ മഹത്തായ യാത്രയുടെ അന്തരാത്മാവിനെ മലയാളികൾക്ക് ആദ്യമായി പരിചയപ്പെടുത്തുന്ന അപൂർവ്വ ഗ്രന്ഥമാണിത്. 114 ദിവസo നീണ്ടുനിന്ന തന്റെ പൂർണ്ണനർമദാപരിക്രമത്തിന്റെ ഓരോ നിമിഷവും ഭംഗിയായി രേഖപ്പെടുത്തിയിരിക്കുന്ന ഈ യാത്രാവിവരണം മലയാളഭാഷയ്‌ക്കുള്ള ഒരു അദ്ഭുത വരദാനം തന്നെയാണ്.
ഹിന്ദു സംസ്‌കാരത്തിൽ നർമ്മദാനദി ഒരു സാധാരണ നദിയ
ല്ല; അവൾ ശ്രീ ശിവഭഗവാന്റെ കണ്മണിയും ദേവതകളുടെ പ്രിയങ്കരിയും, പാപശമനിയായി അനർഗളം പ്രവഹിക്കുന്ന പരിശുദ്ധജലവു മൊക്കെയാണ്. സ്്കന്ദപുരാണം, വാമനപുരാണം, നർമ്മദാമാഹാത്മ്യം എന്നിവയിൽ ആകാശഗംഗയേക്കാൾ വിശുദ്ധയായ ഒരു ദേവനദിയായി നർമ്മദയെ പ്രത്യേകം പരാമർശിച്ചിരിക്കുന്നു.
• ”ഗംഗാ സ്നാനേന യത് ഫലം, നർമദാ ദർശനേന തത്” – ഗംഗയിൽ സ്‌നാനം ചെയ്ത് ലഭിക്കുന്ന ഫലം, നർമദയെ ഒരിക്കൽ കണ്ടാൽ തന്നേ ലഭിക്കും.
• ”നർമദാ പരിക്രമാ കൃതാ” – നർമദയെ ഒരിക്കൽ വലം വച്ചാൽ പോലും ജന്മാന്തരങ്ങളിലെ പാപങ്ങളെ നീക്കും.
നിരവധി മഹർഷിമാരും അനേകം മഹാപുരുഷന്മാരും നർമ്മദാതീരത്ത് ദീർഘകാലം തപസ്സ് അനുഷ്ടിച്ചിട്ടുണ്ട്, ഇന്നും അനുഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. പല മഹാത്മാക്കളും നർമദയുടെ തീരങ്ങൾ ആത്മീയ ഊർജ്ജത്തിന്റെ ജീവസ്രോതസ്സാണെന്ന് പറഞ്ഞിട്ടുണ്ട്.
അതിനാൽ നർമ്മദാപരിക്രമo വെറുമൊരു യാത്രയല്ല; അത് ദർശനം, തപസ്സ്, കൃതജ്ഞത, അനുഭൂതി, ആത്മസമർപ്പണം എന്നിവയുടെ സമന്വയമാണ്.
ഗ്രന്ഥകാരൻ താൻ പൂർത്തിയാക്കിയ പരിക്രമത്തിന്റെ ഓരോ ദിവസവും, ഓരോ നിമിഷവും, ഓരോ ശ്വാസവും പുസ്തകത്തിൽ മനോഹരമായി എഴുതിയിരിക്കുന്നു. പരിക്രമo തുടങ്ങാനുള്ള അതിപുരാതനമായ പരമ്പരാഗത സ്ഥലങ്ങളിൽ ഒന്നായ മദ്ധ്യപ്രദേശിലെ ഹർദയിലെ ബജറംഗ്ദാസ് കുടി എന്ന ആശ്രമത്തിൽ നിന്നുള്ള യാത്രയോടെ യാണ് പുസ്തകം ആരംഭിക്കുന്നത്.
