കൊച്ചി: രാമയണം കഥയോ മിത്തോ അല്ല രാജ്യാന്തര തലങ്ങളില്‍ അറിയപ്പെടുന്ന ചരിത്രമാണെന്ന് ചിന്‍മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ബ്രഹ്‌മചാരി (ഡോ.) വേദ ചൈതന്യ. കോണ്‍ക്ലേവില്‍ രാമന്റെ ആഗോള സ്വീകാര്യതയും പശ്ചാത്തലവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളതലത്തില്‍ രാമായണത്തിനും ശ്രീരാമനും വലിയ സ്വീകാര്യത ലഭിച്ചു. രാമായണത്തെ ഭാഷകള്‍ക്ക് അതീതമായി ജനങ്ങള്‍ നെഞ്ചേറ്റി. സീത ശാന്തിയുടെ പ്രതീകമാണ്, രാവണന്‍ അഹങ്കാരത്തിന്റെയും. വാല്മീകി രാമായണത്തെ പരബ്രഹ്‌മമായി സ്വാഗതം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രപരവും സാംസ്‌കാരികവും ആത്മീയപരവുമായി ഭാരതത്തില്‍ മാത്രം ഒതുങ്ങാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാമകഥയ്‌ക്കും രാമന്റെ ആശയങ്ങള്‍ക്കും ലഭിച്ച സ്വീകാര്യതയെ അദ്ദേഹം വിശദീകരിച്ചു.
സാര്‍വത്രികമായ മൂല്യങ്ങള്‍, പ്രാദേശികവത്കരണം, സാംസ്‌കാരിക ഇടപെടലുകള്‍ തുടങ്ങി രാമകഥയ്‌ക്ക് വിവിധ സംസ്‌കാരങ്ങളില്‍ സ്വീകാര്യത ലഭിച്ചതിന് പല കാരണങ്ങളുണ്ടെന്നും , മഹത്തായ ഇതിഹാസ നായകനായും, മറ്റിടങ്ങളില്‍ നൈതിക മൂല്യങ്ങളുടെ പ്രതീകമായും രാമന്‍ അവതരിപ്പിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാമന്റെ ആഗോള സ്വീകാര്യതയെ മതപരമായ കാഴ്ചപ്പാടില്‍ മാത്രം കാണാതെ, സാഹിത്യം, സംസ്‌കാരം, കല, ചരിത്രം എന്നിവയുടെ പശ്ചാത്തലത്തില്‍ മനസിലാക്കാന്‍ കഴിയണം. ദൈവിക വ്യക്തിത്വത്തിനപ്പുറം രാമന്‍ ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നുവെന്നും രാമന്റെ ജീവിതവും ജീവിത കഥകളും അത്തരത്തില്‍ പ്രതിഫലിക്കുന്നതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















