എണ്‍പതുകളുടെ മധ്യത്തില്‍ ജന്മഭൂമി വാര്‍ത്തകളുടെ ബൈലൈനിലൂടെയാണ് കെ. കുഞ്ഞിക്കണ്ണന്‍ എന്ന പേര് കാണുന്നത്. 1991ല്‍ പാലായില്‍ നടന്ന സാഹിത്യസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ ഫോണിലൂടെ വിളിച്ചു പറഞ്ഞ ശബ്ദമായാണ് പരിചയപ്പെടുന്നത്. അന്ന് ഫോണിന്റെ മറുവശത്തുണ്ടായിരുന്ന ശബ്ദം പിന്നീട് ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും പരിചിതമായി. ജന്മഭൂമിയില്‍ പ്രവേശിച്ച ദിവസം കൊച്ചി ഓഫീസിലെ ന്യൂസ് എഡിറ്ററുടെ മുറിയില്‍ നേരില്‍ കണ്ട നിമിഷവും ഓര്‍മ്മയിലുണ്ട്. ക്രമേണ പരിചയം കൂടുതല്‍ ആഴത്തിലായി. അത് ബന്ധത്തെ ഊഷ്മളമാക്കി. അദ്ദേഹം എനിക്ക് മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല; ജ്യേഷ്ഠസഹോദരനുമായിരുന്നു.
കുഞ്ഞിക്കണ്ണേട്ടന്റെ മാധ്യമജീവിതത്തിലെ ചരിത്രമായ പല സംഭവങ്ങള്‍ക്കും സാക്ഷിയും പങ്കാളിയുമാകാന്‍ കഴിഞ്ഞത് എന്റെ മാധ്യമജീവിതത്തിലെ അഭിമാനമാണ്. മറക്കാനാകാത്ത ഒന്നാണ് ശിവഗിരി സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്ത. ശിവഗിരിയില്‍ അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉണ്ടായി. പിന്നീട് പോലീസ് നടപടിയിലേക്കും കോടതി വ്യവഹാരത്തിലേക്കും വരെ നീങ്ങി. ഹൈക്കോടതി വിധി സ്വാമി പ്രകാശാനന്ദ പക്ഷത്തിന് അനുകൂലമായി. അതിനെതിരെ സ്വാമി ശാശ്വതീകാനന്ദ പക്ഷം പ്രതിഷേധം ഉയര്‍ത്തി. ശിവഗിരി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പ്രതിഷേധ ജാഥ നടന്നു.
ഇതിന്റെ ഭാഗമായി നടന്ന പൊതുയോഗങ്ങളില്‍, വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നു. പച്ചയായ ജാതീയ പരാമര്‍ശങ്ങളിലൂടെ ന്യായാധിപനെ ആക്ഷേപിക്കുന്നതിലേക്കും കാര്യങ്ങളെത്തി. തിരുവനന്തപുരത്തെ പ്രതിഷേധ പരിപാടിയുടെ സമാപനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. കെ.എ. ബാഹുലേയന്‍ നടത്തിയ പ്രസംഗം കുഞ്ഞിക്കണ്ണന്‍ ചേട്ടന്‍ കേള്‍ക്കാനിടയായി.
അന്ന് തിരുവനന്തപുരത്ത് ജന്മഭൂമി ഈവനിങ്‌ഡെയിലി ശക്തമായ സാന്നിധ്യമായിരുന്നു. വിശ്വാസ്യതയും വാര്‍ത്തകളുടെ കൃത്യതയും കാരണം വാര്‍ത്തകള്‍ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. ശിവഗിരി ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതിഷേധ വാര്‍ത്തകള്‍ പ്രഭാതപത്രങ്ങള്‍ കാര്യമായി നല്‍കിയിരുന്നില്ല. ഉച്ചയായപ്പോള്‍ കുഞ്ഞിക്കണ്ണന്‍ ചേട്ടന്‍ ഓഫീസിലെത്തി.’തലേന്ന് ഞാന്‍ കേട്ട പ്രസംഗം നമുക്ക് കൊടുക്കാം.’
പ്രസംഗത്തില്‍ ജഡ്ജിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ അദ്ദേഹം വിശദീകരിച്ചു. വാര്‍ത്ത തയ്യാറാക്കേണ്ട ചുമതല എനിക്ക് വന്നു.
ഞാന്‍ ചോദിച്ചു:
‘ചേട്ടാ, കേസൊക്കെ വരാന്‍ സാധ്യതയില്ലേ?’
