പതിറ്റാണ്ടുകളായി സെമികണ്ടക്ടര്‍ മേഖലയിലെ ഭാരതത്തിന്റെ സ്ഥാനം നിര്‍വചിക്കപ്പെട്ടിരുന്നത് വലിയൊരു വൈരുദ്ധ്യത്തിലൂടെയായിരുന്നു. അത്യാധുനിക ചിപ്പുകള്‍ ഡിസൈന്‍ ചെയ്യാന്‍ രാജ്യത്തെ എന്‍ജിനീയര്‍മാര്‍ സഹായിച്ചിരുന്നെങ്കിലും അവ നിര്‍മിക്കാനും പായ്‌ക്ക് ചെയ്യാനും പരിശോധിക്കാനും രാജ്യം വിദേശ സൗകര്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ആ വിടവ് ഇപ്പോള്‍ നികത്തപ്പെട്ടു തുടങ്ങി. 2021-ല്‍ ‘ഇന്ത്യാ സെമികണ്ടക്ടര്‍ മിഷന്‍’ ആരംഭിച്ചതിന് ശേഷം കേവലം നയപരമായ ലക്ഷ്യങ്ങളില്‍ നിന്ന് ഫാക്ടറികള്‍ നിര്‍മിക്കുന്നതിലേക്കും വിതരണ ശൃംഖലകള്‍ വികസിപ്പിക്കുന്നതിലേക്കും പ്രതിഭകളെ പരിശീലിപ്പിക്കുന്നതിലേക്കും വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദനം തുടങ്ങുന്നതിലേക്കും ഭാരതം മുന്നേറിക്കഴിഞ്ഞു.
ഒറ്റപ്പെട്ട പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ വലുതാണ് അടുത്ത ദൗത്യം. ഒരു സെമികണ്ടക്ടര്‍ നിര്‍മാണശാലയ്‌ക്ക് ഒരിക്കലും ഒറ്റപ്പെട്ട ഒരു തുരുത്തായി നിലനില്‍ക്കാനാവില്ല. പാക്കേജിങ് – പരിശോധനാ സൗകര്യങ്ങള്‍, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍, സംശുദ്ധ രാസവസ്തുക്കളും വാതകങ്ങളും, അതിസൂക്ഷ്മ എന്‍ജിനീയറിങ്, ചരക്കുനീക്കം, ഗവേഷണ സ്ഥാപനങ്ങള്‍, വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ എന്നിവയെ നിരന്തരം ആശ്രയിച്ചാണ് അത് നിലകൊള്ളുന്നത്. ഈ സൗകര്യങ്ങള്‍ ഒരുമിച്ചു കൊണ്ടുവരുന്നത് ഗതാഗത-സംഭരണ ചെലവുകള്‍ കുറയ്‌ക്കാനും കാലതാമസം ഒഴിവാക്കാനും ഏകോപനം മെച്ചപ്പെടുത്താനും പദ്ധതി നിര്‍വഹണത്തിലെ അപകടസാധ്യത ലഘൂകരിക്കാനും സഹായിക്കുന്നു. അതിനാല്‍ ഒറ്റപ്പെട്ട നിര്‍മാണശാലകള്‍ മാത്രമല്ല, സംയോജിത സെമികണ്ടക്ടര്‍ കേന്ദ്രങ്ങളാണ് ഭാരതം നിര്‍മിക്കേണ്ടത്.