വിവരങ്ങളിലെ ലാളിത്യവും കൃത്യതയും
പുസ്തകത്തെ അതുല്യമാക്കുന്നു. ലളിതമായ ഭാഷ, ഒരു മുതിർന്ന സഹയാത്രികൻ പറയുന്ന കഥപോലെ അദ്ദേഹം വായനക്കാരെ തന്റെ കൂടെ കൈപിടിച്ചുനടത്തുന്നു. ഓരോ ദിവസവും എന്ത് കഴിച്ചു, ആഹാരം എങ്ങനെ കിട്ടി, എത്ര ദൂരം നടന്നു, ആരെയെല്ലാം കണ്ടു, വഴിയോര ഗ്രാമങ്ങളുടെ ഭംഗിയും സ്വഭാവവും ജനങ്ങളുടെ ജീവിതരീതിയും സംസ്‌കാരവും എങ്ങനെ, സന്ദർശിച്ച തീർത്ഥങ്ങളുടെ പുരാണപ്രാധാന്യം, തുടങ്ങി പുലർച്ചെ യാത്ര തുടങ്ങിയതു മുതൽ രാത്രിയുടെ അവസാന പാദം വരെയുള്ള തന്റെ അനുഭവങ്ങൾ എല്ലാം അത്ഭുതകരമായ കൃത്യതയോടെ, ജീവസ്സുറ്റ വിധത്തിൽ അദ്ദേഹം എഴുതിയിരിക്കുന്നു.
പല ദിവസങ്ങളിലും പ്രഭാതഭക്ഷണം ലളിതമായ പൊഹയോ (അവിൽ) ചൂടൻ കിച്ഡിയോ (പൊങ്കൽ) ആയിരുന്നു. പലപ്പോഴും വഴിയരികിൽ സേവന സന്നദ്ധരായ നിഷ്‌കളങ്കരായ ഗ്രാമവാസികൾ അദ്ദേഹത്തിന് റോട്ടിയും പച്ചക്കറി കറിയും സ്‌നേഹപൂർവ്വം പാചകം ചെയ്തു നൽകി. ചില ദിവസങ്ങളിൽ ഏതെങ്കിലും വീട്ടമ്മ നൽകിയ ഒരു ഗ്ലാസ് ചൂട് പാലോ ചായയോ അദ്ദേഹത്തിന് ഉണർവ്വേകി; മറ്റു ചിലപ്പോൾ ഗ്രാമീണരായ കുട്ടികൾക്ക് അദ്ദേഹം താൻ കരുതിയിരുന്ന ബിസ്‌കറ്റുകൾ നൽകി. ”ബാബാ, അങ്ങേക്ക് യാത്രാമംഗളം” എന്ന അവരുടെ നിഷ്‌കളങ്കമായ അഭിവാദ്യം തന്റെ യാത്രയെ കൂടുതൽ ലഘുവാക്കിയതായി അദ്ദേഹം കുറിക്കുന്നു. ഓരോ ഗ്രാമവും തങ്ങളുടെ പാരമ്പര്യ രീതിയിൽ അദ്ദേഹത്തെ വരവേറ്റു; ചിലയിടങ്ങളിൽ ഭക്തിഗാനങ്ങൾ കേട്ടും മറ്റുചിലയിടങ്ങളിൽ മൺവീടുകളുടെ മണം നിറഞ്ഞ കാറ്റിലൂടെ നടന്നും അദ്ദേഹം മുന്നോട്ട് നീങ്ങി. ഓരോ സ്ഥലത്തും ഒരു പുരാണകഥ, ഒരു ദൈവസ്മരണ, ഒരു മഹാതപസ്സ്, എല്ലാം ശാന്തമായി അദ്ദേഹത്തിന്റെ വരികളിൽ ഒഴുകുന്നു. പ്രഭാതത്തിൽ നർമ്മദ മാതാവിന്റെ കാറ്റേറ്റ് തുടങ്ങുന്ന യാത്ര, രാത്രി എത്തുന്ന വിശ്രമസ്ഥലത്തെ നക്ഷത്രങ്ങളെ നോക്കി ദിവസത്തെ മുഴുവൻ അനുഭവങ്ങളും മനസ്സിൽ ആവാഹി അവാഹിച്ചാണ് അദ്ദേഹം ഉറങ്ങിയിരുന്നത്.
പുസ്തകം വായിച്ചപ്പോൾ എനിക്കു തോന്നിയത് ഞാനും അദ്ദേഹത്തോടൊപ്പം നടന്നു പരിക്രമം ചെയ്യുന്നതായാണ്. ഗ്രാമങ്ങളിലൂടെ, ചെറു പട്ടണങ്ങളിലൂടെ, കാടുകളിലൂടെ, ക്ഷേത്രങ്ങളിലൂടെ, ഇടുങ്ങിയ വഴികളിലൂടെ, നദിക്കരകളിലൂടെ, മഹാത്മാക്കളുടെ ദർശനം നേടി ഞാനും അദ്ദേഹഅദ്ദേഹത്തോടോപ്പം നടന്നു.