കുഞ്ഞിക്കണ്ണന്‍ ചേട്ടന്റെ മറുപടി ഇന്നും മനസ്സിലുണ്ട്: ‘കേസ് വരട്ടെ. വെറുതെ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം? ഇങ്ങനെയൊക്കെ വല്ലതും ചെയ്തിട്ടേ കാര്യമുള്ളൂ.’ ആത്മവിശ്വാസത്തോടെയായിരുന്നു അദ്ദേഹം വാര്‍ത്ത നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. പ്രസംഗത്തില്‍ ജഡ്ജിക്കെതിരെ നടത്തിയ വിവാദപരാമര്‍ശങ്ങള്‍ ഏതാണ്ട് അതേപടി വാര്‍ത്തയില്‍ ഉള്‍പ്പെടുത്തി.
വാര്‍ത്ത പ്രസിദ്ധീകരിച്ചു. വൈകാതെ നിയമപരമായ പ്രത്യാഘാതമുണ്ടായി. ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിയിലേക്ക് നീങ്ങി. അഡ്വ. കെ. എ. ബാഹുലേയന്‍ ഒന്നാം പ്രതിയായി. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ പി.പി. മുകുന്ദന്‍, എഡിറ്റര്‍ കുമ്മനം രാജശേഖരന്‍, ലേഖകന്‍ കെ. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവരും കൂട്ടു പ്രതികളായി. പ്രസംഗിച്ചതിന് സമാനമായ കുറ്റമാണ് പ്രസിദ്ധീകരണത്തിനും ചുമത്തപ്പെട്ടത്. ജന്മഭൂമി ക്ഷമാപണം നടത്തിയാല്‍ കേസില്‍നിന്ന് ഒഴിവാകാനുള്ള സാധ്യതയുണ്ടെന്ന് അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു. കുഞ്ഞിക്കണ്ണന്‍ ചേട്ടന്‍ അതിന് തയ്യാറായില്ല.
‘ക്ഷമ പറയേണ്ടതില്ല. നമ്മള്‍ ബോധപൂര്‍വം തന്നെയാണ് ഈ വാര്‍ത്ത കൊടുത്തത്. ഇത്രയും ഗുരുതരമായ പ്രചാരണം നടക്കുമ്പോള്‍ ആരും അത് ശ്രദ്ധിക്കാത്ത സാഹചര്യത്തില്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് വാര്‍ത്ത നല്‍കിയത്. ജഡ്ജിയെ കളിയാക്കാനോ അപമാനിക്കാനോ വേണ്ടിയല്ല.’ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമായിരുന്നു.
അവസാനം കോടതിക്ക് ആ നിലപാട് ബോധ്യപ്പെട്ടു. കേസില്‍ അഡ്വ. കെ. എ. ബാഹുലേയന് ആറുമാസത്തെ തടവു വിധിച്ചു. മറ്റു മൂന്നു പേരെ വെറുതെവിട്ടു. ഒരു പത്രവാര്‍ത്തയെ ആധാരമാക്കി കോടതിയലക്ഷ്യ നടപടിയുണ്ടാവുകയും പ്രസംഗകനായ ഒരാള്‍ക്ക് ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്ത സംഭവം മാധ്യമചരിത്രത്തിലെ അസാധാരണ അധ്യായമായി.
എനിക്ക് ആ സംഭവത്തിന്റെ ഏറ്റവും വലിയ ഓര്‍മ്മ കോടതി വിധിയോ ശിക്ഷയോ അല്ല.കേസ് വരട്ടെ എന്ന് പറഞ്ഞുകൊണ്ട് വാര്‍ത്ത നല്‍കാന്‍ ധൈര്യം കാണിച്ച മാധ്യമപ്രവര്‍ത്തകനാണ് ഓര്‍മയില്‍.
കുഞ്ഞിക്കണ്ണന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും അടയാളപ്പെടുത്തിയ മറ്റൊരു അധ്യായമാണ് ‘കെ.ജി. മാരാര്‍: രാഷ്‌ട്രീയത്തിലെ സ്നേഹസാഗരം’ എന്ന പുസ്തകം. അതില്‍, ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും രാഷ്‌ട്രീയരംഗത്ത് വലിയ പ്രതികരണങ്ങള്‍ക്ക് വഴിവെച്ചതുമായ അധ്യായമായിരുന്നു ‘കോണ്‍ഗ്രസും ലീഗും ബിജെപിയും തമ്മിലുള്ള സഖ്യം’. അന്നത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളെക്കുറിച്ച് തുറന്നും സത്യസന്ധമായും പറയുന്ന ആ അധ്യായം സ്വാഭാവികമായും വലിയ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഓരോ രാഷ്‌ട്രീയ പാര്‍ട്ടിയും അവരവരുടെ രീതിയില്‍ അതിനെ വ്യാഖ്യാനിച്ചു. ഇങ്ങനെ തുറന്നുപറയേണ്ടിയിരുന്നോ എന്ന ചോദ്യം പല കോണുകളില്‍നിന്നുയര്‍ന്നു.
