തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി കെ. മുരളീധരനും ദേവസ്വം ബോര്‍ഡും തമ്മിലുള്ള ഭിന്നത പ്രസിഡന്‌റ് കെ. ജയകുമാറിന്‌റെ രാജിയിലേക്കു നീങ്ങും വിധം വഷളായി. അരവണ ക്ഷാമം സംബന്ധിച്ച തര്‍ക്കം ദേവസ്വം ബോര്‍ഡിന്‌റെ കഴിവില്ലായ്‌മയാണെന്ന മന്ത്രിയുടെ വിമര്‍ശനത്തെ ബോര്‍ഡ് തള്ളിയിരുന്നു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് തങ്ങള്‍ കാര്യങ്ങള്‍ ചെയ്യുന്നതെന്നും മന്ത്രിയുടെ തിട്ടൂരങ്ങള്‍ വേണ്ടെന്നുമുള്ള മട്ടിലുള്ള ദേവസ്വം ബോര്‍ഡിന്‌റെ പ്രതികരണങ്ങള്‍ മന്ത്രിയെ ചൊടിപ്പിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ സര്‍ക്കാര്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നാണ് ഏറ്റവുമൊടുവില്‍ ഇന്ന് മന്ത്രി കെ. മുരളീധരന്‍ മുന്നറിയിപ്പുനല്‍കിയത്.
ശബരിമലയില്‍ അപ്പവും അരവണയും ലഭ്യമാകാത്തതുമായി ബന്ധപ്പെട്ട വീഴ്ചകള്‍ വിലയിരുത്തുന്നതിനു പകരം സര്‍ക്കാരിനെ വിമര്‍ശിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്ന് ശ്രമം നടക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ചും കോടതിയുടെ അനുമതിയോടെയും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് ഉത്സവം മികച്ച രീതിയില്‍ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു പിന്നാലെ, ബോര്‍ഡിന്റെ പല തീരുമാനങ്ങളിലും വിയോജിച്ച് മന്ത്രിയുടെ ഭാഗത്തുനിന്ന് പലവട്ടം ഔദ്യോഗിക കത്തുകള്‍ പോയിട്ടുണ്ട്. ബോര്‍ഡിന്റെ ഭരണപരമായ കാര്യങ്ങളില്‍ മന്ത്രിയുടെ ഓഫീസ് അനാവശ്യമായി ഇടപെടുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുവെന്ന ആക്ഷേപം ബോര്‍ഡും പ്രകടപ്പിച്ചിരുന്നു. അന്നൊക്കെ രാജി സന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്തകള്‍ ജയകുമാര്‍ നിഷേധിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അനുദിനം വഷളാവുന്ന സാഹചര്യത്തില്‍ പ്രസിഡന്‌റു പദവിയില്‍ കടിച്ചുതൂങ്ങിക്കിടക്കുകയാണെന്ന ആക്‌ഷേപം ശക്തമാവുകയാണ്. ഉദ്യോഗസ്ഥനെന്ന നിലയില്‍ മാത്രമല്ല, സാംസ്‌കാരിക പ്രവര്‍ത്തകനെന്ന നിലയിലും ശ്രദ്‌ധേയനായ ജയകുമാറിന് എത്രകാലം സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
















