തൃശൂർ: കുന്നംകുളത്ത് വൻ കവർച്ച. തെക്കേപ്പുറം മക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കവർന്നു . ക്ഷേത്രത്തിലെ പ്രതിഷ്ഠയായ 15 കിലോയോളം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹവും വെള്ളിയുടെ ശംഖും ഉൾപ്പെടെയാണ് കവർന്നത്.
വെള്ളിയാഴ്ച പുലർച്ചെ ക്ഷേത്രത്തിലെ ശാന്തി അമ്പലം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ക്ഷേത്രത്തിൽ സിസിടിവി ക്യാമറ ഉണ്ടെങ്കിലും അതിന്റെ മുകളിൽ പട്ട് ചുറ്റിയ ശേഷമാണ് മോഷ്ടാവ് വിഗ്രഹം കവർന്നത്. സംഭവം അറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് എത്തി. കുന്നംകുളം പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ മക്കാലിക്കാവ് അമ്പലത്തിന് സമീപമുള്ള ഒരു കുടുംബക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. നാലുഗ്രാം തൂക്കമുള്ള ഒരു സ്വർണത്താലിയാണ് മോഷണം പോയത്. നാല് ഭണ്ഡാരങ്ങളും കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. അന്ന് അവിടെ എഴുപതിനായിരം രൂപയുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. മേഖലയിൽ രണ്ടു ദിവസമായി മോഷണം വ്യാപകമായിട്ടുണ്ട്.