76,000 കോടി രൂപയുടെ ‘സെമിക്കോണ്‍ ഇന്ത്യ’ സംരംഭത്തിലൂടെയും നിര്‍മാണം, പരിശോധന, പാക്കേജിങ്, ചിപ്പ് ഡിസൈന്‍ എന്നിവയ്‌ക്ക് പിന്തുണ നല്‍കുന്നതിലൂടെയും കേന്ദ്ര സര്‍ക്കാര്‍ ഇതിന് അടിസ്ഥാനമൊരുക്കിയിട്ടുണ്ട്. 1.64 ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങളോടെ ആറ് സംസ്ഥാനങ്ങളിലായി പന്ത്രണ്ട് സെമികണ്ടക്ടര്‍ പദ്ധതികള്‍ക്കും അംഗീകാരം നല്‍കി. വെയ്ഫര്‍ ഫാബ്രിക്കേഷന്‍, അത്യാധുനിക പാക്കേജിങ്, മെമ്മറി അസംബ്ലിയും പരിശോധനയും, കോംപൗണ്ട് സെമികണ്ടക്ടറുകള്‍, പ്രത്യേക സാങ്കേതികവിദ്യകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. അസം, ഗുജറാത്ത്, ഒഡീഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ പദ്ധതികള്‍ പരസ്പര പൂരക ശേഷികളാണ് സ്ഥാപിച്ചെടുക്കുന്നത്; അതേസമയം ഡിസൈന്‍ കമ്പനികള്‍, അത്യാധുനിക ഉപകരണങ്ങള്‍, ചിപ്പ് നിര്‍മാണശാലകള്‍ ഉപയോഗിക്കാനുള്ള സൗകര്യം, അക്കാദമിക സഹകരണം എന്നിവയുടെ പിന്തുണ പുതിയ കണ്ടുപിടുത്തങ്ങളുടെ പാതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.
‘മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും’ എന്ന തത്വമാണ് ഈ ദേശീയ ശ്രമങ്ങളെ ഇനി നയിക്കേണ്ടത്. അസംസ്‌കൃത വസ്തുക്കളും ഉപകരണ പിന്തുണയും ചിപ്പ് ഡിസൈന്‍, ഫാബ്രിക്കേഷന്‍, പാക്കേജിങ്, പരിശോധന, ഇലക്ട്രോണിക് ഉല്പന്നങ്ങള്‍ എന്നിവയുമായി തടസ്സമില്ലാതെ ബന്ധപ്പെടുമ്പോഴാണ് ഭാരതത്തിന്റെ മേല്‍ക്കൈ പ്രകടമാവുക. ഒരേ കേന്ദ്രത്തില്‍ വിവിധ ഘടകങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് വിതരണക്കാരുടെ യോഗ്യതാ നിര്‍ണയം വേഗത്തിലാക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ പങ്കിട്ട് പ്രയോജനപ്പെടുത്താനും നിര്‍മാതാക്കള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കും ഒരുമിച്ച് ഉല്പാദനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വഴിയൊരുക്കുന്നു. വന്‍കിട ഉപഭോക്താക്കള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്നതിലൂടെയും ക്രമേണ ആഗോള ഗുണനിലവാര-വിശ്വാസ്യത മാനദണ്ഡങ്ങള്‍ കൈവരിക്കുന്നതിലൂടെയും രാജ്യത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് സെമികണ്ടക്ടര്‍ വിതരണ ശൃംഖലയുടെ ഭാഗമാകാനും ഇത് വഴിയൊരുക്കുന്നു.
വിശാലമായ ദേശീയ ദൗത്യത്തിന്റെ ഭാഗമായി ഈ ക്ലസ്റ്റര്‍ സമീപനം എങ്ങനെ രൂപപ്പെടുത്താമെന്നതിന് ഗുജറാത്ത് മികച്ച ഉദാഹരണമാണ്. ഭാരതത്തിലെ ആദ്യ സമഗ്ര സെമികണ്ടക്ടര്‍ നയം അവതരിപ്പിച്ച ഗുജറാത്ത് ഒരൊറ്റ കേന്ദ്രത്തില്‍ നിന്ന് ഏകോപനം സാധ്യമാക്കാന്‍ ‘ഗുജറാത്ത് സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് മിഷന്‍’ സ്ഥാപിച്ചു. അംഗീകാരം ലഭിച്ച ആറ് പദ്ധതികളും 1.24 ലക്ഷം കോടി രൂപയിലധികം നിക്ഷേപവും ഇപ്പോള്‍ സംസ്ഥാനത്തിനുണ്ട്. എന്നാല്‍ ധോലേര, സാനന്ദ്, സൂറത്ത് എന്നിവിടങ്ങളിലായി ഫാബ്രിക്കേഷന്‍, പാക്കേജിങ്, അടിസ്ഥാന സൗകര്യങ്ങള്‍, വിതരണക്കാര്‍, പ്രതിഭകള്‍ എന്നിവയ്‌ക്കിടയില്‍ വളര്‍ന്നുവരുന്ന പരസ്പര ബന്ധമാണ് ഇതിലും പ്രധാനപ്പെട്ട നേട്ടം.