ഈ പുസ്തകത്തിന്റെ അമൂല്യത ഇത് ഗ്രാമീണ ഇന്ത്യയുടെ ഹൃദയം തുറന്ന് കാണിക്കുന്നു എന്നതാണ്. മേനോന്റെ ഓരോ വരിയിലും ഗ്രാമവാസികളുടെ നിഷ്‌കളങ്കമായ സ്നേഹം നിറഞ്ഞുനിൽക്കുന്നു. പല ദിവസങ്ങളിലും ക്ഷീണത്താൽ ഒരു ചെറിയ ചായക്കടയുടെ വരാന്തയിൽ നിൽക്കുമ്പോൾ, കടയുടമ ചിരിച്ചുകൊണ്ട്, ”ബാബാ, ” എന്ന് വിളിച്ചു ഒരു ഗ്ലാസ് ചൂടൻ ചായ കൈമാറിയ സംഭവങ്ങൾ അദ്ദേഹം മനോഹരമായി വരച്ചുകാട്ടുന്നു. ചില ഗ്രാമങ്ങളിൽ വീട്ടമ്മമാർ ”ഭഗവാൻ അയച്ച അതിഥി” എന്നു കരുതി ചോദിക്കാതെതന്നെ ചൂടോടെ തയാറാക്കിയ റോട്ടിയും ദാളും അദ്ദേഹത്തിന്റെ മുന്നിൽ വെക്കുകയായിരുന്നു. പലയിടങ്ങളിലെയും അമ്മമാർ പറഞ്ഞുവത്രേ, ”ഇത്രയും ദൂരം നടക്കുമ്പോൾ വയറു കാലിയായിരിക്കാൻ പാടില്ല, എന്തെങ്കിലും കഴിച്ചുപോകപോകണേ” എന്ന്. ഈ സ്‌നേഹവും കരുതലും നിറഞ്ഞ വാക്കുകൾ ഭാരതത്തിന്റെ സാംസ്‌കാരിക ഔന്നത്യവും ഗ്രാമീണരുടെ മനസ്സിന്റെ മഹത്വവും വ്യക്തമാക്കുന്നു. വഴിയിൽ ഓടി കളിച്ചുക്കൊണ്ടിരുന്ന കുട്ടികൾ അന്യദേശത്തു നിന്നും വന്ന യാത്രികരെ കാണുന്ന മാത്രയിൽ മുഖത്ത് ഒരു പുഞ്ചിരിയോടെ, ”ബാബാ, ഇവിടെയാണ് നർമ്മദാ മയ്യ, ഇതുവഴിയാണ് പോകേണ്ടത്” എന്ന് വഴികാട്ടുമ്പോൾ അവരുടെ ആത്മാർത്ഥ സ്‌നേഹo നമ്മെ വിസ്മയിപ്പിക്കും. ചില കുട്ടികൾ വീട്ടിൽ നിന്ന് ഓടിയെത്തി യാത്രികന് എന്താണ് വേണ്ടതെന്നു അന്വേഷിക്കുന്നത് യാത്രികന്റെ ഹൃദയത്തെ ആർദ്രമാക്കും. പാതയുടെ അരികിൽ നിന്നിരുന്ന വയോധികർ യാത്രികരുടെ വണ്ടികളുടെ ശബ്ദമോ പരിക്രമാവാസികളുടെ കാലൊച്ചകളോ കേട്ടാൽ കൈ ഉയർത്തി, ”ശിവ ശിവ നർമദേ ഹർ… ജയ് ജയ് മാ” എന്ന് ഉച്ചത്തിൽ ആശീർവ്വദിക്കുകയും അവർക്ക് എന്താണ് വേണ്ടതെന്ന് ആരായുകയും ചെയ്തിരുന്നത് യാത്രയിൽ വലിയ സഹായമായതായി ഗ്രന്ഥകാരൻ കുറിക്കുന്നു. ഈ മനുഷ്യസ്പർശത്തിന്റെ നനവാണ് പരിക്രമയുടെ യഥാർത്ഥ മഹത്വം എന്ന് മേനോൻ ഓരോ വരിയിലൂടെയും നമ്മെ മനസ്സിലാക്കിക്കുന്നു.
