ന്യൂദല്‍ഹി: തുടര്‍ച്ചയായി ആറുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കാന്‍ കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കി. റേഷന്‍ സാധനങ്ങള്‍ക്കല്ലാതെ മറ്റ് ആനുകൂല്യങ്ങള്‍ക്കായി റേഷന്‍ കാര്‍ഡ് കൈവശം വയ്‌ക്കുന്നതു തടയുകയും റേഷന്‍ അര്‍ഹരായവര്‍ക്ക് കൈമാറുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാര്‍ പലവട്ടം സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും കാര്യമായ നടപടികള്‍ കൈക്കൊണ്ടിട്ടില്ല. ഇത്തരം കാര്‍ഡുടമകളെ ഒഴിവാക്കിയാല്‍ സംസ്ഥാനങ്ങള്‍ക്കുള്ള റേഷന്‍ വിഹിതം കുറയുമെന്ന ആശങ്കയും സംസ്ഥാനങ്ങളെ കടുത്ത നടപടികളില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നുണ്ട്. കേരളത്തില്‍ പ്രതിമാസം ശരാശരി 15 ശതമാനത്തോളം പേര്‍ റേഷന്‍ വാങ്ങുന്നില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്ക്.















