തിരുവനന്തപുരം: സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി വിഷയത്തിൽ ഇ.ഡിയുടെ ആവശ്യത്തിൻമേൽ അന്വേഷണമാകാമെന്ന് സർക്കാറിന് നിയമോപദേശം. ഇ.ഡി കൈമാറിയ കത്തിന്റെയും രേഖകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താമെന്നാണ് അഡ്വക്കേറ്റ് ജനറൽ ആഭ്യന്തരവകുപ്പിന് കൈമാറിയ നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സർക്കാർ ഉടൻ തീരുമാനമെടുക്കും. ഇ ഡിയുടെ കത്തിലെ വസ്തുതകള്‍ അന്വേഷണത്തിന് പര്യാപ്തമാണെന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കിയ എ ജി, സുപ്രീം കോടതി അടക്കം വിവിധ കോടതി ഉത്തരവുകള്‍ സഹിതമാണ് നിയമോപദേശം നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലും ഓഫിസിലും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നിര്‍ണായകമായ പല രേഖകള്‍ കണ്ടെത്തിയതായി ഇ ഡി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇ ഡി പോലീസ് മേധാവിക്കു കത്തയച്ചത്.
അഴിമതി തടയല്‍ നിയമം 66(2) വകുപ്പ് പ്രകാരം കേസില്‍ സമാഹരിച്ച തെളിവുകള്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ടും ഇ ഡി ഡി ജി പിക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഇ ഡിയുടെ ആവശ്യം. ഈ ആവശ്യത്തിന് അനുകൂലമായാണ് ഇപ്പോള്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം.















