കൊച്ചി: കേരളം രാമായണവുമായി ബന്ധമുള്ള നിരവധി പുണ്യസ്ഥാനങ്ങളുടെ കേന്ദ്രമാണെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ് നാഥ് സിംഗ്. കേരളത്തെ പരശുരാമ ക്ഷേത്രമായാണ് പുരാണങ്ങളിൽ വിശേഷിപ്പിക്കുന്നത്. ഋഷി പരശുരാമനും ഭഗവാൻ ശ്രീരാമനും ഭഗവാൻ വിഷ്ണുവിന്റെ അവതാരങ്ങളാണ്. ഈ രീതിയിൽ കേരളത്തിന് ഭഗവാൻ രാമനുമായി ആഴമേറിയതും എന്നും നിലനിൽക്കുന്നതുമായ ബന്ധമുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ജന്മഭൂമി സംഘടിപ്പിക്കുന്ന ‘വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ എക്രോസ് ഭാരത് ആന്‍ഡ് ബിയോന്‍ഡ്’ ത്രിദിന ദേശീയ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രി.
കൊല്ലത്തെ ജഡായുപാറയും പുൽപ്പള്ളി സീതാദേവി ക്ഷേത്രവും രാമായണവുമായി ബന്ധമുള്ള കേരളത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങളാണ്. കൂടാതെ കർക്കിടക മാസത്തിലെ കേരളത്തിലെ നാലമ്പല തീർത്ഥാടനം വളരെ പ്രസിദ്ധമാണ്. കർക്കിടക മാസത്തിൽ മഹാകവി എഴുത്തച്ഛന്റെ ആധ്യാത്മ രാമായണം കിളിപ്പാട്ട് കേരളത്തിലെ എല്ലാ വീടുകളിലും പാരായണം ചെയ്യുന്നുണ്ട്. രാമായണത്തിന്റെ പാരമ്പര്യത്തെ കേരളത്തിൽ കൂടുതൽ ശക്തിപ്പെടുത്തിയ പി.പരമേശ്വർജിക്കും മാധവ്ജിക്കും ഞാൻ ഈ അവസരത്തിൽ ആദരം അർപ്പിക്കുന്നു.
എല്ലാ കണികയിലും രാമനുണ്ട്. അതുപോലെ തന്നെ രാമകഥയും ഭാരതത്തിൽ മാത്രമല്ല ലോകത്തെമ്പാടും വായിക്കുകയും കേൾക്കുകയും ചെയ്യുന്നു. രാമകഥ എല്ലാ പ്രാദേശിക ഭാഷാ അതിരുകളെയും ഭേദിക്കുന്നു. രാമകഥയുടെ യാത്ര ഏഷ്യ മുഴുവൻ സഞ്ചരിക്കുന്നു. രാമായണം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗം. ഉദ്ഭവത്തിൽ പുരാതനവും പ്രസക്തിയിൽ എക്കാലത്തെയും പുതിയതും ആഴത്തിൽ മനുഷ്യത്വമുള്ളതും ആത്മാവിൽ ദിവ്യവുമാണ്. രാമനും രാമകഥയും ഏതെങ്കിലും മതത്തിലോ സമുദായത്തിലോ ഒതുങ്ങിയതല്ല. ഭഗവാൻ രാമൻ ഭാരത സംസ്ക്കാരത്തിന്റെ ഹൃദയഭാഗത്താണ്. ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദുവണ്. നാം ആരാണെന്നതിന്റെ അവിഭാജ്യ ഘടകമാണ് ഭഗവാൻ രാമൻ.
രാജസ്ഥാനിലെ മേവാത്തിൽ മുസ്ലീം യോഗികൾ രാമകഥ പാടുന്ന ഒരു പാരമ്പര്യമുണ്ട്. കേരളത്തിലെ മാപ്പിള രാമായണവും ഈ പാരമ്പര്യത്തിന്റെ മനോഹരമായ ഉദാഹരണമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
