കേരളത്തിൽ നിന്ന് വളരെ അകലെയുള്ള മധ്യപ്രദേശിലെ ചെറിയ ഗ്രാമങ്ങൾ, അവിടത്തെ ജനങ്ങൾ, ഈ പുസ്തകത്തിൽ ജീവിക്കുന്നു, ശ്വസിക്കുന്നു, സ്പർശിക്കുന്നു. പുസ്തകത്തിലെ ഒരു വാചകം, ”ദൈവത്തിന്റെ രൂപങ്ങൾ തന്നെയാണ് പരിക്രമ വഴിയിലൂടെ നടക്കുന്നതെന്നാണ് ഗ്രാമീണരുടെ വിശ്വാസം,” നമ്മുടെ മനസ്സിൽ എന്നും തെളിഞ്ഞു നിൽക്കും,
കേരളവും ഓംകാരേശ്വരവും
നർമ്മദാപരിക്രമ പാതയിലെ ഏറ്റവും മഹത്തായ ആത്മീയ കേന്ദ്രവും
കേരളീയർക്കു ഏറ്റവും പ്രധാനവുമായ സ്ഥലമാണ്, ഒംകാരേശ്വരം. ആ പുണ്യ സ്ഥലത്തു നിന്നാണ് അദ്വൈത ദർശനo ലോകമാകെ പടർന്നു പന്തലിച്ചത്. അവിടെയാണ് ജഗദ്ഗുരു ശങ്കരാചാര്യർ തന്റെ ഗുരു ഗോവിന്ദ ഭാഗവത്പാദരേ നർമ്മദാതീരത്തെ ഒരു കുന്നിനുതാഴെയുള്ള ഗുഹയിൽവച്ച് ആദ്യമായി കണ്ടുമുട്ടിയത്.
ആ ഗുഹ ഇപ്പോഴും ഒംകാരേശ്വരത്തിലെ മഹത്തായ തീർഥസ്ഥലമാണ്.
മേനോൻ അതിന്റെ ചരിത്രവും ആത്മീയഗൗരവവും ആഴത്തിൽ, ലാളിത്യത്തോടെ വിശദീകരിക്കുന്നു. കേരളീയരുടെ മനസ്സിൽ ഈ തീർഥം ഒരു സാധാരണ നദിക്കരയല്ല, അത് ഭാരതത്തിന്റെ ആത്മാവിനെ പുനരുജ്ജീവിപിച്ചതിന്റെ സാക്ഷ്യഭൂമിയാണ്.
പുസ്തകത്തിലെ ഓരോ പേജിലും ഗ്രന്ഥകാരൻ ലളിതമായ വാക്കുകൾകൊണ്ട് ചിത്രങ്ങൾ വരച്ചിരിക്കുന്നു. അദ്ദേഹം വരച്ച ഭംഗിയുള്ള ദൃശ്യങ്ങൾ, വായനക്കാരൻ വായിക്കുകയല്ല, അയാൾ ഗ്രഗ്രന്ഥകാരനോടൊപ്പം നദിക്കരയിലൂടെ നടക്കുകയാണ്. നർമദാതീരത്തെ അടയാളപ്പെടുത്തുന്ന കറുത്ത പാറക്കെട്ടുകൾ അദ്ദേഹം അത്ഭുതകരമായി വിവരിക്കുന്നു-നദിയുടെ ഇരുവശങ്ങളിലും പാളികളായി രൂപപെട്ടിരിക്കുന്ന ആ കരിമ്പാറകൾ ചിലപ്പോൾ പ്രകൃതിയെന്ന ശില്പിയുടെ കൈകളാൽ മേഘങ്ങളെപ്പോലെയും, കുറച്ച് ദൂരം പിന്നിട്ടാൽ ആ പാറകൾ ഗുഹകളുടെ രൂപത്തിൽ തുറന്ന് നിൽക്കുന്നതുപോലെയും തോന്നുമത്രേ. അവയുടെ മേൽ പതിയുന്ന നർമ്മദയുടെ ജലകണികകൾ സൂര്യപ്രകാശത്തിൽ ചെറിയ വജ്രക്കല്ലുകളെപ്പോലെ മിന്നി നിൽക്കുന്ന കാഴ്ച വായനക്കാരന്റെ മനസിൽ പതിയാതിരിക്കുകയേയില്ല.
