
കൊച്ചി: സംസ്ഥാനത്തെ ഉപഭോക്തൃ ഫോറങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ 229 തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അഭിഭാഷകന്‍ ജെ സൂര്യ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയും സി കെ മിത്രന്‍ സമര്‍പ്പിച്ച അനുബന്ധ ഹര്‍ജിയും പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ആവശ്യമായ സാമ്പത്തിക അനുമതി നാല് ആഴ്ചയ്‌ക്കുള്ളില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവണ്‍മെന്റ് പ്ലീഡര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കൂടുതല്‍ വാദത്തിനായി ഹര്‍ജി ഒക്ടോബര്‍ 7-ലേക്ക് മാറ്റി.
മജിസ്ട്രേറ്റ്, സെഷന്‍സ് കോടതികളില്‍ കോടതി ഡ്യൂട്ടികള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് ഉപഭോക്തൃ കമ്മീഷനുകളില്‍ അധിക ഡ്യൂട്ടി നല്‍കാമെന്ന സംസ്ഥാനത്തിന്റെ നിലപാട് കോടതി ആഗസ്റ്റ് 5 ന് രേഖപ്പെടുത്തിയിരുന്നു.