
ഭോപ്പാല്‍: ഭാരതത്തിലെ ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വേകി മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ നാല് ചീറ്റക്കുഞ്ഞുങ്ങള്‍ കൂടി പിറന്നു. ഭാരതത്തില്‍ തന്നെ ജനിച്ച കെജിപി12 എന്ന പെണ്‍ചീറ്റയാണ് നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇതോടെ ‘പ്രോജക്ട് ചീറ്റ’ ആരംഭിച്ച ശേഷം രാജ്യത്ത് ജനിച്ച ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം 36 ആയി.
നാല് ചീറ്റക്കുഞ്ഞുങ്ങളുടെ ജനനം ചരിത്രപരവും ഏറെ സന്തോഷം പകരുന്നതുമായ നേട്ടമാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പ്രതികരിച്ചു. ഭാരതത്തിലെ ചീറ്റ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും സ്വാഭാവിക പ്രജനനത്തിനും ലഭിച്ച പ്രധാന വിജയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 2022 സപ്തംബര്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നമീബിയയില്‍ നിന്നുള്ള എട്ട് ചീറ്റകളെ കുനോയില്‍ വിട്ടയച്ചതോടെയാണ് പ്രോജക്ട് ചീറ്റയ്‌ക്ക് തുടക്കമായത്. നിലവില്‍ 52 ചീറ്റകളാണ് കുനോ ദേശീയോദ്യാനത്തിലുള്ളത്.