
ഹൈദരാബാദ് :ദുല്‍ഖറിന്റെ ഏറ്റവും പുതിയ തെലുഗു സിനിമയായ “ആകാശംലോ ഒക താര”യെ പ്രശംസിച്ച് സംഗീത സംവിധായകന്‍ ജി വി പ്രകാശ് കുമാർ.ചിത്രം ഗംഭീരമാണെന്ന ജി.വി. പ്രകാശ് കുമാറിന്റെ വാക്കുകള്‍ ഈ സിനിമയ്‌ക്ക് വലിയ ഹൈപ്പ് നല്‍കിയിരിക്കുന്നു.
പുതിയ രീതിയിലുള്ള കഥപറച്ചിലിനും അതുല്യമായ സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട പവൻ സാദിനേനി ഒരുക്കുന്ന ചിത്രമാണ് “ആകാശംലോ ഒക താര”. അതിനാല്‍ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മഹാനടി, സീത രാമം, ലക്കി ഭാസ്കർ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയില്‍ ശ്രദ്ധേയനായ ദുല്‍ഖർ, പ്രഭാസിന്റെ കല്‍ക്കി 2898AD എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു അതിഥി വേഷം ചെയ്തിരുന്നു. അതിന് ശേഷം ദുല്‍ഖർ അഭിനയിച്ച തെലുങ്ക് ചിത്രമാണ് “ആകാശംലോ ഒക താര”.
ചിത്രത്തിലെ നായികയായി വേഷമിട്ടിരിക്കുന്നത് പുതുമുഖം സാത്വിക വീരവല്ലിയാണ്. കമല്‍ ഹാസന്റെ മകള്‍ ശ്രുതി ഹാസനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നേരത്തെ ജൂലൈ 28 ന് ദുല്‍ഖർ സല്‍മാന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ, ജി വി പ്രകാശ് കുമാർ സംഗീതം പകർന്ന, ചിത്രത്തിലെ “കുട്ടി കുട്ടി പൂവേ” എന്ന ഗാനം വലിയ ശ്രദ്ധ നേടിയിരുന്നു.
സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന, “ആകാശംലോ ഒക താര” തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്നു.