തിരുവനന്തപുരം : മുഹമ്മദ് റിയാസിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും വിദേശത്തേക്ക് കടത്തിയിട്ടില്ലെന്നും സുഹൃത്ത് ഹസൻ വാരിസ് . തന്റെ പേരിലുള്ള മൊഴി തെറ്റാണെന്ന് കാണിച്ച് വാരിസ് ഇ.ഡി ഡയറക്ടർക്ക് കത്തയച്ചിട്ടുണ്ട്.
2024-25 കാലയളവിൽ മന്ത്രിയായിരുന്ന പി.എ മുഹമ്മദ് റിയാസ് 20.5 കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ഇ.ഡി വ്യക്തമാക്കിയിരുന്നത്. ഈ പണം സിഎംആർഎല്ലിൽ നിന്നല്ല ലഭിച്ചതെന്നും കമ്പനി സ്ഥാപിക്കാനായി പണം ദുബൈയിലേക്ക് കടത്തിയെന്നാണ് മൊഴിയെന്നും ഇ.ഡി വ്യക്തമാക്കുന്നു. എന്നാൽ ഈ മൊഴി തെറ്റാണെന്നും തന്നെക്കൊണ്ട് നിർബന്ധിച്ച് പറയിപ്പിച്ചതാണെന്നുമാണ് വാരിസ് ആരോപിക്കുന്നത്.
മകളെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപെടുത്തിയപ്പോൾ മൊഴി നൽകിയെന്നാണ് വാരിസ് പറയുന്നത് . മുഹമ്മദ് റിയാസിൽ നിന്ന് പണം വാങ്ങി വിദേശത്തേക്ക് കടത്തിയെന്ന മൊഴിയിൽ തന്നെക്കൊണ്ട് നിർബന്ധിച്ച് ഒപ്പിടിപ്പിച്ചുവെന്നുമാണ് വാരിസ് ആരോപിക്കുന്നത്. സിഎംആർഎൽ പണമിടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് മന്ത്രിയായിരുന്ന ഘട്ടത്തിൽ മുഹമ്മദ് റിയാസ് അനധികൃതമായി പണം കൈപ്പറ്റിയെന്ന വിവരങ്ങൾ ലഭിച്ചതെന്നായിരുന്നു ഇ.ഡി റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
സുഹൃത്തുക്കളും പാർട്ടി നേതാക്കളുമായ നിഖിൽ, ഫൈജാസ് തുടങ്ങിയവരുടെ അക്കൗണ്ടുകൾ വഴിയാണ് പണം വിദേശത്തേക്ക് കടത്തിയത്. ദുബായിൽ കമ്പനി സ്ഥാപിക്കാനും കച്ചവടം നടത്താനും ഉപയോഗിച്ചതെന്നും ഇ.ഡി റിപ്പോർട്ടിൽ പറയുന്നു.