ശാന്തമായി ഒഴുകുന്ന നീലനർമ്മദയുടെ ജലo അദ്ദേഹത്തിനു ഒരു ദേവതയെപ്പോലെയാണ്. ചില പ്രഭാതങ്ങളിൽ ആകാശത്തിൽ നദിയുടെ ജലം ഒരു നീല പ്രതിബിംബം പോലെ തോന്നുമത്രെ. സന്ധ്യാനേരം ജലത്തിൽ ചെറുതായി ഒഴുകുന്ന തരംഗങ്ങൾ സൃഷ്ടിക്കുന്ന മനോഹര സംഗീതം അദ്ദേഹം അത്യന്തം സുന്ദരമായി വിവരിക്കുന്നു.
പ്രഭാതത്തിൽ ആകാശത്തു നിന്നും മരങ്ങളുടെ ഇടയിലൂടെ ഊർന്നിറങ്ങുന്ന സ്വർണ്ണരേഖകളെ അദ്ദേഹം ഒരു ചിത്രകാരനെപ്പോലെ നമുക്ക് വരച്ചു കാട്ടിത്തരുന്നു. നർമ്മദാതീരത്ത് താമസിച്ചിരുന്ന നാളുകളിൽ സൂര്യന്റെ ആദ്യരശ്മി മഞ്ഞുനിറഞ്ഞ ആകാശത്ത് നീളുമ്പോൾ അതിന്റെ പ്രകാശം നർമദയുടെ ജലത്തിൽ ചിതറിയ സ്വർണ്ണപ്പൊടിപോലെ ചിമ്മുന്നതുo വായനക്കാരന്റെ മനസിൽ ഒരു സ്വർണ്ണപാത വിരിയും.
കാടുകൾക്കിടയിൽ ഇടക്കിടെ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന വരണ്ട പ്രദേശങ്ങളിലൂടെ, മണൽ നിറഞ്ഞ വിസ്തൃതമായ മേഖലകളിലൂടെ മണിക്കൂറുകളോളം വൃക്ഷത്തണലോ ഒരു ചായക്കടയോ കാണാനാകാതെ നടക്കേണ്ട ദിവസങ്ങൾ ഉണ്ടായിരുന്നു വെങ്കിലും ഈശ്വരന്റെ കൃപയാൽ ഒരു പ്രയാസവും കൂടാതെ തരണം ചെയ്യാനായി എന്നു അദ്ദേഹം എഴുതുന്നു.
നർമ്മദയുടെ തീരങ്ങളിലെ ചില ഇടങ്ങൾ പൂർണമായും പച്ചപുല്ലുകളാൽ നിറഞ്ഞിരിക്കും. ആ പുല്ലുകളിൽ വീശുന്ന കാറ്റിന്റെ മൃദുല ശബ്ദത്തെ അദ്ദേഹം അത്ഭുതകരമായ രീതിയിൽ വിവരിക്കുന്നു. കാറ്റ് സൗമ്യമായി വീശുമ്പോൾ അതിന്റെ മർമ്മരം ജപം കേൾക്കുന്നതുപോലെ അനുഭവം നൽകും. ചില രാവുകളിൽ ആ ശബ്ദം യാത്രയുടെ ക്ഷീണം മുഴുവൻ കഴുകിക്കളഞ്ഞ ആഴത്തിലുള്ള ധ്യാനമുഹൂർത്തം പോലെ അദ്ദേഹത്തിന്റെ മനസ്സിനെ നിറച്ചിരുന്നു.
പ്രകാശം കുറഞ്ഞ വഴികളിലൂടെയുള്ള യാത്രകൾ അദ്ദേഹo കവിതപോലെ എഴുതുന്നു. ആകാശത്തിലെ ചെറിയ വെളിച്ചത്തിൽ മുന്നിലെ പാത മാത്രം തിരിച്ചറിയാവുന്ന സഞ്ചാര പഥങ്ങളിൽ ചിലപ്പോൾ ദൂരെയുള്ള ക്ഷേത്രത്തിൽ നിന്നു കേൾക്കുന്ന മണിനാദം, ദൈവത്തിന്റെ കൃപ തന്നിൽ ചോരിയുന്നതായി അനുഭവപ്പെട്ടു എന്നു അദ്ദേഹം കുറിക്കുന്നു. ഇങ്ങനെയുള്ള നിരവധി വിവരണങ്ങളാൽ പരിക്രമത്തിന്റെ ദൈവികത അദ്ദേഹം അതിശയകരമായി വായനക്കാരനിൽ പകർന്നിരിക്കുന്നു.
