കൊച്ചി: ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ പെണ്‍കുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാട്ടിയെന്ന് ആരോപിച്ച് തര്‍ക്കം തല്ലില്‍ കലാശിച്ചു.സംഭവത്തില്‍ 21 വിദ്യാര്‍ഥികള്‍ക്കെതിരെ തൃക്കാക്കര പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
തൃക്കാക്കര ബി എം നഗറിലെ സ്വകാര്യ ഫുട്‌ബോള്‍ ടര്‍ഫില്‍ കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.കുസാറ്റ് വിദ്യാര്‍ഥികള്‍ നടത്തിയ ടൂര്‍ണമെന്റിനിടെയാണ് ആദ്യ സംഘര്‍ഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ 14 വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.
മറ്റൊരു സംഭവത്തില്‍ കാഴ്ചപരിമിതിയുള്ള വിദ്യാര്‍ഥിയെ മര്‍ദിച്ചെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴ് വിദ്യാര്‍ഥികള്‍ക്കെതിരെ പ്രത്യേക കേസെടുത്തു. ഇരു സംഭവങ്ങളിലുമായി പ്രതികളായ 21 പേരും കുസാറ്റിലെ വിദ്യാര്‍ഥികളാണെന്ന് തൃക്കാക്കര പൊലീസ് അറിയിച്ചു. അന്വേഷണം തുടരുന്നു.
