ആ പുസ്തകം കൈയിലെടുക്കുമ്പോഴെല്ലാം ‘ഇത് എന്റെ കൂടി പുസ്തകമാണ്’ എന്നൊരു വികാരം എനിക്കുണ്ടാകും. കാരണം അതിന്റെ രൂപപ്പെടലിന്റെ ചെറിയ ഭാഗത്ത് എന്റെയും കൈയൊപ്പ് ഉണ്ടായിരുന്നു. ആ പുസ്തകം തയ്യാറാക്കുന്ന ഘട്ടത്തില്‍ ആവശ്യമായ ചില രേഖകളും വിവരങ്ങളും കണ്ടെത്തിക്കൊടുക്കാന്‍ എനിക്ക് കഴിഞ്ഞു. പഴയ പത്രക്കട്ടിങ്ങുകള്‍, വിവിധ ലേഖനങ്ങളുടെ പകര്‍പ്പുകള്‍, വാര്‍ത്തകളുടെ കോപ്പികള്‍, ഫോട്ടോകള്‍ തുടങ്ങിയവ ശേഖരിച്ച് നല്‍കുന്നതില്‍ ഞാന്‍ പങ്കാളിയായി. എന്നാല്‍ പുസ്തകത്തിന്റെ കാര്യത്തില്‍ എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞുനില്‍ക്കുന്നത് അതിന്റെ കവര്‍ സംബന്ധിച്ച അനുഭവമാണ്.
കെ. ജി. മാരാരുടെ നല്ലൊരു ഫോട്ടോ കണ്ടെത്തുക എന്നതായിരുന്നു വലിയ വെല്ലുവിളി. പല ചിത്രങ്ങളും പരിശോധിച്ചെങ്കിലും പുസ്തകത്തിന്റെ മുഖചിത്രമാക്കാന്‍ അനുയോജ്യമായൊരു ചിത്രം കണ്ടെത്താന്‍ കവര്‍ രൂപകല്‍പ്പന ചെയ്ത ആര്‍ട്ടിസ്റ്റ് പി. ആര്‍. രാജേന്ദ്രന് കഴിഞ്ഞില്ല. മാരാര്‍ജി മരിച്ചപ്പോള്‍ കേരളശബ്ദം കവര്‍പേജായി നല്‍കിയ ചിത്രം നല്ലതാണെന്ന് ഞാന്‍ പറഞ്ഞു. എല്ലാവരും അത് സമ്മതിച്ചു. കോട്ടയത്തെ എന്റെ വീട്ടില്‍ ആ മാസിക ഉണ്ടെന്ന് പറഞ്ഞു. കുഞ്ഞിക്കണ്ണന്‍ ചേട്ടന്റെ നിര്‍ദ്ദേശപ്രകാരം അന്നുതന്നെ കൊച്ചിയില്‍നിന്ന് കോട്ടയത്തേക്ക് പോയി മാസിക എടുത്തുകൊണ്ടുവന്നു. അതിലെ ചിത്രം ഉപയോഗിച്ച് കവര്‍ പുനഃരൂപകല്‍പ്പന ചെയ്തു. ആ ചിത്രം പുസ്തകത്തിന്റെ മുഖചിത്രമായി. പുസ്തകം വിവാദമായപ്പോള്‍ അതേക്കുറിച്ച് നിലപാട് അറിയാന്‍ അന്നത്തെ ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരകനെ കാണാന്‍ കുഞ്ഞിക്കണ്ണന്‍ ചേട്ടന്‍ പോയപ്പോള്‍ എന്നെയും കൂടെ കൂട്ടിയത് എനിക്ക് വലിയൊരു അംഗീകാരമായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിപരമായ വിശ്വാസത്തിന്റെ വലയത്തിലേക്ക് എന്നെ കൂടി ഉള്‍പ്പെടുത്തി. ഇതൊരു പുസ്തകത്തിന്റെ കഥ മാത്രമല്ല. ഒരു കാലഘട്ടത്തിന്റെ രാഷ്‌ട്രീയവും മാധ്യമപ്രവര്‍ത്തനവും വ്യക്തിബന്ധങ്ങളും ഒത്തുചേരുന്ന ഓര്‍മ്മ കൂടിയാണ്.