ഇങ്ങനെ, ഓരോ സ്ഥലവും ഓരോ ദൃശ്യവും കാണിച്ചു തന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ രചന. വായനക്കാരനെയും തന്റെയൊപ്പം ആ മഹത്തായ പരിക്രമയാത്രയിൽ കൂടെ കൊണ്ടുപോകുന്നു.
പുസ്തകം നമ്മെ വ്യക്തമായി ബോധ്യപ്പെടുത്തുന്നത്, നർമ്മദാ ഒരു സാധാരണ നദിയല്ല, അവൾ സൗന്ദര്യത്തിന്റെ അവതാരവും
ശാന്തിയുടെ സംഗീതവും, ദൈവികതയുടെ അനന്തവു മാണെന്ന്. മേനോന്റെ ഓരോ അദ്ധ്യായവും വായിക്കുമ്പോൾ ഒരു ചോദ്യം നമ്മിൽ തനിയെ ഉണരും, ”ഇത്രയും മഹത്തും മനോഹരവുമായൊരു നദിതീരം ഭൂമിയിൽ വേറെയുണ്ടോ?”
ഈ അതുല്യ ഗ്രന്ഥം വായനക്കാരന് രണ്ടുതരം അനുഭവങ്ങൾ നൽകും:
ഒന്നാമതായി, ഓരോ വ്യക്തിയിലും തന്റെ ശാരീരിക വിഷമതകളെ അതിജീവിക്കാൻ തക്ക ശേഷി തീർച്ചയായും ഉണ്ട്. ദൃഢനിശ്ചയമുണ്ടെങ്കിൽ ചെളിയിൽകൂടി നടന്ന്, കാട്ടുവഴികൾ താണ്ടി, 40-50 കിലോമീറ്റർ ദിവസവും നടക്കാൻ ആർക്കും ആവും. മറ്റൊന്ന്, ദൈവ കൃപക്ക് അതിരുകളെ ഇല്ലാ. പരിക്രമത്തിന്റെ ഒരു ഘട്ടത്തിൽ ഗ്രന്ഥകാരൻ തുറന്ന് സമ്മതിക്കുന്നു- ‘എന്റെ കാലുകളെ നടത്തുന്നത് ഞാനല്ല, ദൈവത്തിന്റെ കൃപയാണ്.” വായനക്കാരും ഈ പുണ്യ അനുഭവത്തിൽ പങ്കുചേരുന്നു.
എഴുത്തുകാരന്റെ കൃത്രിമത്വമില്ലാത്ത ശുദ്ധവും ലളിതവുമായ ഭാഷ നമ്മെ വായനയിൽ പിടിച്ചിരുത്തും. ഓരോ വരിയിലും ഹൃദയസ്പർശിയായ സത്യസന്ധതയും, ആത്മീയ ചായ്വും, ലാളിത്യവും വേണ്ടിടത്ത് ഹാസ്യവും വിതറിക്കൊണ്ടുള്ള അതുല്യമായ രചന നമ്മെ തീർച്ചയായും ആഹ്ലാദിപ്പിക്കും. ഒരിക്കൽ ഒരു ഗ്രാമവാസിയുടെ ചോദ്യത്തിന്, ”ബാബാ, ഇത്രയും ദൂരം നടന്നു അങ്ങ് എങ്ങനെ ഇവിടെയെത്തി?” അദ്ദേഹം ചിരിച്ചുകൊണ്ട് നൽകിയ മറുപടി, ”നർമ്മദാ മാതാവ് വിളിച്ചാൽ വരാതിരിക്കാനാവില്ലല്ലോ” എന്നാണ്. അതി തീവ്രമായ അനുഭവങ്ങളെയും അദ്ദേഹം വളരെ ലളിതമായ ഭാഷയിൽ എഴുതിയിരിക്കുന്നു. ഒരു കൊച്ചുകുട്ടി വഴികാട്ടാൻ ഓടി വന്നത്, ഒരു വൃദ്ധൻ മിണ്ടാതെയൊരു ചായ കൈമാറിയത്, മഴയിൽ നനഞ്ഞു കുതിർന്നപ്പോൾ ഒരു കുടിലിൽ അഭയം കിട്ടിയത്, ഒന്നിലധികം തവണ കാൽതെറ്റി വീണത് എല്ലാം ഭാഷയുടെ കാഠിന്യം ഇല്ലാതെ മനസിൽ പതിയുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.
