
തിരുവനന്തപുരം: പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള സര്‍വകലാശാല നാലുവര്‍ഷ ബിരുദ പ്രോഗ്രാമിലെ ഒന്ന്, നാല് സെമസ്റ്റര്‍ പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു.പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സിന്‍ഡിക്കേറ്റ് യോഗമാണ് നിര്‍ണായക തീരുമാനമെടുത്തത്.
പരീക്ഷാ നടത്തിപ്പിനും ഫലപ്രഖ്യാപനത്തിനുമായി സര്‍വകലാശാല ഉപയോഗിച്ചിരുന്ന കെ-റീപ്പ് സോഫ്റ്റ്വെയര്‍ പൂര്‍ണമായി ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ഒന്നാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷാഫലങ്ങളിലാണ് അപാകതകള്‍ ഉണ്ടായത്. തോറ്റ വിഷയങ്ങള്‍ ജയിച്ചതായും ജയിച്ച മുന്‍ പരീക്ഷകളിലെ മാര്‍ക്കുകള്‍ കാണാതാവുകയും ചില വിദ്യാര്‍ത്ഥികള്‍ക്ക് പൂജ്യം മാര്‍ക്ക് രേഖപ്പെടുത്തുകയും ചെയ്തു.
പോര്‍ട്ടലിലെ പ്രശ്‌നങ്ങള്‍ മൂലം ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും മാര്‍ക്ക്ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.സോഫ്റ്റ്വെയര്‍ ഒഴിവാക്കി കോളേജുകളില്‍ നിന്ന് എക്‌സല്‍ ഷീറ്റുകള്‍ വഴി നേരിട്ട് മാര്‍ക്കുകള്‍ ശേഖരിച്ച് അപാകതകള്‍ പരിഹരിക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം. പുതുക്കിയ പരീക്ഷാഫലങ്ങള്‍ എത്രയും വേഗം കൃത്യതയോടെ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.