Kerala

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

എം.ജി. രാധാകൃഷ്ണന്‍
ഏഷ്യാനെറ്റ് ന്യൂസ് മുന്‍ എഡിറ്റര്‍

പ്രതിനിധീകരിക്കുന്ന മാധ്യമത്തിന്റെ വലുപ്പച്ചെറുപ്പത്തിനും നിലപാടുകള്‍ക്കും അപ്പുറം വ്യക്തിപരമായും തൊഴില്‍പരമായും പരസ്പര അംഗീകാരവും സൗഹൃദവും പുലര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ തലസ്ഥാന നഗരത്തില്‍ എന്നും ഉണ്ടായിട്ടുണ്ട്. മാധ്യമ സമൂഹത്തില്‍ നിന്ന് മാത്രമല്ല അവരുടെ മാധ്യമങ്ങളുടെ രാഷ്‌ട്രീയത്തിന്റെ എതിര്‍ ചേരികളിലെ നേതാക്കളില്‍ നിന്നും ഈ അംഗീകാരം ഇക്കൂട്ടര്‍ക്ക് ഉണ്ടായി.

രാഷ്‌ട്രീയ ബോധ്യങ്ങളിലോ മൂല്യങ്ങളിലോ വരുത്തിയ വിട്ടുവീഴ്ചകളിലൂടെ അല്ല അവര്‍ ആര്‍ജിച്ച ഈ ആദരം. നിലപാടുകളിലെ ആര്‍ജവത്തിനൊപ്പം വ്യക്തിപരമായ നന്മയും ലാളിത്യവും വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള സഹിഷ്ണുതയും മറ്റുമാണ് അവര്‍ക്ക് ലഭിച്ച മതിപ്പിന്റെ ആധാരം. ഇത്തരം മാധ്യമ പ്രവര്‍ത്തകരില്‍ മുമ്പനായിരുന്നു കെ. കുഞ്ഞിക്കണ്ണന്‍.

സിപിഎം കാരണവരായിരുന്ന മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ തലസ്ഥാനത്ത് ഏറ്റവും അടുപ്പം സൂക്ഷിച്ച ഒരു മാധ്യമ പ്രവര്‍ത്തകന്‍ ജന്മഭൂമി ലേഖകനും ബിജെപി നേതാവുമായിരുന്ന കുഞ്ഞിക്കണ്ണന്‍ ആയിരുന്നു എന്നത് വലിയ കൗതുകം ആയിരുന്നു. രണ്ട് പേരുടെയും വ്യക്തിത്വ സവിശേഷതയാണ് ആ സൗഹൃദത്തിന് പിന്നില്‍. നായനാര്‍ എന്നും മാധ്യമപ്രവര്‍ത്തകരോട് പുലര്‍ത്തിയത് സ്‌നേഹവും പരിഹാസവും ചേര്‍ന്ന ബന്ധമാണ്. അസൗകര്യപ്രദമായ ചോദ്യം ഉന്നയിക്കുന്ന പത്ര പ്രവര്‍ത്തകനോടുള്ള ”നീ ഏത് കടലാസാ?” അല്ലെങ്കില്‍ ”നീ എത് ബൂര്‍ഷ്വാ പത്രക്കാരനാ?” എന്ന നായനാരുടെ മറു ചോദ്യങ്ങള്‍ പ്രസിദ്ധമാണ്. പക്ഷേ നായനാരുടെ സ്വതസിദ്ധമായ ആ ശൈലിയില്‍ ആരും കാലുഷ്യം കണ്ടില്ല. പക്ഷേ കുഞ്ഞിക്കണ്ണനോട് ഇങ്ങനെ പ്രതികരിക്കുമ്പോഴും നായനാര്‍ക്ക് തന്റെ നാട്ടുകാരന്‍ ആണെന്ന രഹസ്യപരിഗണന അദ്ദേഹത്തോട് ഉണ്ടെന്ന് ഞങ്ങള്‍ തമാശ പറഞ്ഞിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂരില്‍ നായനാര്‍ക്കും ഇടതുപക്ഷത്തിനുമൊക്കെ ഒപ്പം പോരാടിയ യുവജനതയുടെ നേതാവും ആയിരുന്നല്ലോ കുഞ്ഞിക്കണ്ണന്‍. കണ്ണൂര്‍ക്കാരനായ കെ. കരുണാകരനും കുഞ്ഞിക്കണ്ണനോട് പ്രത്യേക അടുപ്പം സൂക്ഷിച്ചിരുന്നു. ഈ വ്യക്തിബന്ധങ്ങളൊന്നും നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ കുഞ്ഞിക്കണ്ണനെ പ്രലോഭിപ്പിച്ചില്ലെന്നത് കെ.ജി. മാരാരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ജീവചരിത്ര ഗ്രന്ഥം വിളിച്ചു പറയുന്നു.

രാജ്യത്ത് വര്‍ഗീയ ചേരിതിരിവ് രൂക്ഷമായ കാലത്തും ജന്മഭൂമിയിലെ കുഞ്ഞിക്കണ്ണന്റെയും എസ്. അനിലിന്റെയും ഒക്കെ അടുത്ത ചങ്ങാതിമാര്‍ ചന്ദ്രികയിലെ ഹസ്സനും കുഞ്ഞഹമ്മദും ആയെന്നതും നല്ല ഓര്‍മകളാണ്.

പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എന്നീ പദവികള്‍ കുഞ്ഞിക്കണ്ണന് മാധ്യമ സമൂഹത്തില്‍ നിന്ന് ലഭിച്ച അംഗീകാരത്തിന്റെ തെളിവാണ്. ഈ സ്ഥാനങ്ങളിലും കേസരി ട്രസ്റ്റ് ചെയര്‍മാനായും ഒക്കെ അദ്ദേഹം പ്രവര്‍ത്തിച്ചപ്പോള്‍ വിവിധ പരിപാടികളിലും സമരങ്ങളിലും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ലഭിച്ച അവസരങ്ങള്‍ ഓര്‍ക്കുന്നു. രാഷ്‌ട്രീയമോ മതമോ ജാതിയോ ഒന്നും പരിഗണിക്കാതെ അദ്ദേഹം കൈക്കൊണ്ട മാന്യവും സൗഹാര്‍ദ്ദ പൂര്‍ണവും വിശാലവുമായ കാഴ്ചപ്പാടുകളും മറക്കാന്‍ വയ്യ. അതിവേഗം വംശനാശം നേരിടുന്ന നന്മകളുടെ കണ്ണിയായിരുന്നു കുഞ്ഞിക്കണ്ണന്‍.

Recent Posts