മൈക്രോണ്‍ ടെക്‌നോളജി, കെയ്ന്‍സ് സെമികോണ്‍, സി.ജി സെമി എന്നിവ സ്ഥാപിച്ച കേന്ദ്രങ്ങള്‍ക്ക് ചുറ്റും പ്രധാന പാക്കേജിങ് മേഖലയായി സാനന്ദ് വികസിച്ചുകൊണ്ടിരിക്കുകയാണ്. ഗുജറാത്തിലെ മൂന്ന് പ്രധാന സ്ഥാപനങ്ങള്‍ 2026-ല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദനം ആരംഭിച്ചുകഴിഞ്ഞു. അവയുടെ പ്രവര്‍ത്തനം ഉപകരണങ്ങള്‍, പ്രത്യേക രാസവസ്തുക്കള്‍, വ്യാവസായിക വാതകങ്ങള്‍, ക്ലീന്റൂമുകള്‍, പരിശോധന, ചരക്കുനീക്കം, അതിസൂക്ഷ്മ എന്‍ജിനീയറിങ് എന്നിവയ്‌ക്ക് സുസ്ഥിര ആവശ്യകത സൃഷ്ടിക്കുന്നു. ഈ ആവശ്യകത വിതരണക്കാരെ ആകര്‍ഷിക്കാനും വിദൂര സേവന ശൃംഖലകളെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും രാജ്യത്തെ സാങ്കേതിക കമ്പനികള്‍ക്കും സംരംഭങ്ങള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ തുറന്നുനല്‍കാനും വഴിയൊരുക്കുന്നു.
ഫാബ്രിക്കേഷന്റെ പ്രധാന കേന്ദ്രമായി ധോലേര നിലകൊള്ളുന്നു. തായ്വാന്റെ പവര്‍ചിപ്പ് സെമികണ്ടക്ടര്‍ നിര്‍മാണ കോര്‍പ്പറേഷനുമായി സഹകരിച്ച് ടാറ്റ ഇലക്ട്രോണിക്‌സ് ഭാരതത്തിലെ ആദ്യ വാണിജ്യ സെമികണ്ടക്ടര്‍ നിര്‍മാണശാല അവിടെ സ്ഥാപിക്കുകയാണ്. ഇരട്ട ഗ്രിഡ് വൈദ്യുതി, മുടങ്ങാത്ത ജലലഭ്യത, ശുദ്ധീകരണ സൗകര്യങ്ങള്‍, അന്താരാഷ്‌ട്ര വിമാനത്താവളം, പ്രത്യേക സംയോജിത വ്യവസായ കേന്ദ്രങ്ങള്‍ എന്നിവ സെമികണ്ടക്ടര്‍ നിര്‍മാണത്തിന് ആവശ്യമായ ഉയര്‍ന്ന അടിസ്ഥാന സൗകര്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. ക്രിസ്റ്റല്‍ മാട്രിക്‌സിന്റെ കോംപൗണ്ട്-സെമികണ്ടക്ടര്‍, അത്യാധുനിക-പാക്കേജിങ് പദ്ധതിയും സൂറത്തിലെ സുചി സെമികോണിന്റെ നിര്‍മാണ കേന്ദ്രവും ഗുജറാത്തിന്റെ സാങ്കേതിക അടിത്തറയെയും സാധ്യമായ വിതരണ ശൃംഖലയെയും കൂടുതല്‍ വിപുലീകരിക്കുന്നു.
ഈ നിര്‍മാണ മേഖലകള്‍ ഫാക്ടറികളെ വൈജ്ഞാനിക തലവുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. പണ്ഡിറ്റ് ദീന്‍ദയാല്‍ ഊര്‍ജ സര്‍വകലാശാലയിലെ പാക്കേജിങ് പരിശീലന കേന്ദ്രം, ചിപ്പ്-ഇന്‍ എക്സ്റ്റന്‍ഷന്‍ സെന്റര്‍, ഐ.ഐ.ടി ഗാന്ധിനഗറിലെ സമര്‍ത്ഥ് നാനോഫാബ്രിക്കേഷന്‍ സൗകര്യം എന്നിവയ്‌ക്ക് വ്യവസായ സജ്ജരായ പ്രതിഭകളെയും ഗവേഷണത്തെയും നിര്‍മാണ വികസനത്തെയും പിന്തുണയ്‌ക്കാന്‍ കഴിയും. ദേശീയതലത്തില്‍ പ്രാരംഭ നിക്ഷേപ ആനുകൂല്യങ്ങള്‍ക്കപ്പുറം നിലനില്‍ക്കുന്ന ശേഷി കെട്ടിപ്പടുക്കാന്‍ പ്രധാന നിര്‍മാണ നിലയങ്ങള്‍, സര്‍വകലാശാലകള്‍, രൂപകല്പനാ കേന്ദ്രങ്ങള്‍, സംയുക്ത പരിശോധനാ സൗകര്യങ്ങള്‍ എന്നിവ തമ്മിലെ സമാനമായ ബന്ധങ്ങള്‍ അത്യന്താപേക്ഷിതമായിരിക്കും.
‘സിലിക്കണ്‍ മുതല്‍ സിസ്റ്റങ്ങള്‍ വരെ: ആവാസവ്യവസ്ഥ കെട്ടിപ്പടുക്കല്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന ‘സെമിക്കോണ്‍ ഇന്ത്യ 2026’ ഒറ്റപ്പെട്ട പദ്ധതികളില്‍ നിന്ന് സംയോജിത നി
ര്‍മാണ കേന്ദ്രങ്ങളിലേക്കുള്ള ഈ മാറ്റത്തെ മുന്നോട്ട് നയിക്കാന്‍ സഹായിക്കും. ഗുജറാത്ത് ഇതിന്റെ പ്രധാന മാതൃകയാണെങ്കിലും ലക്ഷ്യം രാജ്യവ്യാപകമാണ്: അപകടസാധ്യതകള്‍ കുറയ്‌ക്കുകയും ആഭ്യന്തര മൂല്യവര്‍ധന മെച്ചപ്പെടുത്തുകയും ചിപ്പുകള്‍, സാങ്കേതികവിദ്യകള്‍, സിസ്റ്റങ്ങള്‍ എന്നിവയില്‍ ഭാരതത്തെ വിശ്വസനീയ ആഗോള സ്രോതസ്സാക്കി മാറ്റുകയും ചെയ്യുന്ന പരസ്പര ബന്ധിത സെമികണ്ടക്ടര്‍ വ്യവസായ കേന്ദ്രങ്ങളാണത്. കാലതാമസം കുറച്ചും അതിവേഗ ഗുണനിലവാര അംഗീകാരങ്ങള്‍ ഉറപ്പാക്കിയും ഭാരതത്തില്‍ സൃഷ്ടിക്കപ്പെടുന്ന മൂല്യത്തിന്റെ കൂടിവരുന്ന പങ്കിലൂടെയുമാണ് ആത്യന്തികമായി വിജയം നിര്‍ണയിക്കേണ്ടത്.