കുഞ്ഞിക്കണ്ണേട്ടന്റെ മാധ്യമജീവിതത്തിലെ മറ്റൊരു പ്രധാന അധ്യായമായിരുന്നു മാറാട് സമാധാന ചര്‍ച്ചകള്‍. മാറാടില്‍ ഹിന്ദുക്കള്‍ക്കെതിരെ നടന്ന കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ കേരളമാകെ രോഷം അണപൊട്ടി. സ്ഥിതി കൈവിട്ടുപോകുമെന്ന ആശങ്ക അന്നത്തെ എ.കെ. ആന്റണി സര്‍ക്കാരിനുമുണ്ടായി. സമാധാന ചര്‍ച്ചകള്‍ക്കു ശ്രമം ആരംഭിച്ചു. സര്‍ക്കാരും ഹിന്ദു സംഘടനകളും മുസ്ലിം സംഘടനകളും തമ്മില്‍ ആശയവിനിമയത്തിനുള്ള വഴി തുറന്നു. ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ കുഞ്ഞിക്കണ്ണന്‍ ചേട്ടന് നിര്‍ണായക പങ്കുണ്ടായിരുന്നു.
മുഖ്യമന്ത്രി എ.കെ. ആന്റണിയും മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും കെ. ശങ്കരനാരായണനും ബിജെപി. സംഘടനാ സെക്രട്ടറി പി. പി. മുകുന്ദനും മറ്റും കുഞ്ഞിക്കണ്ണന്‍ ചേട്ടനെ വിളിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് കാണാനും കേള്‍ക്കാനും അവസരം ലഭിച്ചിട്ടുണ്ട്. അന്നത്തെ രാഷ്‌ട്രീയ സാഹചര്യത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധങ്ങളുടെയും സ്വീകാര്യതയുടെയും തെളിവായിരുന്നു അത്. മധ്യസ്ഥനായി ഒരാള്‍ വേണമെന്ന നിര്‍ദ്ദേശം വന്നപ്പോള്‍ കുമ്മനം രാജശേഖരനാണ് ഗാന്ധിയന്‍ പി. ഗോപിനാഥപിള്ളയുടെ പേര് നിര്‍ദ്ദേശിച്ചത്.
കോഴിക്കോട്ടെ ആദ്യ ചര്‍ച്ച ധാരണയിലെത്തിയില്ല. തിരുവനന്തപുരത്ത് വീണ്ടും ചര്‍ച്ച. ഒടുവില്‍ സമാധാനത്തിലേക്ക് വഴി തുറന്നു.
ചര്‍ച്ചകളിലെ ഇടപെടലുകളും ചര്‍ച്ചയില്‍ ഓരോരുത്തരും സ്വീകരിച്ച നിലപാടുകളും അദ്ദേഹം എന്നോട് പറയുമായിരുന്നു. അത് വെറുമൊരു വിവരം പങ്കിടലായിരുന്നില്ല. എന്നോടുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ അടയാളമായിരുന്നു.ആ വിശ്വാസത്തെ ഞാന്‍ എന്നും വിലമതിച്ചു. ചേട്ടന്‍ പങ്കുവെച്ച കാര്യങ്ങളുടെ ഗൗരവവും സ്വകാര്യതയും മനസ്സിലാക്കി അവ സൂക്ഷിച്ചു.
കഴിഞ്ഞ ദിവസം അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ബോധം മറയും മുമ്പ് മകള്‍ പ്രകുലയോട് അദ്ദേഹം പറഞ്ഞത്, ‘ശ്രീകുമാറിനോട് പറയണം…’ എന്നായിരുന്നു. ആ വാക്കുകള്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. മകന്റെയോ സഹോദരന്റെയോ സ്ഥാനത്താണ് ചേട്ടന്‍ എന്നെ കണ്ടിരുന്നതെന്ന തിരിച്ചറിവ്, ഈ വേര്‍പാടിന്റെ വേദനയ്‌ക്കിടയിലും എനിക്ക് ലഭിച്ച ഏറ്റവും വലിയ സ്നേഹബഹുമതിയാണ്.
















