Kerala

ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു; കാര്‍ഷിക സര്‍വകലാശാല ബന്ധുനിയമനത്തില്‍ കര്‍ശന നടപടി; നിയമനം റദ്ദാക്കി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയിലെ ബന്ധുനിയമന ആരോപണത്തില്‍ ശക്തമായ നടപടി. ആരോപണവിധേയമായ നിയമനം റദ്ദാക്കുകയും നിയമിതനായ വ്യക്തിയെ സര്‍വകലാശാല സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി സര്‍വകലാശാല രജിസ്ട്രാര്‍ അറിയിച്ചതായി എംപ്ലോയീസ് സംഘ് ഭാരവാഹികള്‍ അറിയിച്ചു.

നിയമനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന വൈസ് ചാന്‍സലറുടെ നിലപാടിന്റെ ഭാഗമായാണ് നടപടി. സര്‍വകലാശാലയിലെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യാതെ താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നതായും ബന്ധുനിയമനങ്ങള്‍ നടന്നതായുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.

‘ജന്മഭൂമി’ ഇതുസംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ, സര്‍വകലാശാലാ ഭരണനേതൃത്വം വിഷയത്തില്‍ ഇടപെട്ട് വസ്തുതകള്‍ പരിശോധിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തുവെന്നത് ശ്രദ്ധേയമാണ്. സര്‍വകലാശാലയുടെ ഭരണത്തില്‍ സുതാര്യതയും നിയമാനുസൃത നടപടിക്രമങ്ങളും ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന നിലപാടാണ് വൈസ് ചാന്‍സലര്‍ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി നിയമനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിച്ച് നിയമവിരുദ്ധമോ നടപടിക്രമവിരുദ്ധമോ ആയ നിയമനങ്ങള്‍ കണ്ടെത്തുന്ന പക്ഷം തുടര്‍നടപടി സ്വീകരിക്കാനുള്ള സമീപനമാണ് സര്‍വകലാശാല സ്വീകരിക്കുന്നത്.
അതേസമയം, സര്‍വകലാശാലയിലെ മറ്റു സ്ഥാപനങ്ങളിലെ നിയമനങ്ങളിലും സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കില്‍ അവയും പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കുന്നതിനുള്ള പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.