കോഴിക്കോട്: സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് എഫ്.സിയുടെ ഫുട്ബോൾ താരം റിജോൺ ജോസ് (29) കോഴിക്കോട്ടുണ്ടായ വാഹനാപകടത്തിൽ മരിച്ചു. സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്‌സിയുടെ പ്രതിരോധ താരമാണ് റിജോണ്‍.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന് സമീപം വച്ച് റിജോൺ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന കാലിക്കറ്റ് എഫ്.സി താരമായ ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്കേറ്റു. ഗനി അഹമ്മദ് നിഗം കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിച്ചിരുന്നു.
സൂപ്പർ ലീഗ് പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ദാരുണാപകടം. റിജോൺ ജോസ് മുമ്പ് ഫോർസ കൊച്ചി, എഫ്.സി ഡെക്കാൻ, വയനാട് യുണൈറ്റഡ് തുടങ്ങിയ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. അപകടത്തിൽ ഇരു ബൈക്കുകളിലുമായി ഉണ്ടായിരുന്ന മൂന്ന് പേരും തെറിച്ചുവീണു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ റിജോൺ ജോസ് മരണത്തിണ് കീഴടങ്ങി. ഗുരുതര പരിക്കേറ്റ ഗനി അഹമ്മദ് നിഗമിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
റിജോൺ അടങ്ങുന്ന കാലിക്കറ്റ് എഫ്.സിയും തിരുവനന്തപുരം കൊമ്പൻസും തമ്മിലുള്ള ആദ്യമത്സരം ശനിയാഴ്ച കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കേണ്ടതായിരുന്നു. വെള്ളിമാടുകുന്ന് ജെ.ഡി.ടി ഗ്രൗണ്ടിൽ ഇതിനുള്ള പരിശീലനത്തിലായിരുന്നു ടീം.
















