പാലക്കാട്: സ്വാതന്ത്ര്യത്തിന്റെ ജീവവായുയായിരുന്ന വന്ദേമാതരം ആലപിക്കാന്‍ പോലും ചിലര്‍ തയ്യാറാവുന്നില്ലെന്നത് അപകടകരമാണെന്ന് ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി അഭിപ്രായപ്പെട്ടു. ജില്ലാ ഗണേശോത്സവ സമിതി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച നിമജ്ജന മഹാശോഭായാത്ര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഗണേശോത്സവ സമിതി പ്രസിഡന്റ് ഡി. സുദേവന്‍ അധ്യക്ഷത വഹിച്ചു.
ഹിന്ദുക്കളില്‍ തീവ്രവാദികളും ഭീകരവാദികളുമില്ല. ചിലര്‍ക്ക് വൈകിയിട്ടാണെങ്കിലും ഹിന്ദുത്വബോധം ഉണര്‍ന്നിരിക്കുന്നു. ഇനിയും ഉണര്‍ന്നില്ലെങ്കില്‍ അവരുടെ മക്കള്‍ നാളെ ചാട്ടവാറെടുത്ത് അടിച്ച് ഓര്‍മിപ്പിക്കും. ജാതിയുടെ പേരില്‍ സംഘടിക്കുന്നത് തെറ്റല്ല. പക്ഷേ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ ഹൈന്ദവര്‍ ശക്തിശാലിയായെ പറ്റൂ. ഹിന്ദുവെന്ന വൃക്ഷത്തിന്റെ ശാഖകളാണ് ജാതി. അക്കാര്യം ജാതിസംഘടനാ നേതാക്കളും ഓര്‍ക്കണം. ജനസംഖ്യയിലുണ്ടാവുന്ന അസന്തുലിതാവസ്ഥയെ ഹിന്ദുക്കള്‍ കരുതലോടെയിരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വേര് നഷ്ടപ്പെട്ട വൃക്ഷം പോലെയാവരുത് ഹിന്ദുക്കള്‍.
വിദേശത്ത് നിന്ന് ഫണ്ട് വാങ്ങി ചില പാറ്റകള്‍ രാജ്യത്തെ ബംഗ്ലാദേശും നേപ്പാളുമാക്കാനാണ് ശ്രമിച്ചത്. അവിടത്തെ ഭരണാധികാരികള്‍ പലായനം ചെയ്തതുപോലെ ഭാരതത്തിലെ ഭരണാധികാരിയും ഒളിച്ചോടുമെന്നാണ് കരുതിയതെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റി. കാണാത്ത മനുസ്മൃതിയുടെ പേരില്‍ ചില തെറ്റിദ്ധാരണകള്‍ പരത്താനും ചില രാഷ്‌ട്രീയക്കാര്‍ ശ്രമിക്കുന്നു. ലോകത്ത് പല സംസ്‌കാരങ്ങളും ഇല്ലാതായപ്പോള്‍, ഭാരതം മാത്രമാണ് അതിനെ അതിജീവിച്ചത്. ഒരു രാഷ്രടത്തെ കടന്നാക്രമിച്ച പാരമ്പര്യം ഭാരതത്തിനില്ല. സ്ത്രീക്കും പുരുഷനും ഒരുപോലെ സ്വാതന്ത്ര്യം നല്‍കിയ രാജ്യമാണിത്. വീടിനകത്ത് അടങ്ങിയൊതുങ്ങി കഴിയേണ്ടവരല്ല സ്ത്രീകളെന്നും, സമൂഹത്തില്‍ പരിവര്‍ത്തനമുണ്ടാക്കാന്‍ അവര്‍ മുന്നിട്ടിറങ്ങണമെന്നും സ്വാമിജി ആഹ്വാനം ചെയ്തു.
നേതാക്കളായ കെ. സുധീര്‍, സി. കൃഷ്ണകുമാര്‍, പ്രശാന്ത് ശിവന്‍, ജി. മധുസൂദനന്‍, സി. മധു, സി. മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള മൂന്ന് മുതല്‍ 17 അടിവരെ വലിപ്പമുള്ള 300 ഓളം ഗണേശവിഗ്രഹങ്ങളാണ് നിമജ്ജനയാത്രയില്‍ അണിനിരന്നത്. മേലാമുറിയില്‍ നിന്നാരംഭിച്ച് കല്പാത്തിപ്പുഴയിലായിരുന്നു നിമജ്ജനം.
















