നമുക്കെല്ലാം പ്രിയങ്കരനായിരുന്ന ജന്മഭൂമിയിലെ കുഞ്ഞിക്കണ്ണന്‍ വിട്ടുപിരിഞ്ഞ് ഒരാഴ്ച കടന്നുപോകുന്നു. ആ വാര്‍ത്ത എന്റെ മകന്‍ അറിയിച്ചപ്പോള്‍ മുതല്‍ എന്തെങ്കിലും അദ്ദേഹത്തെക്കുറിച്ച് എഴുതണമെന്ന് വിചാരിച്ചു. പക്ഷേ പ്രായാധിക്യം കൊണ്ടാവാം കൈ വേണ്ടവിധം സഹകരിക്കാന്‍ കൂട്ടാക്കിയില്ല. പറഞ്ഞുകൊടുത്താല്‍ എഴുതാമെന്ന് മകന്‍ പറഞ്ഞിരുന്നെങ്കിലും അത് ശീലിക്കാത്തതിനാല്‍ പ്രയാസമായി. പരമേശ്വര്‍ജി മുന്‍പ് അങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ജന്മഭൂമിയില്‍ വന്ന് അവിടുത്തെ ടൈപ്പിസ്റ്റ് സേവനം അദ്ദേഹം ഉപയോഗിക്കുമായിരുന്നു.
കുഞ്ഞിക്കണ്ണനെ 1960 കളുടെ അവസാനത്തിലാണ് ആദ്യം കാണുന്നത്. അന്ന് ഭാരതീയ ജനസംഘത്തിന്റെ ഉത്തരമേഖല സംഘടന കാര്യദര്‍ശിയായിരുന്നു ഞാന്‍. കെ.ജി. മാരാരും ഒന്നിച്ച് കണ്ണൂര്‍ ജില്ലയിലെ പുതിയ പ്രവര്‍ത്തകരുമായി പരിചയപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് അദ്ദേഹം കുഞ്ഞിക്കണ്ണനെ പരിചയപ്പെടുത്തിയത്. അന്ന് അദ്ദേഹം സ്‌കൂള്‍ പഠിപ്പ് കഴിഞ്ഞിട്ടില്ല. കണ്ണൂരിന്റെ കിഴക്കന്‍ മലയോരത്തുള്ള ഇരിക്കൂര്‍ എന്ന അംശത്തിലാണ് വീട്. അവിടെ അടുത്ത് ഇരിട്ടിയിലെ കീഴൂരില്‍ ഉണ്ടായിരുന്ന സംഘ ശാഖയില്‍ പോകാറുണ്ടെന്ന് മാരാര്‍ജി പറഞ്ഞു. സ്‌കൂള്‍ പഠിപ്പ് കഴിഞ്ഞ് പഠനം തുടരാന്‍ സാമ്പത്തിക പരാധീനത സമ്മതിക്കുമായിരുന്നില്ല.
ആ പ്രദേശത്തെ പ്രധാന തൊഴില്‍ കൊരട്ട (കശുവണ്ടി) പെറുക്കല്‍ ആയിരുന്നു. പ്രദേശം മുഴുവന്‍ കശുമാവിന്‍ തോട്ടങ്ങളാണ്. സ്ഥലം ഒക്കെ കല്ല്യാട്ട് താഴത്ത് വീട്, കീഴൂരിടം മുതലായ നാടുവാഴി കുടുംബങ്ങളുടേതാണ്. ലോകത്തിലെ ഏറ്റവും മികച്ച കശുവണ്ടി വിളയുന്ന സ്ഥലങ്ങള്‍ ആണത്രേ അവിടം. കശുമാമ്പഴമാകട്ടെ ഏറ്റവും വീര്യം കൂടിയ വാറ്റു മദ്യം തയ്യാറാക്കാന്‍ പറ്റുന്നതും. സീസണാകുമ്പോള്‍ കൊല്ലത്തും മംഗലാപുരത്തും ഉള്ള കശുവണ്ടി വ്യവസായിമാരുടെ ഏജന്റുമാര്‍ അവിടെ ക്യാമ്പ് ചെയ്തു കശുവണ്ടി ശേഖരണം നടത്തി വന്നു. കശുമാമ്പഴച്ചാര്‍ എടുത്ത് വാറ്റുന്നത് കുടില്‍ വ്യവസായം പോലെ നടക്കുമായിരുന്നു.
