പത്തനംതിട്ട: ശബരിമലയിലെ അരവണ പ്രതിസന്ധി തുടരാന്‍ സാധ്യതയേറി. അരവണ പ്ലാന്റ് നവീകരണം ഒക്ടോബര്‍ 13നേ പൂര്‍ത്തിയാകൂ. രണ്ടുദിവസം ട്രയല്‍. തുലാമാസ പൂജയ്‌ക്ക് ഒക്ടോബര്‍ 17ന് വൈകിട്ട് നട തുറക്കുംമുമ്പ് അരവണ തയാറാകണം. കന്നിമാസ പൂജയ്‌ക്കുണ്ടായതു പോലെ തുലാമാസ പൂജയ്‌ക്കും തിരക്കു വര്‍ധിക്കാം. അങ്ങനെയെങ്കില്‍ അടുത്ത മാസപൂജയ്‌ക്കും അരവണ പ്രതിസന്ധിയുണ്ടാകും.
തുലാമാസ പൂജ കഴിഞ്ഞാല്‍ മണ്ഡലകാലത്തിന് 25 ദിവസം മാത്രം. ഇതിനിടെ 70 ലക്ഷം കണ്ടെയ്‌നര്‍ അരവണ എങ്ങനെയുണ്ടാക്കുമെന്നതാണ് ആശങ്ക.
ശര്‍ക്കരക്കരാറിനുള്ള സമയം അതിക്രമിച്ചു. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത അന്നപൂര്‍ണ ഗ്രൂപ്പിനാണ് കരാര്‍ നല്കാന്‍ നിശ്ചയിച്ചത്. കിലോയ്‌ക്ക് 46.86 രൂപ നിരക്കില്‍ കരാറുറപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ വിലയെക്കാള്‍ 7.51 രൂപ കൂടുതല്‍. കിലോയ്‌ക്ക് 39.35 രൂപയ്‌ക്കായിരുന്നു കഴിഞ്ഞ വര്‍ഷം കരാര്‍.
മുന്‍വര്‍ഷങ്ങളില്‍ കരാറുകാര്‍ സന്നിധാനത്തെ ഗോഡൗണില്‍ ശര്‍ക്കരയെത്തിച്ചിരുന്നു. ഇത്തവണ പമ്പയിലേ എത്തിക്കൂ. ബോര്‍ഡിന്റെ സ്വന്തം ചെലവില്‍ സന്നിധാനത്തേക്കു ശര്‍ക്കര മാറ്റണം. പമ്പയില്‍ നിന്നുള്ള കടത്തുകൂലി ഉള്‍പ്പെടെ ബോര്‍ഡിന് ഇത്തവണ നാലുകോടി രൂപയിലധികം ചെലവാകും. അതിനാല്‍ കരാറില്‍ ഒപ്പിട്ടിട്ടില്ല.
നെയ്യുകാര്യത്തിലും പ്രതിസന്ധിയാണ്. പുറത്തുനിന്നു നെയ്യ്‌ക്കു പകരം അയ്യപ്പഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യ്, അപ്പവും അരവണയുണ്ടാക്കാനും പൂജയ്‌ക്കും ഉപയോഗിച്ചാല്‍ മതിയെന്നാണ് തീരുമാനം. വിവിധ കമ്പനികളുടെ നെയ്യാകും ഭക്തര്‍ സമര്‍പ്പിക്കുക. ഇതിന്റെ ഗുണ നിലവാരം വിലയിരുത്തണം.
മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം മാത്രമിരിക്കേ മരാമത്തുപണികള്‍ അടക്കമുള്ളവയുടെ താളംതെറ്റി. മുന്നൊരുക്കങ്ങള്‍ക്കുള്ള സമയവും അതിക്രമിച്ചു. പമ്പയിലെ പാര്‍ക്കിങ് ക്രമീകരണം വിലയിരുത്താനെത്തിയ അറ്റോര്‍ണി ജനറല്‍ അനൂപ് എസ്. നായരോടു വകുപ്പു മേലധികാരികളും ദേവസ്വം ഉദ്യോഗസ്ഥരും കാര്യങ്ങള്‍ വിശദീകരിച്ചു. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കാര്യങ്ങള്‍ കോടതിയെ അറിയിച്ചാലേ മുന്നൊരുക്കം പുരോഗമിക്കൂ. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം മന്ത്രിയും തമ്മിലെ ശീതസമരമാണു പ്രതിസന്ധിക്കു കാരണം.
















