
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മകള്‍ വീണ വിജയനും മരുമകനും സി പി എം നേതാവുമായ മൊഹമ്മദ് റിയാസും ഉള്‍പ്പെടെ ആരോപണ വിധേയരായ മാസപ്പടി കേസില്‍ ഇ ഡി റിപ്പോര്‍ട്ട് പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ്.ക്രൈം ബ്രാഞ്ച് എ ഡി ജി പി മേല്‍നോട്ടം വഹിക്കും. എസ് പി വിക്രമന്‍ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍.മൂന്ന് ഡി വൈ എസ് പി മാരും അഞ്ച് ഇന്‍സ്‌പെക്ടര്‍മാരും സംഘത്തിലുണ്ടാകും.സൈബര്‍ വിഭാഗം ഉദ്യോഗസ്ഥരെയും എസ്‌ഐടിയില്‍ ഉള്‍പ്പടുത്തിയിട്ടുണ്ട്.
സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കാട്ടി സംസ്ഥാന പൊലീസ് മേധാവിയാണ് ഉത്തരവ് ഇറക്കിയത്.ഇ ഡി കണ്ടെത്തലുകളില്‍ നിന്നാകും അന്വേഷണം തുടങ്ങുക.ഹവാല ഇടപാടില്‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കും.
ഇ ഡി കത്ത് നല്‍കി 15 ദിവസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്.പിണറായിക്കെതിരെ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുക്കാമെന്നാണ് നിയമോപദേശമെങ്കിലും അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സംസാരിച്ച ശേഷമാണ് നയപരമായ തീരുമാനമെടുത്തത്. ഡിജിപി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഇന്നലെ രമേശ് ചെന്നിത്തല ചര്‍ച്ച നടത്തി.