
മലപ്പുറം: ജ്വല്ലറിയിൽ ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്തെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വർണാഭരണങ്ങളുമായി യുവാവ് കടന്നുകളഞ്ഞു. പുളിക്കൽ ടൗണിൽ പ്രവർത്തിക്കുന്ന ബഹ്‌റൈൻ ജ്വല്ലറിയിലാണ് വ്യാജ പേയ്‌മെന്റ് ആപ്പ് ഉപയോഗിച്ചുള്ള തട്ടിപ്പ് നടന്നത്. സെപ്റ്റംബർ 21 തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.
ജ്വല്ലറിയിലെത്തി സ്വർണാഭരണങ്ങൾ തെരഞ്ഞെടുത്ത ശേഷം, ബിൽ തുക ഗൂഗിൾ പേ വഴി വിജയകരമായി അയച്ചെന്ന തരത്തിലുള്ള വ്യാജ സന്ദേശം മൊബൈൽ സ്‌ക്രീനിൽ കാണിച്ച് ഇയാൾ ജീവനക്കാരെ വിശ്വസിപ്പിക്കുകയായിരുന്നു. എന്നാൽ വ്യാപാരിയുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആയിട്ടില്ലെന്ന് മനസ്സിലാക്കി ജീവനക്കാർ പരിശോധിക്കുന്നതിനും തൊട്ടുമുമ്പ് തന്നെ പ്രതി സ്വർണവുമായി കടന്നുകളഞ്ഞു.
സംഭവത്തിൽ ജ്വല്ലറി ഉടമകൾ പോലീസിൽ പരാതി നൽകി.ഇയാളെ കുറിച്ചുള്ള അന്വേഷണത്തിൽ, പ്രതി നിലവിൽ കൊണ്ടോട്ടിയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് താമസിക്കുന്നതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. മുൻപും കൊണ്ടോട്ടിയിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ വ്യാപാര സ്ഥാപനങ്ങളിൽ സമാനമായ രീതിയിൽ വ്യാജ പേയ്‌മെന്റ് സക്രീൻഷോട്ടുകൾ കാണിച്ച് ഇയാൾ തട്ടിപ്പ് നടത്തിയിട്ടുള്ളതായി വിവരമുണ്ട്.