കുഞ്ഞിക്കണ്ണനെ പരിചയപ്പെട്ട ശേഷം ഒരിക്കല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. പെരുവളത്ത് പറമ്പ് സ്‌കൂളിന് സമീപമുള്ള വീട്ടില്‍ ചെന്ന് അവിടെനിന്ന് ഭക്ഷണം കഴിച്ച് വരാന്തയില്‍ മന്തിരി (പുല്ലു പായ)വിരിച്ചു കിടന്നു. അദ്ദേഹത്തിന്റെ അച്ഛനും ചേട്ടനും സഖാക്കള്‍ ആയിരുന്നെങ്കിലും സംഘപ്രചാരകന്‍ ചെന്നത് അവര്‍ക്ക് സഹിക്കാതെ നിവൃത്തിയില്ലായിരുന്നു. മാര്‍ക്‌സ്, ലെനിന്‍, സ്റ്റാലിന്‍, എകെജി തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഭിത്തിയില്‍ ഉണ്ട്. സന്ധ്യക്ക് നിലവിളക്ക് കൊളുത്തിയതിന്റെ ലക്ഷണവും കണ്ടു. പറശ്ശിനിക്കടവ് മുത്തപ്പന്റെ ചിത്രം ഭിത്തിയില്‍ ഉണ്ട് എന്ന് പറയേണ്ടതില്ല. കാരണം അത് ഇല്ലാത്ത ഒരു ഹിന്ദു വീട് വടക്കേ മലബാറില്‍ ഉണ്ടാവില്ല.
പിറ്റേന്ന് അവിടെ നിന്നും ഏതാണ്ട് 12 കി.മീ നടന്ന് സി.കെ. പത്മനാഭന്റെ വീട്ടില്‍ പോകാന്‍ തയ്യാറായി. വഴിയില്‍ മാമാനിക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ തൊഴുതു. വളരെ ഭക്തജനങ്ങള്‍ സമ്മേളിക്കുന്ന ക്ഷേത്രം ആയിരുന്നു അക്കാലത്ത് അത്. അങ്ങനെ രണ്ടു മൂന്നു മണിക്കൂറുകള്‍ കൊണ്ടാണ് ഇരിക്കൂറിനടുത്ത് എത്തിയത്. ഒന്നിലേറെ പുഴകള്‍ സമ്മേളിക്കുന്ന സ്ഥലമാണ് ഇരിക്കൂര്‍. കോട്ടൂര്‍ പുഴയുടെ ഒന്നാമത്തെ പാലം കഴിഞ്ഞാണ് സി കെയുടെ വീട്. അവിടെ ഏതാനും സ്വയംസേവകര്‍ ഞങ്ങളെ കാത്തു നിന്നിരുന്നു. സി കെയുടെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം പനി ബാധിച്ചു കിടപ്പാണ്. അനുജനും വീട്ടിലെ മറ്റുള്ളവരും ഞങ്ങളെ സ്വീകരിച്ചു. കുഞ്ഞിക്കണ്ണന്‍ അപ്പോള്‍ തന്നെ മടങ്ങണമെന്ന് നിര്‍ബന്ധത്തില്‍ ആയിരുന്നു. സി കെ സ്‌കൂള്‍ പഠിപ്പ് കഴിഞ്ഞ് തളിപ്പറമ്പില്‍ ടൈപ്പ് റൈറ്റിംഗും ഷോട്ട് ഹാന്‍ഡും പഠിക്കാന്‍ പോകുമായിരുന്നു. അവിടെ തളിപ്പറമ്പ് കണ്ണേട്ടനെ പരിചയപ്പെട്ട് സംഘവുമായി അടുത്തു. സി കെയ്‌ക്ക് പനി ആയതിനാല്‍ എന്റെ താമസവും വാസവും ഒക്കെ അയല്‍വാസിയായ ഒരു മാസ്റ്ററുടെ വീട്ടിലാക്കി. പപ്പന്റെ അനുജന്‍ എന്നെ അവിടെ എത്തിച്ചപ്പോള്‍ അതീവ ആഹ്ലാദം അനുഭവപ്പെട്ടു. കാരണം ഭാസ്‌കരന്‍ മാസ്റ്റര്‍ എനിക്ക് വര്‍ഷങ്ങള്‍ക്കു മുമ്പ് പരിചയമുള്ള ആളായിരുന്നു. ഞാന്‍ 1965 കാലത്ത് കോട്ടയം ജില്ലാ പ്രചാരകനായിരുന്നപ്പോള്‍ പാലായിക്കടുത്ത് മീനച്ചില്‍ എന്ന സ്ഥലത്ത് വച്ച് പരിചയപ്പെട്ട ആളായിരുന്നു അദ്ദേഹം. കേരളത്തിലെ ആദ്യകാല പ്രചാരകന്മാരില്‍പ്പെട്ട രാമചന്ദ്രന്‍ കര്‍ത്താവിന്റെ അതേ കുടുംബത്തിലുള്ളയാള്‍. അങ്ങനെ ഒരു സന്തോഷവസരം യാദൃശ്ചികമായി ഉണ്ടായി. മാസ്റ്ററും പത്‌നിയുമായി മണിക്കൂറുകള്‍ സംസാരിച്ച ശേഷം മാത്രമേ ഉറക്കം വന്നുള്ളൂ. രാവിലെ ആറുമണിക്ക് തളിപ്പറമ്പിലേക്കുള്ള ബസ്സില്‍ പോകാന്‍ തക്കവിധം പുറപ്പെട്ടു. വളപട്ടണം പുഴ ശരിക്കും ആ പേരില്‍ അറിയുന്നത് അവിടെ മുതലാണ്. അവിടുത്തെ കോട്ടൂര്‍ പാലം സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാലങ്ങളില്‍ പെടും.
കണ്ണൂരില്‍ വച്ച് നടത്താനിരുന്ന ജനസംഘം സംസ്ഥാന സമ്മേളനത്തിന്റെ തയ്യാറെടുപ്പിന് മുന്നോടിയായിട്ടാണ് ഈ യാത്രകള്‍ ഒക്കെ നടത്തിയത്. ആ സമ്മേളനത്തിന്റെ വിജയത്തിന് മുഖ്യശില്പികള്‍ ആയിരുന്നത് കുഞ്ഞിക്കണ്ണനും കെ.ജി.മാരാരും തന്നെയായിരുന്നു.
കുഞ്ഞിക്കണ്ണനെ കുറിച്ച് സംഘപഥത്തിലൂടെ എന്ന പംക്തിയില്‍ നാലോ അഞ്ചോ തവണ എഴുതിയിരുന്നു. അതില്‍നിന്ന് വ്യത്യസ്തമായ എന്തെങ്കിലും ഓര്‍മ്മകള്‍ ചികഞ്ഞ് എടുക്കുക എന്നതായിരുന്നു പ്രയാസകരമായ കാര്യം. എഴുത്തു നിര്‍ത്തിയിട്ട് ഏതാണ്ട് ഒരു വര്‍ഷം ആകുന്നു. ജന്മഭൂമി ജീവിതത്തിന് മുന്‍പും പിന്‍പും ഇത്രയധികം അടുപ്പമുള്ള ഒരാളെ കുറിച്ച് എഴുതാതിരുന്നാല്‍ ഭംഗിയാവില്ലെന്ന് തോന്നി.
















