ന്യൂദല്‍ഹി: കോക്രോച്ച് പാര്‍ട്ടിയുടെ പാര്‍ലമെന്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷം അന്വേഷിക്കാന്‍ നിയോഗിച്ച ഉന്നതാധികാര സമിതി പുനസംഘടിപ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. സമിതിക്കെതിരെയുള്ള പരാതികളും എതിര്‍പ്പുകള്‍ക്കും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഉന്നതാധികാരസമിതിക്ക് സര്‍ക്കാരുമായി ബന്ധമുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം.
മുന്‍ വിധിയോടുകൂടിയ പ്രചാരണങ്ങള്‍ക്ക് അനുസരിച്ച് ഉന്നതാധികാര സമിതി പുനസംഘടിപ്പിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഉത്തരവില്‍ വ്യക്തമാക്കി. സമിതി അന്വേഷണം ആരംഭിച്ചിട്ടേയുള്ളൂ. ഈ ആവശ്യം വെറും അനുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്, കോടതി നിരീക്ഷിച്ചു. ഏതെങ്കിലും കക്ഷിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനല്ല ഉന്നതാധികാര സമിതി പ്രവര്‍ത്തിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ആര്‍. സുഭാഷ് റെഡ്ഡിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഉന്നതാധികാര സമിതിയെ ആഗസ്ത് 18നാണ് കോടതി രൂപീകരിച്ചത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രവിശങ്കര്‍ ഝാ, ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ശാലിന്ദര്‍ കൗര്‍, മുന്‍ സിബിഐ ഡയറക്ടര്‍ ഋഷി കുമാര്‍ ശുക്ല, മേഘാലയ മുന്‍ ഡിജിപി എല്‍.ആര്‍. ബിഷ്‌ണോയ് എന്നിവരടങ്ങുന്നതാണ് ഉന്നതാധികാരസമിതി. സീനിയര്‍ അഡ്വക്കേറ്റ് ഡോ. മോണിക്ക ഗുസൈന്‍, അഡ്വക്കേറ്റ്-ഓണ്‍-റെക്കോര്‍ഡ് സി. സോളമന്‍ എന്നിവരെ അമിക്കസ്‌ക്യൂറിയായും നിയോഗിച്ചിട്ടുണ്ട്.
പെല്ലറ്റ് തോക്കുകളുടെ ഉപയോഗം, വനിതാ പ്രതിഷേധക്കാര്‍ക്കെതിരായ അതിക്രമങ്ങളും ഉപദ്രവങ്ങളും അന്വേഷിക്കുന്നതിനൊപ്പം ഇരുവിഭാഗങ്ങളില്‍ നിന്നുണ്ടായ അക്രമങ്ങളും പൊതുമുതല്‍ നശിപ്പിക്കലും ആദ്യം പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സാക്ഷികള്‍ക്ക് രേഖകളും തെളിവുകളും രഹസ്യമായി സമര്‍പ്പിക്കുന്നതിനായി പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കണം. പ്രതിഷേധത്തില്‍ പങ്കെടുത്ത 14 വയസുള്ള പെണ്‍കുട്ടിക്കും കുടുംബത്തിനും ഉള്ള ഭീഷണി കണക്കിലെടുത്ത് കുട്ടിയുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ സംരക്ഷണം നല്‍കാന്‍ ദല്‍ഹി പോലീസിനോടും നിര്‍ദേശിച്ചിട്ടുണ്ട്.
