അദ്ദേഹത്തിന്റെ എഴുത്തിൽ ഹൃദയസ്പർശിയായ സത്യസന്ദത പൂർണ്ണമായി തെളിഞ്ഞിരിക്കുന്നു. ക്ഷീണിച്ച് അവശനായ ദിനങ്ങളിലും തന്റെ അമ്മ വീണു എല്ല് പൊട്ടിയത് അറിഞ്ഞപ്പോഴും മനസ്സ് തളർന്നതും ദേഹം വേദനയാൽ നിറഞ്ഞതും, ചിലപ്പോൾ ഭക്ഷണം കിട്ടാതെ മണിക്കൂറുകൾ നടന്നതുമെല്ലാം അദ്ദേഹം മറച്ചുവയ്‌ക്കാതെ ആത്മാർത്ഥമായി പങ്കുവയ്‌ക്കുന്നു. ഒരു ദിവസം ഒരു ചെറിയ പെൺകുട്ടി കൈയിൽ ഉണ്ടായിരുന്ന ഒരു ചെറിയ ബിസ്‌കറ്റ്പാക്കറ്റ് മുഴുവൻ അദ്ദേഹത്തിന് നൽകി ”ബാബ, താങ്കൾക്ക് ഇത് വേണ്ടിവരും ഞാൻ പിന്നെ വാങ്ങിക്കോളാം” എന്നു പറയുന്ന ദൃശ്യം നമ്മുടെ മനസ്സിൽ നിന്നു ഒരിക്കലും മായില്ല.
അതേസമയം, ആത്മീയത അദ്ദേഹത്തിന്റെ കൃതിയിൽ പൂർണമായും പതിഞ്ഞിരിക്കുന്നു. നർമ്മദാ മാതാവിന്റെ ജലത്തിൽ കാൽ കഴുകുമ്പോൾ അനുഭവിച്ച ആന്തരിക ശാന്തി, ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾക്കു മുന്നിൽ നിൽക്കുമ്പോൾ മനസ്സിൽ ഉയർന്ന വികാരങ്ങൾ, രാത്രിയിൽ നക്ഷത്രങ്ങളെസാക്ഷിയാക്കി കിടന്നപ്പോൾ അനുഭവിച്ച അദൃശ്യസാന്നിധ്യം, ചില യാത്രികരുടെ അസുഘ കരമായ പെരുമാറ്റങ്ങൾ എല്ലാം അസാധാരണമായ ആത്മീയ താളംകൊണ്ട് നിറച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ എഴുത്തിന്റെ മഹത്വത്തെ കാണിക്കുന്നു.
ഇങ്ങനെ പുസ്തക മാകെ ലാളിത്യവും സത്യ്‌സദ്ധതയും ആത്മീയതയും ചേർന്ന ഒരു അപൂർവ്വയാത്ര. വായനക്കാരന് അദ്ദേഹം ഒരു സാധാരണ യാത്രികനല്ല, ഒരു ഭക്തൻ, ഒരു സഹോദരൻ,
ഒരു സഹപദയാത്രികൻ, എല്ലാമാണ്.
എന്തുകൊണ്ട് എല്ലാവരും ‘നർമദേ ഹർ’ നിർബന്ധമായും വായിക്കണം?
• മലയാളത്തിൽ ആദ്യമായി നർമ്മദാപരിക്രമത്തെ ആഴത്തിൽ പരിചയപ്പെടുത്തിയ കൃതി.
• ഹിന്ദു ആത്മീയസാധനയിലെ ഒരു മഹത്തായ പാരമ്പര്യത്തെ സ്പഷ്ടമായി അവതരിപ്പിക്കുന്ന കൃതി.
• ഗ്രാമീണ ഭാരതത്തിന്റെ ഹൃദയത്തിലെ സംസ്‌കാരവും മനോഹാരിതയെയും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു
• ഒരാളുടെ ജീവിതത്തെ സമഗ്രമായി മാറ്റം വരുത്താവുന്ന പുസ്തകം.
അതിനാൽ ഈ പുസ്തകം ഒരു സാധാരണ യാത്രാവിവരണമല്ല;
അതൊരു ആത്മീയ സ്രോതസ്സാണ്.
