ആരാണ് ശ്രീകൃഷ്ണനെന്ന് ശുകബ്രഹ്മര്‍ഷി പരീക്ഷിത്തിനു പറഞ്ഞുകൊടുക്കുന്നുണ്ട്. ‘ശ്രീകൃഷ്ണനെന്നറിയപ്പെടുന്ന ആദിപുരുഷനെ ഞാന്‍ നമസ്‌ക്കരിക്കുന്നു. ആദിപുരുഷന്‍ എന്നാല്‍ പരബ്രഹ്മം അഥവാ പരമാത്മാവ്. കൃഷ്ണന്‍ എന്നത് ഒരു നാമം മാത്രം. മനോമാലിന്യങ്ങളെ ഇല്ലാതാക്കുകയും എല്ലാവരേയും ആകര്‍ഷിക്കു കയും അവരുടെ ദുഃഖനിവൃത്തി വരുത്തുകയും ചെയ്യുന്ന തമ്പുരാനാണ് ഭക്തര്‍ക്ക് ശ്രീകൃഷ്ണഭഗവാന്‍.”
മുരളീകൃഷ്ണന്‍
എന്നാല്‍ ഭക്തര്‍ ഏറെ ഇഷ്ടപ്പെടുന്നത് അമ്പാടിയില്‍ ഓടിക്കളിച്ച്, വൃന്ദാവനത്തില്‍ ലീലകളാടിയ ഉണ്ണിക്കണ്ണനെയാണ്. കാലിക്കോലേന്തിയ ഗോപാലകനും മുരളീഗാനം പൊഴിക്കുന്ന മുരളീകൃഷ്ണനുമാണ് വൃന്ദാവനവാസികളുടെ മനം കവരുന്നത്. കാട്ടിലെ മുളംതണ്ട് കുഴലാക്കി അതില്‍ കിഴുത്തകളിട്ട് ഭഗവാന്റെ ചൈതന്യം അതിലേക്ക് സന്നിവേശിപ്പിച്ച് കഴിയുമ്പോള്‍ മനോഹരമായ വേണുഗീതം മുഴങ്ങുകയായി. അതുകേള്‍ക്കുന്ന ഗോപഗോപികമാരും നാല്ക്കാലികള്‍പോലും ആ നാദത്തില്‍ ആകൃഷ്ടരായിത്തീരുന്നു.വാസ്തവത്തില്‍ നമ്മുടെ ഈ ശരീരവും പാഴ്മുളംതണ്ടുപോലെ അസ്ഥി-രക്ത-മാംസാദികളായ പാഴ്‌വസ്തുക്കളാല്‍ ഉണ്ടാക്കപ്പെട്ടതല്ലേ! നവദ്വാരങ്ങളുള്ള ഈ ശരീരത്തിലൂടെ ഈശ്വരചൈതന്യം സദാനിറയ്‌ക്കപ്പെടുകയാണ്. ആ ശക്തിവിശേഷം ഒഴുകുമ്പോള്‍ മാത്രമാണ് ഈ ശരീരവും ആകര്‍ഷകമാകുന്നത്. ജീവാത്മ-പരമാത്മ ഐക്യം അതാണ് മുരളീകൃഷ്ണഭാവം. അതില്‍നിന്നു മുരളി മാറ്റിയാലോ ഭഗവാന്‍ മുരളീകൃഷ്ണനല്ലാതെയാകും.
ഭാഗവതത്തില്‍ ശബ്ദബ്രഹ്മരൂപിയായ വേണുവിനെ ‘സര്‍വ്വ ഭൂത മനോഹരം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സര്‍വ്വ പ്രാണികളുടെയും ചിത്തത്തെ ആകര്‍ഷിക്കുന്നതാണ് ഭഗവാന്റെ വേണുഗാനം. അദ്ധ്യാത്മഭാവത്തില്‍ നോക്കുമ്പോള്‍ ലോകത്തുള്ള സകല ശബ്ദങ്ങളും ഭഗവാന്റെ വേണുവിന്റെ ശബ്ദമാണെന്നറിയാം.
ഗീതാഞ്ജലിയില്‍ കവി രവീന്ദ്രനാഥ ടാഗോര്‍ ഇപ്രകാരം പറയുന്നു. ‘ഭഗവാനെ. അവിടുത്തെ ലീല എന്തൊരത്ഭുതം. ഈ പൊള്ളയായ മുരളിപോലുള്ള എന്റെ ഈ ശരീരത്തെ നീ നിന്റെ ശ്വാസംകൊണ്ട് നിറയ്‌ക്കുകയും ഒഴുക്കുകയും ചെയ്യുന്നു. ഇതാവര്‍ത്തിക്കുന്ന ഓരോ സമയത്തും അവിടുത്തെ ശ്വാസം ഇതില്‍ പുതിയ പ്രാണനെ നിറയ്‌ക്കുന്നു. നിന്റെ വിരലുകളുടെ നിത്യസ്പന്ദനംകൊണ്ട് എന്റെ ചെറിയ ഹൃദയം ആനന്ദനൃത്തം ചെയ്യുകയും ഈ അനുഭൂതി ഒരിക്കലും മറക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ഒരുശരത്കാല രാത്രിയില്‍ ചന്ദ്രിക നിറഞ്ഞുനില്ക്കുന്ന മനോജ്ഞമായ വൃന്ദാവനഭംഗി ആസ്വദിച്ചുകൊണ്ട് കൃഷ്ണന്‍ തന്റെ മുരളിയെടുത്ത് മധുരതരമായി കളവേണുനിസ്വനം മുഴക്കി. കൃഷ്ണന്റെ മുരളീഗാനം ശ്രവിച്ച ഗോപികമാര്‍ ആ ബ്രഹ്മശബ്ദത്തിലാകൃഷ്ടരായി അവരവര്‍ ചെയ്തിരുന്ന ഗൃഹജോലികളെല്ലാം മറന്ന് ഭഗവാന്റെ സന്നിധിയിലേക്ക് ഓടിയണഞ്ഞു. വീടിനുള്ളില്‍ കുടുങ്ങിപ്പോയിരുന്ന ചിലര്‍ പുറത്തുകടക്കാന്‍ കഴിയാതെ കണ്ണുകളടച്ച് കൃഷ്ണനെമാത്രം മനസ്സില്‍ കണ്ടുകൊണ്ടിരുന്നു ധ്യാനിച്ചു. പരമാത്മാവില്‍ ചിത്തം സമര്‍പ്പിക്കപ്പെട്ട ആ നിമിഷം അവര്‍ ആ പരമാത്മാവോടൊത്ത് ആനന്ദനൃത്തമാടി.
















