
ആലുവ: ഷട്ടിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞൂർ കാഞ്ഞിലാൻ വീട്ടിൽ അജയൻ (48) ആണ് മരണപ്പെട്ടത്. ശനിയാഴ്ച അതിരാവിലെ കാഞ്ഞൂരിലെ ഷട്ടിൽ കോർട്ടിൽ വച്ചായിരുന്നു സംഭവം.
കളി പൂർത്തിയാക്കിയ ശേഷം കസേരയിൽ ഇരിക്കുമ്പോൾ അജയന് കഠിനമായ നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻതന്നെ സി.പി.ആർ നൽകിയ ശേഷം തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രദേശത്തെ നിരവധി കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകിയിരുന്ന അജയൻ വിവിധ സ്കൂളുകളിലെ കായിക അധ്യാപകനുമായിരുന്നു. കായിക മേഖലയിലും പരിശീല രംഗത്തും സജീവമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം നാട്ടുകാരെയും വിദ്യാർത്ഥികളെയും വലിയ ആഘാതത്തിലാഴ്‌ത്തി. ഭാര്യ: മിനി.