കൊച്ചി : ശബരിമല മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി ഹൈക്കോടതി നിയമിച്ചു. തിരഞ്ഞെടുപ്പിലെ സുതാര്യത ഉറപ്പാക്കാന്‍ കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി.
ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് റിട്ട ജഡ്ജിയെ കോടതി നിരീക്ഷകനായി നിയമിച്ചത്. നറുക്കെടുപ്പ് നടക്കുമ്പോള്‍ ജസ്റ്റിസ് അരുണ്‍ ശബരിമലയില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
മേല്‍ശാന്തി നിയമനത്തിനായി ഈ വര്‍ഷം ശബരിമലയിലേക്ക് 48 ഉം മാളികപ്പുറത്തേക്ക് 30 ഉം അപേക്ഷകളാണ് പരിഗണിച്ചത്. വിജിലന്‍സ് അന്വേഷണത്തിന് ശേഷം ശബരിമലയിലേക്ക് അഞ്ച് പേരെയും മാളികപ്പുറത്തേക്ക് മൂന്ന് പേരെയും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് അഭിമുഖത്തിന് ശുപാര്‍ശ ചെയ്തു. അഭിമുഖത്തിന് ശേഷം ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെവരില്‍ നിന്ന് ശ്രീകോവിലിന് മുന്നില്‍ നടത്തുന്ന നറുക്കെടുപ്പിലൂടെ മേല്‍ശാന്തിമാരെ നിശ്ചയിക്കുന്നതാണ് രീതി. ഈ പ്രക്രിയ ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കോടതി നിരീക്ഷകനെ നിയോഗിച്ചത്.
















