ഷാർജ : ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുള്ള ബിൻ സാലം അൽ ഖാസ്മിയുടെ സഹോദരന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ഷാർജയിൽ ശൈഖ് അബ്ദുള്ളയുടെ കൊട്ടാരത്തിൽ നേരിട്ടെത്തിയാണ് മമ്മൂട്ടി അനുശോചനമറിയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശൈഖ് അബ്ദുള്ളയുടെ സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ സാലം ബിൻ സുൽത്താൻ അൽ ഖാസ്മി അന്തരിച്ചത്.
20 മിനിറ്റോളം മമ്മൂട്ടി കൊട്ടാരത്തിൽ ചെലവിട്ടു. ഷാർജ റൂളേഴ്‌സ് ഓഫീസ് ചെയർമാൻ ശൈഖ് സാലം ബിൻ അബ്ദുറഹിമാൻ അൽ ഖാസ്മി, ശൈഖ് അബ്ദുറഹിമാൻ ബിൻ സാലം അൽ ഖാസ്മി, ശൈഖ് ഫൈസൽ ബിൻ ഖാലിദ് അൽ ഖാസ്മി എന്നിവരെയും മമ്മൂട്ടി കണ്ടു. ആന്റോ ജോസഫ്, വി.ടി. സലീം എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.
ശൈഖ് മുഹമ്മദ് ബിൻ സാലം ബിൻ സുൽത്താൻ അൽ ഖാസ്മിയുടെ നിര്യാണത്തെത്തുടർന്ന് രാജ്യത്ത് മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.
















