തിരുവനന്തപുരം: കേരളാ പോസ്റ്റല്‍ സര്‍ക്കിളിന്റെ തിരുവനന്തപുരം കണ്ണൂര്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനത്തിന് തുടക്കമായി. ഫോര്‍ട്ട് പോസ്റ്റ് ഓഫീസ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങ് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള ആറ് ടണ്‍ ശേഷിയുള്ള തപാല്‍ വാഹനം അതിവേഗ പാഴ്‌സല്‍ വിതരണത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് രാത്രി 9 മണിക്ക് പുറപ്പെടുന്ന വാഹനം പിറ്റേന്ന് രാവിലെ 11.50ഓടെ കണ്ണൂരിലെത്തും. തിരിച്ച് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും സേവനമുണ്ടാകും. തപാല്‍ ഉരുപ്പടികള്‍ അടുത്ത ദിവസം തന്നെ വിതരണം ചെയ്യും. ഗ്രീന്‍ എക്‌സ്പ്രസ് പ്രോജക്റ്റിന് കീഴില്‍ വൃക്ഷത്തൈകളുടെയും ചെടികളുടെയും തൊട്ടടുത്ത ദിവസം തന്നെയുള്ള വിതരണവും ഇതിലൂടെ ഉറപ്പാക്കും.
തിരുവനന്തപുരം ആര്‍എംഎസ് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് സ്മിത സാഗര്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് പോസ്റ്റല്‍ സര്‍വീസ് ഡയറക്ടര്‍ എന്‍.ആര്‍. ഗിരി, തിരുവനന്തപുരം നോര്‍ത്ത് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് ഗോവഡ നവ്യശ്രീ, തിരുവനന്തപുരം സൗത്ത് ഡിവിഷന്‍ സൂപ്രണ്ട് അജിത്ത് കുര്യന്‍, കേരളാ സര്‍ക്കിള്‍ മെയില്‍സ് അസിസ്റ്റന്റ് ഡയറക്ടര്‍ ബൈജുകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.