പുസ്തകത്തിന്റെ അവസാന പേജ് അടയ്‌ക്കുമ്പോൾ വായനക്കാരന്റെ ഹൃദയത്തിൽ ഒരു ആഗ്രഹം തെളിയുo: ‘എനിക്കും ഒരുദിവസം… നർമദേ ഹർ എന്ന് വിളിച്ചുകൊണ്ട് ആ മഹത്തായ പുണ്യനദിയെ പ്രദക്ഷിണം ചെയ്യാൻ ആവട്ടെ”
ജീവിതത്തിന്റെ യഥാർത്ഥ പാഠങ്ങൾ പുസ്തകങ്ങളിൽ നിന്നും മൊബൈൽ സ്‌ക്രീനുകളിൽ നിന്നും മാത്രമല്ല – സഞ്ചാരത്തിലൂടെയും അനുഭവത്തിലൂടെയും ആണ് നമുക്ക് ലഭിക്കുന്നത്. ഒരു അതുല്യ തീർത്ഥാടനo നമ്മെ മാറ്റിമറിക്കും – ഹൃദയത്തെ മൃദുവാക്കുകയും മനസിനെ ശക്തമാക്കുകയും ചെയ്യും..
അതിനാൽ നമുക്കെല്ലാം ഒരിക്കലെങ്കിലും നർമ്മദ പാരിക്രമം ചെയ്യാൻ തീരുമാനിക്കാം. വഴിയിലെ കയറ്റങ്ങളും ഇറക്കങ്ങളും നമ്മെ ഒരു കാര്യം പഠിപ്പിക്കും – ജീവിതത്തിൽ എത്ര പ്രതിസന്ധിയുണ്ടായാലും നമ്മുക്ക് അവയെല്ലാം അതിജീവിക്കാം.
നാം കാണുന്ന ഭക്തിയുടെ നിമിഷങ്ങൾ, പ്രകൃതിയുടെ നിശ്ശബ്ദത, അജ്ഞാതരുടെ ചിരിയും സഹായവും – എല്ലാം നമ്മെ പഠിപ്പിക്കുന്നു: എങ്ങനെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യണം, എങ്ങനെ മനസിനെ ഉറപ്പിക്കണം, എങ്ങനെ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തണം എന്നൊക്കെ.
പരിക്രമണം വെറും ശരീരയാത്ര മാത്രമല്ല – അത് ഒരു അന്തരിക യാത്ര കൂടിയാണ്. ഒരിക്കൽ ചെയ്താൽ, നാം ഒരു പരിവർത്തിത വ്യക്തിയായി മാരും. അതിനാൽ താമസിയാതെ അവസരം ലഭിക്കുമ്പോൾ നമുക്ക് മടിക്കാതെ പുറപ്പെടാം: ജീവിതത്തെ അടുത്തറിയാനുള്ള ഏറ്റവും വലിയ സ്‌കൂളാണ് അതെന്ന് മനസ്സിലാക്കാം.
നർമദാപരിക്രമത്തെ മലയാളികളുടെ മനസ്സിൽ പ്രതിഷ്ടിച്ച
ശിവകുമാർ മേനോന് ഹൃദയംനിറഞ്ഞ നന്ദി.
(കേസരി വാരികയോട് കടപ്പാട്)
നർമദേ ഹർ, രചന: ശിവകുമാർ മേനോൻ: മനോരമ ബുക്ക്‌സ്, കോട്ടയം, പേജ്: 267. വില: രൂ.350.
—————————————————————————-
പ്രദീപ് കൃഷ്ണൻ: കോമേഴ്സ്, നിയമ ബിരുദവും പത്രപ്രവർത്തനത്തിൽ പി.ജി. ഡിപ്ലോമയും നേടിയ അദ്ദേഹം 36 വർഷത്തോളം ഒരു കേന്ദ്ര സർക്കാർ വകുപ്പിൽ സേവനമനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലെ നിരവധി പ്രശസ്ത ആനുകാലികങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും ലേഖനങ്ങൾ എഴുതിവരുന്നു. രണ്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്: Leaving Churchianity: Conversations with Ex-Christians Seeking Redemption in Sanatan Dharma, ‘അറിവിന്റെ അഭിമുഖങ്ങൾ’ – 35 പ്രമുഖ വ്യക്തികളുമായുള്ള സംഭാഷണങ്ങളുടെ സമാഹാരം. മൊബൈൽ: 9349881530.
************














