കോടിക്കണക്കിന് ആരാധകർ ഏറ്റെടുത്ത ‘ജെയിലർ 2’ലെ ഡാൻസ് നമ്പറിന്റെ ആഹ്ലാദത്തിലാണ് നടി ഷംന കാസിം . ‘കുർച്ചി മടത്തപ്പട്ടി’ എന്ന പാട്ടിലെ പ്രകടനം കണ്ടാണ് ‘ജയിലറി’ന്റെ പ്രൊഡക്ഷൻ ടീം ഷംനയെ വിളിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ ആയിരുന്നു ഷൂട്ട്.
‘ ചെറുപ്പം മുതൽ ഡാൻസ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഡാൻസ് എത്ര മണിക്കൂർ ചെയ്താലും എനിക്കു മടുക്കില്ല. അതുകൊണ്ട് സ്റ്റേജ് പരിപാടികൾ എനിക്കെന്നും വലിയ സന്തോഷമാണ്. അങ്ങനെയൊരു പരിപാടി വരുമ്പോൾ ഞാൻ കൂടുതൽ ഉഷാറാകും. അടുപ്പിച്ചടുപ്പിച്ച് അത്തരം പരിപാടികൾ വന്നാലും എനിക്കു സന്തോഷമാണ് ‘ എന്നാണ് ഷംന പറയുന്നത്.
എന്റെ കരിയറിൽ ഏറ്റവും അധികം കടപ്പാടുള്ളത് എന്റെ മമ്മിയോടാണ്. മമ്മി ഇല്ലായിരുന്നെങ്കിൽ ഷംന കാസിം എന്ന ആർടിസ്റ്റ് ഉണ്ടാകുമായിരുന്നില്ല. ഞങ്ങൾ അഞ്ചു മക്കളാണ്. അതിൽ എന്നെയാണ് മമ്മി ഡാൻസ് ക്ലാസിൽ ചേർത്തത്. കണ്ണൂരിൽ നിന്ന് ഒരു മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത്. ആ സമയത്തെ എതിർപ്പുകൾ ഒന്നും വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു.
പിന്നെ ഞാൻ സിനിമയിൽ വന്നു. വിവാഹബന്ധത്തിൽ ഞാൻ എത്തുന്നത് അൽപം വൈകിയാണ്. കാരണം, ഡാൻസ് ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജീവിതം എനിക്ക് ആലോചിക്കാൻ കഴിയുമായിരുന്നില്ല. പല ആലോചനകളും വരും. അവർക്കു പക്ഷേ ഒരുപാട് നിബന്ധനകളും ഉണ്ടാകും. ഡാൻസും അഭിനയവും അങ്ങനെ എല്ലാം നിറുത്തണം എന്ന് ആവശ്യപ്പെട്ടവരുണ്ട്. അപ്പോഴൊക്കെ മമ്മിയും ഡാഡിയും എന്റെ അഭിപ്രായത്തിനൊപ്പമാണ് നിന്നത്. ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും ഡാൻസ് ഒരിക്കലും കൈവിടരുതെന്ന് മമ്മി എപ്പോഴും പറയാറുണ്ട്. ‘ എന്നും ഷംന പറയുന്നു.
















